കൊറോണയെ നേരിടാന്‍ ‘ഗോമൂത്ര’പാര്‍ട്ടികളുമായി ഹിന്ദു മഹാസഭ. പരോക്ഷ പിന്തുണയുമായി ഉപരാഷ്ട്രപതി
കൊറോണ വൈറസിനെ തുരത്താന്‍ ഗോമൂത്ര ആഘോഷങ്ങള്‍ നടത്തുവാനുള്ള ആഹ്വാനവുമായി ഹിന്ദു മഹാസഭ. ഹിന്ദു മഹാ സഭയുടെ പ്രസിഡണ്ട് ചക്രപാണി മഹാരാജ് ആണ് “നമ്മള്‍ ചായസല്‍ക്കാരം നടത്തുന്നതു പോലെ, രാജ്യമെങ്ങും ഗോമൂത്ര സല്‍ക്കാരംങ്ങള്‍ നടത്തുവാന്‍” ആഹ്വാനം ചെയ്തിരിക്കുന്നത്. ‘എന്താണ് കൊറോണ വൈറസ് എന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ വൈറസിനെ തുരത്താമെന്നും ജനം അറിയണം’ ചക്രപാണി പറഞ്ഞു. ഗോമൂത്രത്തില്‍ കുളിക്കുകയോ ചാണകം പുശുകയോ ചെയ്താലും കൊറോണ ബാധിക്കില്ല. ചാണകവും അതുപയോഗിച്ചുള്ള അഗര്‍ബത്തിയും ഉപയോഗിച്ചാല്‍ അന്തരീക്ഷത്തിലുള്ള കൊറോണ വൈറസ് വേഗത്തില്‍ ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മാധ്യമമായ ‘ദ പ്രിന്‍റ് ‘ ആണ് ചക്രപാണി മഹാരാജ്നെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഗോമൂത്രപാര്‍ട്ടികള്‍ നടത്തണമെന്ന ആഹ്വാനം – വിവാദ പ്രസ്ഥാവനകള്‍ സ്ഥിരം നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയ – ഹിന്ദു മഹാ സഭ പ്രസിഡണ്ട് ചക്രപാണി മഹാരാജ്ന്‍റെ വെറും ജ്വല്‍പ്പനമാണെന്ന് പറഞ്ഞ് എഴുതിതള്ളാന്‍ വരട്ടെ. ഗോമൂത്രവും ചാണകവും കൊറോണ തടയുമെന്ന പ്രചാരണം തടയേണ്ടതില്ലെന്ന പറഞ്ഞ് മഹാരാജന് പരോക്ഷ പിന്തുണയുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലോകത്താകമാനം ഭീതി പരത്തി കൊറോണ പടരുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് നിരുത്സാഹപ്പെടുത്തണം എന്ന എന്‍.സി.പി എം.പി വന്ദന ചവാന്‍ രാജ്യസഭയില്‍ ഉന്നയിച്ച ആവശ്യം തള്ളിക്കൊണ്ടാണ് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഭാരതത്തിന്‍റെ ഉപരാഷ്ട്രപതി മഹാരാജിന് പരോക്ഷപിന്തുണ അറിയിച്ചത്.
കൊറോണ വൈറസിനെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടിയും ചാണകകേക്കുമുണ്ടാക്കാന്‍ ഹിന്ദുമഹാസഭ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ‘ഗോമൂത്രം, ചാണകം ചേര്‍ന്ന കേക്കുകള്‍ എന്നിവ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണെന്ന തരത്തില്‍ ചില നേതാക്കള്‍ സംസാരിക്കുന്നത് കണ്ടെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് സംഭവിക്കാന്‍ പാടില്ലെന്നുമായിരുന്നു വന്ദന ചവാന്‍ പറഞ്ഞത്. എന്നാല്‍ എം.പിയുടെ പ്രസ്താവന തടഞ്ഞ ഇത്തരത്തിലുള്ള കാര്യമൊന്നും സഭയില്‍ പറയരുതെന്നും ഇതെല്ലാം വിശ്വസിക്കണോ വേണ്ടയോ എന്നത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും പറഞ്ഞ് വന്ദന ചവാനെ രാജ്യസഭാ അധ്യക്ഷന്‍ തടയുകയായിരുന്നു.