കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ശുഭപ്രതീക്ഷ നല്‍കി കോണ്‍ഗ്രസ് പ്രകടന പത്രിക.

Print Friendly, PDF & Email

കര്‍ഷകര്‍ക്ക് സമാശ്വാസവും യുവാക്കള്‍ക്ക് ശുഭ പ്രതീക്ഷയും വാഗ്നാനം നല്‍കുന്ന പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. പ്രതിമാസം 12000രൂപ വരുമാനം ഉറപ്പുനല്‍കുന്ന ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും ചുരുങ്ങിയത് 150 ദിനങ്ങള്‍, 10 ലക്ഷം യുവാക്കള്‍ക്ക് തൊഴിലവസരം തുടങ്ങി സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്ക് ശുഭപ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങള്‍ ഉല്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനവും പ്രകടനപത്രിക നല്‍കുന്നു. ഗബ്ബര്‍സിങ് ടാക്‌സിനു (ജിഎസ്ടി) പകരം ലളിതമായ നികുതി കൊണ്ടുവരുമെന്നും കാര്‍ഷിക കടങ്ങള്‍ തിരിച്ചടയ്ക്കാത്തത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാത്തവിധത്തില്‍ നിയമഭേദകഗതി വരുത്തുമെന്നും ആണ് കര്‍ഷകര്‍ഷകര്‍ക്കുള്ള കോണ്‍ഗ്രസ്സിന്‍റെ മറ്റൊരു പ്രധാന വാഗ്നാനം.

വിപ്ലവാത്മകമായ നിയമപരിഷ്കാരങ്ങളാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയുടെ മറ്റൊരു സവിശേഷത. പൗരസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന പുതിയ ചില നിയമങ്ങൾ കൊണ്ടുവരുമെന്നും വ്യക്തിസ്വാതന്ത്ര്യവും പൗരന്‍റെ അന്തസും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നും ദീർഘകാലമായി ഭരണകൂടം മർദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന നിയമങ്ങൾ എടുത്തുകളയുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. നിലവിലെ രാജ്യദ്രോഹക്കുറ്റം എടുത്തുകളയും എന്നതാണ് ഏറ്റവും സുപ്രധാന വാഗ്ദാനം. രാജ്യദ്രോഹക്കുറ്റത്തെ നിർവചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയും. രാജ്യത്ത് ഏറ്റവുമധികം ദുരുപയോഗിക്കപ്പെടുന്ന വകുപ്പായാണ് പ്രകടനപത്രിക ഇതിനെ വിശേഷിപ്പിക്കുന്നത്. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡന നിരോധന നിയമം കൊണ്ടുവരും എന്ന വാഗ്ദാനവുമുണ്ട്.

ക്രിമിനൽ നടപടി നിയമം സമഗ്രമായി പരിഷ്കരിക്കും. അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജൻസികളുടെ സ്വതന്ത്രാധികാരങ്ങൾ സിആർപിസി നിയമത്തിനും ഇന്ത്യൻ തെളിവ് നിയമത്തിനും അധിഷ്ടിതമാക്കി നിയന്ത്രിക്കും. ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കുമെന്നും പ്രകടനപത്രികയിലുണ്ട്. സൈന്യത്തിന് പ്രത്യകാധികാരങ്ങൾ നൽകുന്ന സായുധസേനാ പ്രത്യേകാധികാര നിയമം പരിഷ്കരിക്കും എന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ നിയമം ആളുകൾ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് പ്രകടനപത്രിക പറയുന്നു. നിലവിലെ ജയിൽ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

  •  
  •  
  •  
  •  
  •  
  •  
  •