KERALANEWS MAIN

ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു

ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തു. സുപ്രീംകോടതി ഉത്തരവിന്‍റെ പിന്‍ബലത്തില്‍ ആരാധനയ്‌ക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ പക്ഷം തടഞ്ഞതിനെത്തുടര്‍ന്ന് രണ്ടു ദിവസമായി പിറവം നിലനില്‍ക്കുന്ന സംഘര്‍ഷ നാടകത്തിന് ഇതോടെ പരിസമാപ്തി. പള്ളിക്കുള്ളില്‍ തന്പടിച്ച് പ്രാര്‍ത്ഥന പ്രഹസനം നടത്തികൊണ്ടിരുന്ന യാക്കോബായ മെത്രാന്‍മാരും പുരോഹിതരും ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കികൊണ്ടാണ് സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തത്. പുതിയ പൂട്ടും താക്കോലും വച്ച് പള്ളിയിലെ മുറികളും ഗേറ്റും കളക്ടര്‍ സീല്‍ ചെയ്ത് താക്കോലുകള്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് വൻ പൊലീസ് സംഘം പള്ളിയിലെത്തി നടപടികൾ തുടങ്ങിയത്. പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. വിശ്വാസികളെ തടയാൻ ‌‌നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ആരേയും തടയാൻ നിങ്ങൾക്ക് അധികാരമില്ല. യാക്കോബായ വിഭാ​​ഗക്കാരുടെ മറുപടിയല്ലാ വേണ്ടത്. വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

മലങ്കര സഭയിലെ പുരാതന പള്ളികളിലൊന്നാണ് പിറവം സെന്‍റ് മേരീസ് പള്ളി. സഭാസ്വത്തുക്കൾ സംബന്ധിച്ച് യാക്കോബായ – ഓർത്തഡോക്സ് തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. 2018 ഏപ്രിൽ 18-ന് പിറവം പള്ളി അവകാശം സംബന്ധിച്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സര്‍ക്കാര്‍ ഇതുവരെയായും വിധി നടപ്പാക്കിയില്ല. കോടതിവിധിയെത്തുടർന്ന് ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും പലവട്ടം ശ്രമം നടത്തിയെങ്കിലും യാക്കോബായ വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.