സൈബരാബാദ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍…?

Print Friendly, PDF & Email

തെലുങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളായ നാലു പേരേയും പോലീസ് മനപൂര്‍വ്വമുള്ള ഏറ്റുമുട്ടലീലൂടെ കൊലപ്പെടുത്തിയതാണെന്ന് സംശയം ശക്തമാവുകയാണ്. ഇതോടെ കേന്ദ്ര ആഭ്യന്ത വകുപ്പ് തലുങ്കാന ഗവര്‍മ്മെന്‍റിനോട് സംഭവത്തിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ്. ഈ വിഷയത്തില്‍ തെലുങ്കാന ഹൈക്കോടതി നിര്‍ണായക ഇടപെടലും നടത്തിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് തേടിയ കോടതി മൃതദേഹങ്ങള്‍ 9ാം തീയതി വരെ സംസ്‌കരിക്കരുതെന്നും ഉത്തരവിട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് സൈബരാബാദ് പൊലീസ് പറയുന്നത്. നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവര്‍ അറസ്റ്റിലായി.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് പോലീസ് വെടിവപ്പില്‍ പ്രതികള്‍ കൊല്ലപ്പെട്ടത്. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികള്‍ക്കു നേരെ ഉയര്‍ത്തിയ വെടിയുണ്ടകള്‍ ഇന്ത്യന്‍ നീതി ന്യായ വ്യവസ്തയുടെ നെഞ്ചിലാണ് പതിഞ്ഞതെന്ന വിലയിരുത്തലാണ് നിയമവവൃത്തങ്ങളില്‍ നിന്നുയരുന്നത്. പോലീസ് നടപടി പൊതുവെ സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും ഇത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്….

1.ജനാധിപത്യ നീതി എന്നാൽ ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റാരോപിതര്‍ തന്നെയാണ് കുറ്റവാളികള്‍ എന്ന് സ്ഥാപിക്കുകയും അവരെ ശിക്ഷിക്കുകയും എന്നതാണ്. ഇവിടെ പോലീസ് പറയുന്നതാണ് മാധ്യമങ്ങൾ വഴി ജനങ്ങള്‍ അറിയുന്നത്. അവരാകട്ടെ വാർത്താ പ്രാധാന്യത്തിനായി പൊടിപ്പും തൊങ്ങലും ചേര്‍ത്താണ് വാര്‍ത്തകള്‍ ജനങ്ങളുടെ മുന്പില്‍ എത്തിക്കുന്നത്.
2.പോലീസ് പ്രതികളായി നാല് പേരേ പിടിച്ചു. പോലീസ് ചൂണ്ടി കാണിച്ച നാലുപേരും പ്രതികളാണ് എന്ന് നാം എന്തടിസ്ഥാനത്തിലാണ് ഉറപ്പിച്ചത് ?
3. മറ്റാരോ ആണ് യഥാര്‍ത്ഥ പ്രതികള്‍, അല്ലങ്കില്‍ മറ്റാരുടേയോ പ്രേരണയിലാണ് പ്രതികള്‍ കുറ്റം ചെയ്തുവെന്നതും തെളിവുകള്‍ ഇല്ലാതാക്കി ആരെയോ രക്ഷിക്കുവാനാണ് പോലീസ് നടപടി എന്നും ആരോപണമുയര്‍ന്നാല്‍ അല്ലന്നു പറുവാന്‍ ആര്‍ക്കു കഴിയും?.

തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍, വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് “നീതി നടപ്പാക്കിയവർ” എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ? നീതിന്യായ വ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള ഈ വിശ്വാസമില്ലായ്മ രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്തയേയും അരാജകത്വത്തേയുമാണ് സൂചിപ്പിക്കുന്നത്. പോലീസ് തന്നെ അന്വേഷണം നടത്തുകയും ശിക്ഷ നടപ്പിലാക്കുകയുംചെയ്യാന്‍ തുടങ്ങിയാല്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ ഗതി എന്താകും. പോലീസ് ചൂണ്ടി കാട്ടിയവർ കുറ്റവാളികളാണോ അല്ലയോ എന്ന് കോടതിയിലും അതുവഴി ജനങ്ങൾക്ക് മുമ്പിലും തെളിവുകളോടെ സമർത്ഥിക്കുകയാണ് വേണ്ടത്. പഴുതടച്ച്‌ തെളിവ് ശേഖരിച്ച് ജനങ്ങളിൽ നീതിബോധവും വിശ്വാസവും വളർത്തിയെടുക്കേണ്ട ഉദ്യോഗസ്ഥൻ ഒരു സിനിമാ നായകനെപ്പോലെ പെരുമാറുന്നത് ഇന്ത്യൻ ജനാധിപത്യ നീതിന്യായ വ്യവസ്ഥയുടെ അപചയമാണ്.

എത്രയും വേഗത്തിൽ നീതി ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണക്കാരായ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നത്. എന്നാല്‍ കാലഹരണപ്പെട്ട ഇവിടുത്തെ നിയമസംവിധാനം മൂലം, കോടതി നടപടികളിൽ ഉണ്ടാകുന്ന കാലതാമസം ജനങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. Justice Delayed is Justice Denied എന്ന തത്വമെടുത്താൽ ഈ നാട്ടിലെ നീതിനിഷേധങ്ങളും നീതി നിരാസങ്ങളും എണ്ണിയെടുക്കാനാവില്ല. കോടതികളുടെ വെക്കേഷൻ, പ്രവർത്തനസമയം ഇവയെല്ലാം പുനർനിശ്ചയിക്കേണ്ടിയിരിക്കുന്നു. വളരുന്ന ജനസംഖ്യക്കും പെരുകുന്ന കുറ്റകൃത്യങ്ങൾക്കും അനുസൃതമായി കോടതി സൗകര്യങ്ങൾ വളരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇത്തരത്തിലുള്ള വിവിധ ഘടകങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾക്കും കേസുകളുടെ തീർപ്പാക്കലിനും കാലതാമസം വരുത്തുന്നു. കേവലം നീതി വൈകുന്നത് മാത്രമല്ല, എത്ര വൈകിയായാലും നീതി നടപ്പാകുന്നുണ്ട് എന്ന് പൗരന് വിശ്വാസവും ബോധ്യവും പ്രത്യാശയും കുറയുന്നതു കൊണ്ട് കൂടിയാണ് ഇത്തരം “നീതി നടപ്പാക്കലുകളിൽ” ഒരു ജനത ഉന്മത്തരാകുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •