ശശി തരൂരിന്‍റെ തിളക്കമേറിയ പരാജയം വിജയത്തിന്‍റെ ശോഭകെടുത്തിയെങ്കിലും ഖാർഗെ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്‍റ്

Print Friendly, PDF & Email

135 വര്‍ഷത്തെ പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിന്‍റെ തിളക്കമേറിയ പരാജയം; വിജയത്തിന്‍റെ ശോഭകെടുത്തിയെങ്കിലും ഖാർഗെ കോണ്‍ഗ്രസ്സിന്‍റെ 98-)oമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ശശി തരൂര്‍ തിരികൊളുത്തിയ ആവേശ തെരഞ്ഞെടുപ്പിൽ 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെക്ക് വിജയിച്ചത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി ശശി തരൂർ സന്ദർശിച്ചു. ഞാൻ എന്‍റെ ഭാവി ഓർത്തല്ല മത്സരിച്ചതെന്നും പാർട്ടിയുടേയും രാജ്യത്തിന്‍റെയും ഭാവിക്കായാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ രാഷ്ട്രീയ ഭാവി ഓർത്ത് ആശങ്കയില്ലെന്ന് ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കൾഎല്ലാം തന്നെ ഖാർഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പറഞ്ഞ് തരൂർ, തന്റെ പരാതികളെ ക്രിക്കറ്റിനോടാണ് ഉപമിച്ചത്. ടേണും പിച്ചും ഉള്ള ഫീൽഡാണെങ്കിലും ബാറ്റ് ചെയ്യണമെന്നും ബോൾ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നും തരൂർ പ്രതികരിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, കോൺഗ്രസില്‍ തള്ളിക്കളയാനാകാത്ത മുഖമായി മാറുകയാണ് ശശി തരൂ‍ർ. വെറുമൊരു നടപടി മാത്രമായി ചുരുങ്ങേണ്ട കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ രാജ്യത്ത് അങ്ങോളമിങ്ങോളം സജീവമാക്കിയത് തരൂര്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി തന്നെയാണെന്നത് തർക്കമില്ലാത്ത വിഷയമാണ്. ശശി തരൂര്‍ ഉയര്‍ത്തി വിട്ട ഈ തരഗം മരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് കുറച്ചൊന്നുമല്ല ഊര്‍ജ്ജം നല്‍കിയത്. രാഹുല്‍ ഗന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്തിന്‍റെ തെരുവുകളില്‍ ചലനം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ശശിതരൂരിന്‍റെ മത്സരം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അകത്തളങ്ങളെ സജീവമാക്കിയിരിക്കുകയാണ്.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു മുന്‍പും ശേഷവും എന്ന തരത്തിലായിരിക്കും ശശി തരൂരിന്‍റെ രാഷ്ട്രീയ ജിവിതം ഇനി അടയാളപ്പെടുത്തുക. പാർട്ടിയുടെ പതിവ് രീതികളോട് എതിർപ്പുള്ള വലിയൊരു വിഭാഗം പ്രവർത്തകരുടെയും അനുഭാവികളുടെയും പിന്തുണ തരൂരിനുണ്ടെന്ന് ഇതിനോടകം വ്യക്തമായി. അതിൽ ഏറെയും യുവാക്കളുടെ നിരയാണ്. മുന്‍ കേന്ദ്രമന്ത്രിയായ എംപിയില്‍ നിന്നും തള്ളിക്കളയാനാകാത്ത ഉറച്ച കാഴ്ചപ്പാടും നിലപാടുമുള്ള കോൺഗ്രസ് നേതാവായാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള തരൂർ നേതൃത്ത്വത്തിന് മുന്നിലെത്തുന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവാക്കൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ഉയർന്ന തരൂർ തരംഗം ഹൈക്കമാന്‍ഡിനോട് പലതും പറയുന്നുണ്ട്. അതിനാല്‍ അധ്യക്ഷ തെരഞ്ഞെടുപ്പോടെ ചരിത്രത്തിൽ ഇടം നേടിയ തരൂരിനെ കൂടി ഉള്‍ക്കൊണ്ട് മുന്‍പോട്ട് പോകാനാകും ഇനി ഗാന്ധി കുടുംബത്തിന്‍റെ ശ്രമം.