പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എന്‍ സുപ്രിം കോടതിയിലേക്ക്…

Print Friendly, PDF & Email

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെ സാക്ഷാല്‍ ഐക്യരാഷ്ട്ര സംഘടന തന്നെ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിതിന്‍റെ പിന്നാലെ യുഎന്‍ലെ മനുഷ്യാവകാശ സംഘടനയായ United Nations Human Rights Council (UNHRC) തന്നെ നേരിട്ട് പരാതിയുമായി സുപ്രീകോടതിയിലെത്തുന്നതോടെ മോദി സര്‍ക്കാരിന് ഇത് അന്താരാഷ്ട്ര തലത്തില്‍ വന്‍ തിരച്ചടി ആണ് സൃഷ്ടിക്കുവാന്‍ പോകുന്നത്. തങ്ങള്‍ സുപ്രീംകോടതിയെ നേരിട്ട് സമീപിക്കുന്ന വിവരം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യുഎന്‍എച്ച്ആര്‍സി അറിയിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു രാജ്യത്തിന്‍റെ സര്‍ക്കാര്‍ ആഭ്യന്തര തലത്തില്‍ കൊണ്ടു വന്ന നിയമത്തിനെതിരെ അന്താരാഷ്ട്ര സംഘടനയുടെ ഏതെങ്കിലും ഒരു ഘടകം ആ രാജ്യത്തിന്‍റെ പരമോന്നത കോടതിയെ സമീപിക്കുന്നത് അത്യപൂര്‍വ്വമാണ്.

‘ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ രാജ്യത്തിന്‍റെ പൗരത്വ ബില്ലിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ യു.എന്നിന്റെ ആശങ്ക അറിയിച്ചുകൊണ്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ നേരിട്ട് രംഗത്തെത്തിയിരുന്നു. സി.എ.എയുടെ തുടക്കം മുതല്‍ നിയമം വിവേചനപരമാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്. ‘ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ 20 ലക്ഷം മുസ്ലിംകള്‍ രാജ്യത്തുനിന്നു പുറത്താക്കപ്പെടുകയും രാജ്യമില്ലാത്തവരായി മാറുകയും ചെയ്യും എന്ന് ഗുട്ടറസിനെ ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ സന്ദര്‍ശനത്തിനായി എത്തിയ ഗുട്ടറസ് പാക് പത്രമായ ഡോണിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തിയത്.

യു.എന്‍ ഹൈക്കമ്മിഷന്‍ നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്ന കശ്മീരിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും ‘ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് വാച്ച്  തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടും കശ്മീരില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്നു വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഇവ ഗൗരവത്തോടെ കാണണം. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ കൂടിവരുന്നതിലും തനിക്ക് ആശങ്കയുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ പറഞ്ഞു. ഗുട്ടറസിന്റെ അഭിപ്രായ പ്രകടനത്തിന് ശക്തമായാണ് ഇന്ത്യ പ്രതികരിച്ചത്. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്നായിരുന്നു ഇന്ത്യ നല്‍കിയ മറുപടി.

1955 ലെ പൗരത്വ നിയമമാണ് മോദി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. പൗരത്വ (ഭേദഗതി) ബില്‍ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബര്‍ നാലിന് ന് അംഗീകരിച്ചു. 2019 ഡിസംബര്‍ 10 ന് ലോക്‌സഭയും പിന്നീട് 2019 ഡിസംബര്‍ 11 ന് രാജ്യസഭയിലും പാസാക്കി. ഡിസംബര്‍ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് മാത്രം ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് അഞ്ചു വര്‍ഷമായി ചുരുങ്ങി. രാജ്യമെങ്ങും വ്യാപകമായ പ്രതിക്ഷേധം ഉയര്‍ത്തിയ ഭരണഘടനാ വിരുദ്ധമായ ഈ കരിനിയമത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും 144 ഹര്‍ജികളാണ് സുപ്രിംകോടതിക്ക് മുമ്പിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •