ശ്രീലങ്കന്‍ സഫോടനo: മരണ സംഖ്യ 215 ആയി ഉയര്‍ന്നു

Print Friendly, PDF & Email

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വിവിധയിടങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 215 ആയി. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. കൊളംബോയിലെ മൂന്ന് പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സ്ഫോടനം ഉണ്ടായത്. ഹോട്ടലുകളിലുണ്ടായത് ചാവേര്‍ ആക്രമണമാണെന്നും സൂചനയുണ്ട്.

വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായ സ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നു. അത്രമാത്രം മാരകമായിരുന്നു സ്ഫോടനങ്ങള്‍.

സർക്കാർ നഗരത്തില്‍ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല.