മുഖ്യമന്ത്രി ഭയപ്പെട്ട ലോകായുക്ത കേസ് വെള്ളിയാഴ്ച പരിഗണിക്കും
ഒരു വര്‍ഷം മുന്പുതന്നെ ലോകായുക്ത വിചാരണ പൂര്‍ത്തിയാക്കി വിധി പറയുവാന്‍ മാറ്റിവച്ച മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ഒടുവിൽ വെള്ളിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്നാണ് കേസ്. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമാവുകയും പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതിനു പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്.
വിധി മുന്നിൽ കണ്ട് ലോകായുക്ത നിയനം തന്നെ സർക്കാർ ഭേദഗതി ചെയ്തു. ലോകായുക്ത വിധിക്ക് മന്ത്രിസഭാ അംഗീകാരം വേണമെന്നായിരുന്നു ഭേദഗതി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഇതുവരേ ഒപ്പിട്ടില്ല. അതിനാല്‍ തന്നെ ബില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല. അതിനാല്‍ വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവരുമെന്നതാണ് നിർണായകം.
കഴിഞ്ഞ വർഷം മാർച്ചിൽ 18ന് വാദം പൂർത്തിയായി വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തിനാൽ പരാതിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ലോകായുക്തയിൽ ഹർജി നൽകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. ഇതിന്‍റെ അടസ്ഥാനത്തിൽ നൽകിയ ഹർജിയാണ് വെള്ളിയാഴ്ച പരിഗണിക്കുന്നത്. നിർണായമായ കേസിലെ ലോകായുക്തയുടെ നിലപാട് മറ്റന്നാള്‍ അറിയാം.
അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്‍റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണൻെര അകമ്പടിവാഹനം അപകടത്തിൽപ്പെട്ടപ്പോള്‍ മരിച്ച പൊലിസുകാരൻെറ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയെന്നാണ് കേസ്. എന്നാൽ പണം അനുവദിക്കുന്നതിൽ നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാർ വാദം. വാദത്തിനിടെ അതിരൂക്ഷമായി ലോകായുക്ത സർക്കാരിനെ വിമർശിച്ചിരുന്നു.