നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധം
ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെതാണ് ഉത്തരവ്. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പുതുതായി നിരത്തിലെത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങള്‍ക്കും വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണ്.
ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതുപയോഗിച്ച് ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാം. അതിനാല്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ട്രാഫിക്ക് ബ്ലോക്കും ഒഴിവാക്കാന്‍ കഴിയും.സമയവും ലാഭിക്കാം.