ലോക്‍ ഡൗണിലെ താരം ജ്യോതികുമാരി. വെളിവാക്കപ്പെട്ടത് ദുരിതങ്ങളുടെ നേര്‍ചിത്രം
ഈ ലോക്‍ഡൗണ്‍ കാലത്തെ താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ബീഹാര്‍ ദർബാംഗ സ്വദേശിനി ജ്യോതികുമാരി എന്ന പതിനാറ് വയസുകാരി. അവള്‍ ഇന്ന് ലോകം മുഴുവനും അറിയപ്പെടുന്നത് സൈക്കിള്‍ ഗേളായിട്ടാണ്. അതേസമയത്തു തന്നെ ഈ ലോക്‍ഡൗണ്‍ കാലം ഇന്ത്യയിലെ ദരിദ്രരായ ജനകോടികള്‍ക്കു സമ്മാനിച്ച കൊടിയ ദുരിതത്തിന്‍റെ നേര്‍ ചിത്രവുമായി മാറിയിരിക്കുകയാണ് ഈ 16കാരി. ജ്യോതികുമാരി രാജ്യത്തെ അറിയപ്പെടുന്ന സൈക്കളിസ്റ്റൊന്നുമല്ല. ദീര്‍ഘദൂരം സൈക്കിള്‍ ചവുട്ടി അവള്‍ക്ക് പരിചയവുമില്ല. പക്ഷെ, ലോക്‍ഡൗണ്‍ നല്‍കിയ ദുരിതത്തില്‍ നിന്നു രക്ഷപെടുവാനായി പരുക്കേറ്റ് നടക്കുവാന്‍ കഴിയാത്ത തന്‍റെ പിതാവിനേയും വഹിച്ച് ജ്യോതി കുമാരി തന്‍റെ ഗ്രാമത്തിലേക്ക് സൈക്കിള്‍ ചവുട്ടിയത് 1200ലേറെ കിലോമീറ്ററുകളാണ്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദർബാംഗയിലെ തന്‍റെ ഗ്രാമമായ സിര്‍ഹുള്ളി വരെ.
ഗുരുഗ്രാമില്‍ ചെറിയ പണികള്‍ ചെയ്തും ഭിക്ഷയെടുത്തും ജീവിക്കുകയായിരുന്നു ജ്യോതികുമാരിയും പിതാവ് മോഹന്‍ പസ്വാനും. അതിനിടയിലാണ് മോഹന്‍ പസ്വാന്‍ അപകടത്തില്‍ പെട്ട് നടക്കുവാന്‍ പറ്റാതായത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്‍ഡൗണ്‍. വരുമാനം നിലച്ചതോടെ വീട്ടുടമ അവരെ പുറത്താക്കുകയും ചെയ്തു. പിന്നെ ജ്യോതി കുമാരിയുടെ മുന്പില്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. സ്വന്തം ഗ്രമത്തിലേക്ക് പുറപ്പെടുക. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. കൈയ്യില്‍ സ്വരുക്കൂട്ടി വച്ചിരുന്ന പണം കൊണ്ട് ഒരു സൈക്കിള്‍ വാങ്ങി. തന്‍റെ പിതാവിനെ കാരിയറില്‍ വഹിച്ച് അവള്‍ ചവുട്ടി… തന്‍റെ ഗ്രാമത്തിലേക്ക്. വഴിയില്‍ ആരെങ്കിലും കൊടുക്കുന്ന ഭക്ഷണവും വഴിയോര നീര്‍ച്ചാലുകളിലെ പച്ചവെള്ളവും കുടിച്ച് 1200ലേറെ കിലോമീറ്ററുകളാണ് ഒരാഴ്ചകൊണ്ട് അവള്‍ താണ്ടിയത്. അതിജീവനത്തിന്‍റെ ഒരു പുതിയ കഥ അവള്‍ അങ്ങനെ എഴുതിചേര്‍ത്തു.
അതിജീവനത്തിന്‍റെ ഈ പുതിയ വീരഗാഥ പുറത്തു വന്നതോടെ അഭിനന്ദനത്തിന്‍റെ കുത്തൊഴുക്കാണ് ജ്യോതികുമാരിക്കു ലഭിക്കുന്നത്. സൈക്കളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെര്‍മാന്‍ ഓങ്ഗര്‍ സിങ് ജ്യോതികുമാരിയെ ഏറ്റെടുത്ത് സൈക്കളിങ്ങിലുള്ള അവളുടെ കഴിവിനെ പരിപോഷിപ്പിക്കും എന്ന് പറഞ്ഞു കഴിഞ്ഞു ഇപ്പോള്‍ സ്വന്തം ഗ്രാമത്തില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന ജ്യോതികുമാരിയെ ലോക്‍ഡൗണില്‍ ഇളവു വരുന്നതോടെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്ന് പരിശീലനം നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
സാക്ഷാല്‍ ട്രംന്പിന്‍റെ മകള്‍ ഇവാന്‍ക ട്രംന്പ് ജ്യോതികുമാരിയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതോടെ ലോകം മുഴുവനും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ജ്യോതികുമാരിയുടെ സാഹിസികത. പ്രമുഖരുള്‍പ്പെടെ ലോകം മുഴുവനും നിരവധി പേര്‍ പിന്തുടരുന്ന ഒന്നാണ് ഇവാന്‍കയുടെ ട്വീറ്റുകള്‍. അതോടെ ലോകത്തിന്‍റെ മുന്പില്‍ ഇന്ത്യയിലെ ലോക്‍ഡൗണും അതിന്‍റെ പേരില്‍ ദരിദ്രര്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ നടത്തുന്ന പാലായനങ്ങളും എല്ലാം വീണ്ടും ചര്‍ച്ചയായിരിക്കുന്നു. ഇതോടെ തകര്‍ന്നു വീഴുന്നത് പി.ആര്‍ ഏജന്‍സികളെ വച്ച് മോദി സര്‍ക്കാര്‍ ലോക രാജ്യങ്ങളുടെ മുന്പില്‍ കെട്ടിപൊക്കിയ ഇമേജു കൂടിയാണ്.