കത്തിപടരുന്ന കോവിഡ്-19…  ഇരുട്ടില്‍ തപ്പി കേന്ദ്ര സര്‍ക്കാര്‍… ദുരിതപര്‍വ്വം താണ്ടി ജനകോടികള്‍…

Print Friendly, PDF & Email

രാജ്യത്ത് കൊവിഡ് അതിവേഗം പടരുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം പോലും നല്‍കാതെ കേന്ദ്ര സര്‍ക്കാരിനു കഴിയുന്നില്ല. രോഗം എപ്പോള്‍ കുറയും എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു സൂചന പോലും നല്‍കുവാന്‍ പോലും നീതി ആയോഗിനോ കേന്ദ്ര ആരോഗ്യ വകുപ്പിനോ കഴിയുന്നില്ല. രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നതോടെ കോവിഡിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ക്കായി മാദ്ധ്യമങ്ങള്‍ അടക്കം ആശ്രയിച്ചിരുന്ന പതിവു വാര്‍ത്താ സമ്മേളനവും മുന്നറിയിപ്പില്ലാതെ നിര്‍ത്തി. നേരത്തെ രണ്ട് തവണ കൊവിഡ് കണക്ക് പുറത്ത് വിട്ടിരുന്നത് ഇപ്പോള്‍ ഒറ്റത്തവണയാക്കി വെട്ടിച്ചുരുക്കിയിരിക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യവകുപ്പ്. എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവച്ച് തടിതപ്പുവാന്‍ ശ്രമികയാണ് കേന്ദ്ര സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നെങ്കിലും രോഗബാധ പിടിച്ചുനിര്‍ത്തുന്നതിനെ സംബന്ധിച്ച വ്യക്തമായ ഒരു പദ്ധതിയും ആസൂത്രണം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടും രോഗനിര്‍ണ്ണയ ഫലം വളരെ വൈകിയാണ് പുറത്ത് വരുന്നത്. രാജ്യത്തിന് ആവശ്യമായ റാപ്പിഡ് ടെസ്റ്റിങ്ങ് കിറ്റുകള്‍ പോലും സംഭരിക്കുവാന്‍ കേന്ദ്ര ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല എന്നുവേണം ഇതില്‍ നിന്ന് കരുതുവാന്‍. കോവിഡ് അടുത്ത ഘട്ടത്തില്‍ എങ്ങനെ എന്നതിനെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും മന്ത്രാലയo ഇപ്പോള്‍ നിശ്ശബ്ദമാണ്. രാജ്യത്ത് ഇപ്പോള്‍ പ്രതിദിനം നടക്കുന്ന കോവിഡ് ടെസ്റ്റ് ലോകശരാശരിയേക്കാള്‍ വളരെ കുറവാണ്. രോഗവ്യാപന പ്രതിരോധത്തിന് ടെസ്റ്റുകളുടെ എണ്ണം കൂട്ടുക എന്നതു മാത്രമേ പരിഹാരമുള്ളൂ എന്നിരിക്കെ ടെസ്റ്റുകളുടെ എണ്ണം കുറച്ച് രോഗബാധിതരുടെ എണ്ണം പരമാവധി കുറച്ചു കാണിക്കുന്ന തിരക്കിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് എന്നുവേണം കരുതുവാന്‍. ഈ കൈവിട്ട കളി എത്രകാലം ഇങ്ങനെ തുടരുവാന്‍ കഴിയും….? എത്രകാലം ഇങ്ങനെ മറച്ചുവെക്കാന്‍ കഴിയും…??  ഇന്നത്തെ നില തുടര്‍ന്നാല്‍ ജൂണ്‍ – ജൂലൈ മാസമാകുന്നതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പു നല്‍കി കഴിഞ്ഞു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ ദിവസവും മാദ്ധ്യമങ്ങളുമായി നടത്തി വന്നിരുന്ന കൂടിക്കാഴ്ച മെയ് 11 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് 16 ഓടെ രോഗബാധിതര്‍ ഇല്ലാതാകുമെന്ന് പ്രവചനം നടത്തിയ നീതി ആയോഗും പിന്നീട് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. പ്രമുഖ എപിഡമോളജിസ്റ്റും ഐ.സി.എം.ആര്‍ ഡപ്യൂട്ടി ഡയറക്ടറുമായ ഡോ. രാമന്‍ ഗംഗാഖേദ്കറുടെ പത്ര സമ്മേളനവും ആദ്യഘട്ടത്തില്‍ നടത്തിയ പത്ര സമ്മേളനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോയില്ല. ഏപ്രില്‍ 21 വരെയാണ് ഇദ്ദേഹം എല്ലാ ദിവസങ്ങളും മാദ്ധ്യമങ്ങളെ കണ്ടത്. കോവിഡ് ടെസ്റ്റ്, വാക്‌സിന്‍, വൈറസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ക്ക് ആധികാരികമായി മറുപടി നല്‍കിയ വിദഗ്ദ്ധനായിരുന്നു ഡോ. ഗംഗാഖേദ്കര്‍. അതേസമയം, വാര്‍ത്താ സമ്മേളനങ്ങള്‍ ഇല്ലെങ്കിലും മരണം, രോഗമുക്തി, പോസിറ്റീവ് കേസുകള്‍ എന്നിവയെ കുറിച്ചുള്ള വിരങ്ങള്‍ എല്ലാ ദിവസവും രാവിലെ എട്ടിന് ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നുണ്ട്. വിവരങ്ങള്‍ അറിയാം എന്നല്ലാതെ കോവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ സംശയനിവാരണമോ ഇതിനാല്‍ സാദ്ധ്യമല്ല.

മെയ് ഏഴു മുതല്‍ 3200ലേറെ കോവിഡ് കേസുകളാണ് ഓരോ ദിവസവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മെയ് 11 ന് ശേഷം ഇത് 3500ലേറെയായി. മെയ് 17 മുതല്‍ 20 വരെ അത് അയ്യായിരത്തിന് അടുത്തതെത്തി. പ്രതിദിന രോഗബാധ അയ്യായിരത്തില്‍ നിന്ന് ആറായിരത്തിലേക്ക് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6088 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണിത്. രോഗവ്യാപനം ഈ വിധമെങ്കില്‍ ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം രോഗികളെങ്കിലും രാജ്യത്തുണ്ടായേക്കാം. രോഗബാധ കൂടുന്നതോടെ കേന്ദ്രത്തില്‍ വലിയ ആശയക്കുഴപ്പം ദൃശ്യമാണ്. കൃത്യമായ വിശദീകരണം നല്‍കാത്ത ആരോഗ്യമന്ത്രാലയം ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്ത് ഇന്ത്യയില്‍ രോഗബാധ, മരണ നിരക്കുകള്‍ കുറവാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. 1184447 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3583 പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത് എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തല്‍.

കോവിഡ്-19നെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെടുന്നതിന്‍റെ ചിത്രമാണ് ദിനം പ്രതി തെളിഞ്ഞുവരുന്നത്. ജനുവരി 30ന് രാജ്യത്ത് ആദ്യ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അതു പരിഗണക്കാതെ സംസ്ഥാന ഭരണകൂടങ്ങള്‍ അട്ടിമറിക്കുന്നതിന്‍റേയും നമസ്തേ ട്രംപ് സംഘടിപ്പിക്കുന്നതിന്‍റേയും തിരക്കിലായിരുന്നു കേന്ദ്ര ഭരണകൂടം. അതല്ലാം അവസാനിപ്പിച്ച് കോവിഡ് വ്യാപനത്തെപറ്റി ചിന്തിക്കുവാന്‍ തുടങ്ങിയപ്പോഴേക്കും രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ അഞ്ഞൂറു കടന്നു. അപകടം മണത്ത കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 24ന് നിങ്ങള്‍ എവിടെയാണോ അവിടെതന്നെ തുടരുക എന്ന ആഹ്വാനം നടത്തി ജനങ്ങളെ തടവിലാക്കി. രാജ്യം മുഴുവനും അടച്ചുപൂട്ടി. രാജ്യത്ത് വെറും 500ല്‍പരം രോഗികള്‍ മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍ “നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ നില്‍ക്കുക” എന്നു പറഞ്ഞ് ജനങ്ങളെ തടവിലാക്കി രോഗവ്യാപനം അതിന്‍റെ തീവ്രതയിലേക്ക് എത്തിയപ്പോള്‍ അവരെ തുറന്നുവിട്ട് രോഗവ്യാപനത്തിന്‍റെ വ്യാപ്തി ഇരട്ടിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ വീണ്ടുവിചാരമില്ലാത്ത ഈ നടപടി നോട്ടുനിരോധനം പോലേയും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നടപ്പിലാക്കിയ ജിഎസ് ടി പോലേയും മറ്റൊരു ആനമണ്ടത്തരമായി മാറിയിരിക്കുകയാണ്. ഇതിന്‍റെ എല്ലാം ദുരന്തം അനുഭവിക്കുന്നത് ദരിദ്രജനകോടികളും. ജനങ്ങളെ അവരുടെ കൂടണയുവാന്‍ അവസരം കൊടുത്തിട്ട് ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു കുഴപ്പം…?.  രാജ്യത്തെ ദരിദ്രരായ ജനകോടികളെ പറ്റി ഒട്ടുംആകുലതയില്ലാത്ത ഒരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത് എന്ന് ഒരിക്കല്‍ തെളിയിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍.

ജീവിക്കുവാന്‍ നിര്‍വ്വാഹമില്ലാതെ പട്ടിണിയിലായ ജനലക്ഷങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് കുഞ്ഞുകുട്ടി പരാധീനതകളുമായി റെയില്‍വേ ട്രക്കിലൂടേയും പൊതു നിരത്തുകളിലൂടേയും കാല്‍നടയായും മറ്റുംതാണ്ടുന്ന പാലായനത്തിന്‍റെ കാഴ്ചകളാണ് രാജ്യം തുടര്‍ന്ന് കണ്ടത്. നൂറുകണക്കിനു ആളുകള്‍ ആ കൂട്ടപാലായനത്തിനിടക്ക് തെരുവില്‍ മരിച്ചു വീണു. ആദ്യത്തെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം രണ്ടു മാസത്തോളം കാലം കിട്ടിയിട്ടും രോഗപ്രതിരോധത്തിനായി ഒന്നും ചെയ്യാതിരുന്നിട്ട് വെളിപാട് കിട്ടിയെന്നവണ്ണം മാര്‍ച്ച് 24 അര്‍ദ്ധരാത്രിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ രാജ്യം മുഴുവനും അടച്ചുപൂട്ടിയിട്ടിട്ട്; കോവിഡിനെ പ്രതിരോധിക്കുവാനുള്ള തയ്യാറെടുപ്പു നടത്തി രാജ്യത്തെ രക്ഷിക്കുവാനായി ആണ് ഈ അടച്ചുപൂട്ടല്‍ എന്ന സര്‍ക്കാര്‍ വ്യാഖാനം വിശ്വസിക്കുവാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 20ലക്ഷം കടന്നേനെ എന്നു പറഞ്ഞ് സ്വയം ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പക്ഷെ ആ അക്കങ്ങളിലെത്താന്‍ ഉള്ള കാലാവധി രണ്ടു മാസത്തേക്ക് മാറ്റി വക്കുവാന്‍ മാത്രമേ ഇതുകൊണ്ടു കഴിഞ്ഞുള്ളൂ എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് ഏറ്റവും വലിയ ട്രാജഡി.

വിളക്കുതെളിച്ചും പാട്ടകൊട്ടിയും രാജ്യം മുഴുവനും പുഷ്പര്‍ച്ചനടത്തിയും പുരോഗമിച്ച ലോക്‍ഡൗണില്‍ നിന്ന് പുറത്തുകടക്കുവാനുള്ള ബദാപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുപക്ഷെ മെയ് 30നോടെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്‍ഡൗണ്‍ അവസാനിച്ചിക്കാം. എന്നാല്‍ അപ്പോഴേക്കും രാജ്യം അടച്ചുപൂട്ടപ്പെട്ടിട്ട് 68 ദിവസങ്ങള്‍ കഴിയും. രാജ്യത്തെ നിര്‍‍ദ്ദനരായ ജനകോടികളെ കൊടിയ ദുരിതത്തിലാക്കിയ, രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥയെ മുച്ചൂടും മുടിച്ച ഈ ലോക്‍ഡൗണ്‍ കാലവും – കൊറോണ രോഗവും – കേന്ദ്ര സര്‍ക്കാരിനെ സംമ്പന്ധിച്ചിടത്തോളം ‘ഉര്‍വ്വശീ ശാപം ഉപകാരം’മായി തീര്‍ന്നിരിക്കുകയാണ്. നോട്ടുനിരോധനം നിലവില്‍ വന്ന 2016 നവംബര്‍ 8 ലെ അഭിശപ്ത രാത്രിയില്‍ ആരംഭിച്ച രാജ്യത്തെ സമ്പത് വ്യവസ്തയുടെ തകര്‍ച്ച, സര്‍ക്കാരിന്‍റെ തുടര്‍ന്നുള്ള കെടുകാര്യസ്ഥത കൊണ്ട് തകര്‍ന്നു തരപ്പണമായി തീര്‍ന്ന സാഹചര്യത്തിലായിരുന്നു ‘നോവല്‍ കൊറോണ’യുടെ രംഗപ്രവേശം. ഇതോടെ എല്ലാം കൊറോണയുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതോടൊപ്പം ദരിദ്രരെ കുത്തിപ്പിഴിഞ്ഞാണങ്കിലും കോര്‍പ്പറേറ്റുകളെ ശാക്തീകരിക്കുക തുടങ്ങിയ മോദി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കുവാനുള്ള അവസരമായും ഇതിനെ ഉപയോഗപ്പെടുത്തുന്നു. അതിനായി രാജ്യത്ത് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളിലെ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത തൊഴിലവകാശങ്ങളെല്ലാം റദ്ദാക്കപ്പെടുന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് വിറ്റ് കൈകഴുകുന്നു. അതോടൊപ്പം രാജ്യം മുഴുവനും കത്തിപടര്‍ന്ന പൗരത്വബില്ലിനെതിരെയുള്ള ജനവികാരവും പ്രതിക്ഷേധങ്ങളും കെട്ടടങ്ങി. എല്ലാം കൊറോണയുടെ മറവില്‍.

ഇതിനിടയില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുവാനായി കുറേ പൊടിക്കൈകളുമായി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദേശീയ വരുമാനത്തിന്റെ 10% ഉത്തേജക പാക്കേജ് വരുമെന്നാണ് അവകാശവാദം. 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് . എങ്ങനെ ഹരിച്ചും ഗുണിച്ചും കൂട്ടിയാലും ഒരു ലക്ഷം കോടി രൂപ പോലും നേരിട്ട് ജനങ്ങളുടെ കൈകളിൽ പണമായി എത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൻധൻ അക്കൗണ്ടിൽ 500 രൂപ വെച്ച് മൂന്നുമാസം നൽകുമെന്ന് ലോക്ഡൗൺ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. പിന്നെ പ്രധാനമന്ത്രി സമ്മാൻ പദ്ധതിയിലൂടെ കൃഷിക്കാർക്കുള്ള 2000 രൂപയും സൗജന്യറേഷനും. അവിടെ തീരുന്നു നേരിട്ടുള്ള സഹായം. യഥാർത്ഥ സ്റ്റിമുലസ് പാക്കേജ് ദേശീയ വരുമാനത്തിന്റെ 1 ശതമാനം മാത്രമേ വരൂ എന്നാണ് രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. [ചില പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തലുകള്‍:  Nomura – 0.9%, BofA – 1.1%, UBS – 1.2%, Deutsche Bank – 1.1%, Morgan Stanley – 0.7%, Motilal Oswal – 1.2%, Elara – 1.0%, Edelweiss – 0.9%, Jefferies – 1.0%, Phillip Capital – 0.8%, HSBC – 1.0%, CARE Ratings – 1.3%, Kotak – 1.0%, Citi Bank – 1.0%.]

ധനകാര്യ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ ചെറുകിട സംരംഭങ്ങൾക്ക് ഏതാണ്ട് നാലുലക്ഷം കോടി രൂപയും കൃഷിക്കാർക്ക് മൂന്നുലക്ഷം കോടി രൂപയും പല ഇനങ്ങളിലായി വായ്പ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ബാങ്കുകൾ കനിയണം. എന്നാല്‍ ബാങ്കുകള്‍ കനിയില്ല എന്ന് മോദി സര്‍ക്കാര്‍ കെട്ടിഘോഷിച്ചുകൊണ്ടിരിക്കുന്ന മുദ്ര ലോണ്‍ സ്കീം തന്നെ തെളിയിച്ചതാണ്. ചെറുകിട ഉപഭോക്താക്കള്‍ക്ക് എങ്ങനെ ലോണ്‍ കൊടുക്കാതിരിക്കാം എന്നാണ് രാജ്യത്തെ ബാങ്കുകള്‍ നോക്കുന്നത്. പ്രതിസന്ധിക്കാലത്ത് അനിശ്ചിതത്വം വളരെ കൂടുതലാണ്. ഏത് ഇടപാടുകാരനാണ് ഇനി പൊളിയുക എന്ന് ബാങ്കുകൾക്കറിയില്ല. അതിനാല്‍ തന്നെ ഒരു റിസ്ക് എടുക്കുവാന്‍ ബാങ്കകള്‍ തയ്യാറാവുകയുമില്ല. അതിനു തെളിവാണ് ബാങ്കുകളുടെ ക്രയവിക്രിയ ശേഷി വര്‍ദ്ധിപ്പിക്കുവാനായി റിസര്‍വ്വ് ബാങ്കിന്‍റെ നടപടികള്‍ക്ക് ശേഷമുണ്ടായ പരിണാമം. കര്‍ഷകര്‍ക്കും എംഎസ്എംഇ സംരഭങ്ങള്‍ക്കും ലോണ്‍ കൊടക്കുവാനായി ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ പണം അവർ റിസർവ് ബാങ്കിൽത്തന്നെ തിരികെ നിക്ഷേപിക്കുകയാണ് ചെയ്തത്. ആ നിക്ഷേപത്തിൽനിന്ന് നല്ലൊരുഭാഗം കേന്ദ്രസർക്കാർ തന്നെ റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംരംഭകർക്കു തിരിച്ച്  നൽകണം. എന്നാലേ ഫലമുള്ളൂ. കൃഷിക്കാരുടെയും സംരംഭകരുടെയും നിലവിലുള്ള വായ്പയ്ക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയം കാലയിളവിലെ പലിശ പോലും എഴിതിതള്ളുവാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ ഇതിനൊട്ടു തയ്യാറാവുകയുമില്ല. ഫലത്തിൽ, നോട്ടു നിരോധനവും ആസൂത്രണമില്ലാത്ത ജിഎസ് ടി നടപ്പിലാക്കലും മൂലം തകർന്ന കര്‍ഷകര്‍ക്കും ചെറുകിട സംരംഭകർക്കും കോവിഡ് സ്തംഭനം അടുത്ത ഇരുട്ടടിയാവുകയാണ്.

എന്നാല്‍ പതിവുപോലെ ഉത്തേജക പാക്കേജ് ലോട്ടറിയായി തീര്‍ന്നിരിക്കുന്നത് രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്കാണ്. മുന്‍പ് ഒന്നരലക്ഷം കോടി രൂപ നികുതിയിളവാണ് കോർപ്പറേറ്റുകൾക്ക് നൽകിയത്. അതിനും മുന്പ് അവരുടെ ലക്ഷക്കണക്കിനു കോടികളുടെ ബാങ്ക് വായ്പ എഴുതിതള്ളുകയും കൂടി ചെയ്തു. ഇപ്പോഴിതാ, മഹാവ്യാധിയുടെ മറവിൽ ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങള്‍ ഓരോന്നോരോന്നായി കോർപ്പറേറ്റുകൾക്ക് കൈമാറികൊണ്ടിരിക്കുന്നു. ആറ്റമിക് എനർജി, ബഹിരാകാശം, റെയിൽവേ, പ്രതിരോധം, ഖനനം എന്നു തുടങ്ങി എല്ലാ മേഖലകളും സ്വകാര്യ സംരംഭകർക്കു ഇനി യാതൊരു ശങ്കയുമില്ലാതെ കടന്നു വരാം. കൽക്കരിപ്പാടങ്ങൾ മാത്രമല്ല, മറ്റ് ധാതുക്കളുടെയും പര്യവേക്ഷണത്തിനും ഖനനത്തിനുമുള്ള അനുമതി സ്വകാര്യമേഖലയ്ക്കു കൊടുക്കുകയാണ്. തീർന്നില്ല. അഞ്ചു ലക്ഷം ഏക്കർ ഭൂമി അവർക്കായി കണ്ടെത്തി മാറ്റിവെച്ചിരിക്കുന്നു. ഇവർ പ്രസാദിച്ചാൽ ഇന്ത്യൻ സമ്പദ്ഘടന രക്ഷപ്പെടുകയുള്ളൂ എന്നാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അതിനാല്‍ ദുരന്തങ്ങളെ ഉപയോഗപ്പെടുത്തി സാധാരണഗതിയിൽ സ്വീകരിക്കപ്പെടാനിടയില്ലാത്ത നയങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാര്‍. സമൂഹത്തിലെ അധഃകൃതര്‍ നഗ്നപാദങ്ങളുമായി കാതങ്ങള്‍ താണ്ടിയാല്‍ ആര്‍ക്കു ചേതം…? അവര്‍ കോവിഡ് വൈറസ് ബാധിച്ച് ശ്വാസം ലഭിക്കാതെ പിടഞ്ഞുമരിച്ചാല്‍ ആര്‍ക്ക് നഷ്ടം…??