ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചു

Print Friendly, PDF & Email

ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മേധാവിയായി ( ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ഇന്ത്യൻ കരസേന മേധാവി ബിപിൻ റാവത്തിനെ നിയമിച്ചു. ‍ഡിസംബർ 31ന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം. കഴിഞ്ഞ സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചുമതലയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി. ഇതോടെ ഈ പദവിയെത്തുന്ന ആദ്യ ഓഫീസറെന്ന ബഹുമതി ജനറല്‍ റാവത്ത് സ്വന്തമാക്കി.

കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര, വ്യോമ, നാവിക സേനകളുടെ സംയുക്ത മേധാവി എന്ന പദവി പ്രഖ്യാപിച്ചത്. ഫോർ സ്റ്റാർ ജനറൽ പദവിയിലാകും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനം. 65 വയസ് വരെ പ്രായമുള്ളവര്‍ക്കേ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിലെത്താനാവൂ. മൂന്ന് വര്‍ഷമാണ് കാലാവധി. ഡിസംബർ 24ന് തന്നെ ഔദ്യോഗികമായി ചീഫ് ഓഫ് ഡിഫൻസ് തസ്തിക സർക്കാർ സ്ഥാപിച്ചിരുന്നു.

1999-ലെ കാർഗിൽ യുദ്ധത്തില്‍ കര വ്യോമസേനകളെ ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. അതോടെയാണ് സൈന്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മൂന്നു സൈനിക വിഭാഗങ്ങളേയും ഏകോപിപ്പിക്കുവാനുതകുന്ന തസ്തിക വേണം എന്ന ആവശ്യം ഉയര്‍ന്നത്.കൂടാതെ സർക്കാരിനെ ഉപദേശിക്കാൻ സൈനിക ഉപദേശകനെ നിയമിക്കണമെന്നും ശുപാര്‍ശ ചെയ്യപ്പെട്ടു. ആ ശുപാർശയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.

അതേസമയം പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത്ത് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കോൺ​ഗ്രസ് ഉൾപ്പെടെയുള്ള രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. ബിപിന്‍ റാവത്തിനെ തൽസ്ഥാനത്ത് നീക്കണണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് രാഷ്ട്രപതിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.