ബോംബുകള്‍ വര്‍ഷിച്ചത് വനപ്രദേശത്തും വയലിലുമായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍… ലക്ഷ്യം ഭേദിച്ചു വെന്ന് വ്യോമസേന.

Print Friendly, PDF & Email

ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ലക്ഷ്യസ്ഥാനങ്ങളില്‍ തന്നെ കൃത്യമായ ആക്രമണം നടത്താന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞുവെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ജീവഹാനിയും നാശനഷ്ടങ്ങളും സംബന്ധിച്ച തെളിവുകള്‍ എപ്പോള്‍ പുറത്തുവിടണമെന്ന് രാഷ്ട്രീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ പരുക്കേറ്റ ഏക വ്യക്തി എന്ന് അല്‍ജസീറ പറയുന്ന സെയിദ് റഹ്മാന്‍ ഷാ

ഇതിനിടെ ഇന്ത്യന്‍ വ്യോമസേന ബാലോക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം ലക്ഷ്യം കണ്ടില്ല എന്ന വെളിപ്പെടുത്തലുമായി വിദേശ വാര്‍ത്ത ഏജന്‍സിയായ റൂയിട്ടേഴ്സും, അല്‍ജസീറയും  രംഗത്തുവന്നു. ഇന്ത്യ വര്‍ഷിച്ച ബോംബുകള്‍ പതിച്ചത് ജബാ ഗ്രാമത്തിലെ വനപ്രദേശത്തും സെയിദ് റഹ്മാന്‍ ഷാ എന്ന ആളുടെ ഗോതന്പ് വയലിലുമായിരുന്നുവെന്ന് തദ്ദേശവാസികളെ നേരില്‍ കണ്ട് നടത്തിയ അഭിമുഖത്തില്‍ അല്‍ജസീറ വെളിപ്പെടുത്തുന്നു. സെയിദ് റഹ്മാന്‍ ഷാഅല്ലാതെ പരുക്ക് പറ്റിയവരേയോ മരിച്ചവരുടെ ജഡങ്ങളോ ഒന്നും പ്രദേശത്തോ സമീപ പ്രദേശങ്ങളിലെഹോസ്പിറ്റലുകളിലോ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും അല്‍ജസീറ  പറയുന്നു.  ബോംബാക്രമണത്തില്‍ പരുക്കേറ്റവരും കൊല്ലപ്പെട്ടവരും എവിടെ എന്ന് ഗ്രാമവാസികള്‍ ചോദിക്കുന്നതായി അല്‍ജസീറയും റൂയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു. ബോംബുകള്‍ പതിച്ച സ്ഥലത്തിനു സമീപം തന്നെ ജയിഷെ ഇ മുഹമ്മദ് നടത്തുന്ന മദ്രസ്സ ഉണ്ടായിരുന്നുവെന്നും എന്നാല് അതിനു കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നുമാണ് അല്‍ ജസീറയുടെ വെളിപ്പെടുത്തല്‍.

ബിന്‍ലാദന്‍ ഒളിവില്‍ താമസിച്ചിരുന്ന അബോട്ടാബാദിന് 60കി.മീ അകലെ വനങ്ങള്‍ നിറഞ്ഞ മലനിരകളിലുള്ള ഗ്രാമമാണ് ഇന്ത്യന്‍ വ്യോമസേന ബോബ് വര്‍ഷിച്ച ജംബാ ഗ്രാമം. മലഞ്ചരുവുകളിലെ മണ്‍കുടിലുകളില്‍ ചിതറിതാമസിക്കുന്ന ഏതാണ്ട് 400 കുടുംബങ്ങളേ ഗ്രാമത്തില്‍ ആകെ ഉള്ളതെന്നാണ് റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.