​ഡല്‍ഹിയില്‍ മലയാളി ക്രൈസ്തവരുടെ ആരാധനാലയം പൊളിച്ചുനീക്കി. ന്യൂനപക്ഷ പീഢനം ആരോപിച്ച് സഭ

Print Friendly, PDF & Email

ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡില്‍ ലടോ സാറായി എന്ന സ്ഥലത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. സീറോമലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം. സംഭവമറിഞ്ഞെത്തിയ മലയാളികള്‍ അടക്കമുള്ള വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെയാണ് ആരാധനാലയം പൊളിച്ചുനീക്കിയത്. ആരാധനാലയം പെളിച്ചതിലും വിശുദ്ധ വസ്തുക്കള്‍ വാരി പുറത്തെറിഞ്ഞതിലും പ്രതിഷേധിച്ച് ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം തെരുവില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥനാ യജ്ഞം നടത്തി പ്രതിക്ഷേധിച്ചു

വന്‍ പോലീസ് സംരക്ഷണയില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസര്‍( സൗത്ത്)ന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് മൂന്ന് ജെസിബികളുമായെത്തി പത്ത് വര്‍ഷം മുമ്പ് പണിത ദേവാലയം പൂര്‍ണമായും പൊളിച്ചു മാറ്റിയത്. ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചമാത്രമാണെന്ന് പള്ളിയധികൃതര്‍ പറയുന്നു. ദേവലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കള്‍ എടുത്തു മാറ്റുവാനോ നോട്ടീസിന് മറുപടി കൊടുക്കാനോ പോലും സമയം നല്‍കാതെയാണ് ദേവായം പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ ആരോപിക്കുന്നു. 450ഓളം കുടുംബങ്ങള്‍ ഇടവകാഗങ്ങളുള്ള ദേവാലയം പൊളിച്ചു മാറ്റിയതില്‍ പ്രതിക്ഷേധം ശക്തമാണ്. ‍

പ്ര​ദേ​ശ​ത്ത് സ​മാ​ന സ്വ​ഭാ​വ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ ആ​ണ് അ​തി​ൽ ഒ​ന്നും തൊ​ടാ​തെ ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​ധി​കൃ​ത​ർ പ​ള്ളി പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു നീ​ക്കി​യ​തെ​ന്ന് വി​ശ്വാ​സി സ​മൂ​ഹം ആ​രോ​പി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​ണ്ടു വി​ശ്വാ​സി​ക​ൾ പ​രാ​തി അ​റി​യി​ച്ചു. പൊ​ളി​ച്ചു നീ​ക്കി​യ പ​ള്ളി പൂ​ർ​ണ​മാ​യും പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണം എ​ന്ന് അവര്‍ ആ​വ​ശ്യപ്പെട്ടു. സീറോ മലബാര്‍ സഭ മേജർ ആർച്ബിഷപ്, ഡൽഹി മെത്രപോലീത്ത, ഫാരിദാബാദ് മെത്രാപോലീത്ത, തുടങ്ങിയവര്‍ ഈ സംഭവത്തെ അപലപിച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നും പ​രാ​തി ന​ൽ​കുവാന്‍ തയ്യാറെടുക്കുകയാണ് വിശ്വാസികള്‍.

തകര്‍ക്കപ്പെട്ട ചര്‍ച്ചിന്‍റെ മുഖവാരം

അനധികൃതമായി കയ്യേറിയ ഒരാളില്‍ നിന്നും 2010ല്‍ ഈ തര്‍ക്കഭൂമി ഇടവക വിലകൊടുത്തു വാങ്ങുകയായിരുന്നു. തുടര്‍ന്ന് 2000ത്തോളം പേര്‍ക്ക് സമ്മേളിക്കുവാന്‍ പറ്റുന്ന വിധത്തില്‍ തകരഷീറ്റുകൊണ്ട് മേല്‍കൂര കെട്ടി ധ്യാനകേന്ദ്രവും പണുതു. തങ്ങള്‍ പഞ്ചായത്തില്‍ വേണ്ട കരങ്ങൾ അടക്കുന്നുണ്ടെന്നും അതിനാൽ ഇടവകയുടെ സ്വന്തമാണ് ഈ ഭൂമിയും പള്ളിയും എന്നാണ് ഇടവക ജനങ്ങളുടെ പക്ഷം.

30 വർഷം മുൻപുവരെ ലടോ സാറായിലുള്ള ഒരു ചേരിയുടെ ഭാഗമായിരുന്നു ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം. പുറംപോക്ക് സ്ഥലം എന്നനിലയിൽ അന്യ സംസ്ഥാനത്തു നിന്നു വന്നവർ ഷെഡ് കെട്ടി താമസിച്ചിരുന്ന പ്രദേശം. ചത്തർപുർ വില്ലേജിലെ പ്ലോട്ട് 86&120-ല്‍ പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലം പുറമ്പോക്കുഭൂമിയെന്ന നിലയിൽ പഞ്ചായത്തിന്‍റെ അധീനതയിലാണെന്നും ആർക്കും അസ്സൈൻ ചെയ്തു കൊടുത്തിട്ടില്ലെന്നും കാണിച്ചു ചത്തർപുർ പഞ്ചായത്ത്‌ ഡൽഹി ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ (WP No. 5234/2011) 2011-ൽ കൊടുക്കുകയും, അന്വേഷണങ്ങൾക്കു ശേഷം പഞ്ചായത്തിന്റെ വാദം അംഗീകരിച്ചു കൊണ്ടു 2015-ൽ ഹൈകോടതി അവിടെയുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നിർദേശി ഉത്തരവ് ഇറക്കി. അവിടെ രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവക്ക് കേടു വരുത്തരുതെന്നും വിധിയിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ഈ ഉത്തരവു പ്രകാരം അവിടെയുള്ള കർത്താവിന്റെയും മാതാവിന്റെയും മറ്റും രൂപങ്ങൾക്ക് കെടുപാടുകള്‍ ഉണ്ടാക്കാതെയാണ് ഇപ്പോള്‍ പള്ളി പൊളിച്ചിരിക്കുന്നത്.)

തകര്‍ക്കപ്പെട്ട പള്ളി സന്ദര്‍ശിക്കുന്ന വൈദികര്‍

ഹൈകോടതി വിധി വന്ന് 6 കൊല്ലം കാത്തിരുന്നതിനു ശേഷം ഇപ്പോഴാണ് ​ദൽഹി സർക്കാരിന്റെ BDO (ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ (South) വിധി നടപ്പിലാക്കാൻ ശ്രമിച്ചത്. അതിനായി 7/7/2021-ൽ ഇടവ്കക്ക് (To Encroachers on plot 86&120 എന്ന് അഡ്രസ് ചെയ്തു) മൂന്നു ദിവസത്തിനകം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് BDO ഔദ്യോഗികമായി നോട്ടീസ് നൽകി. വെള്ളിയാഴ്ചയാണ് അത് ഇടവകക്ക് കിട്ടിയതെന്നു പറയുന്നു. ഏതായാലും മൂന്നു ദിവസം പൂര്‍ത്തിയായതോടെ 11/7/2021 ഞായറാഴ്ച രാവിലെ പത്തുമണിയോടെ വന്‍ പോലീസ് സംരക്ഷണയില്‍ അധികൃതര്‍ ആരാധനാലയം പൊളിച്ചു നീക്കുകയായിരുന്നു. പെട്ടന്നുള്ള ഈ നിക്കത്തിന്‍റെ പിന്നിലെ ചേതോവികാരം ദുരൂഹമാണ്. ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ ഉയര്‍ന്ന പ്രതിക്ഷേധം ഭരണകൂടത്തെ അലോസരപ്പെടുത്തിയെന്നും അതാണ് പെട്ടന്നുള്ള ഈ നീക്കത്തിനു കാരണം എന്നും വിശ്വാസികള്‍ ആരോപിക്കുന്നു.

ഇവിടെ ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. 2011-ൽ റിട്ട് പെറ്റീഷൻ പഞ്ചായത്ത് കൊടുത്തപ്പോൾ ഇടവക ഈ വിവരം അറിഞ്ഞില്ലേ? കോടതിയുടെ ശ്രദ്ധയിൽ ഇടവകയുടെ വാദങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചോ? 2015ലെ കോടതിവിധി ഇടവകക്കാരും വികാരിയും അറിഞ്ഞിരുന്നില്ലേ? ഡൽഹിയിൽ കാത്തോലിക്കാരുടെ ഇടയിൽ ധാരാളം നല്ല വക്കീലന്മാരും IAS /IPS ഉദ്യോഗസ്ഥരും ഉണ്ടായിട്ടും എന്തുകൊണ്ട് കഴിഞ്ഞ ആറു വര്‍ഷക്കാലം അതിനെതിരെ വേണ്ട നിയമ പോരാട്ടം നടത്തയില്ല? വസ്തു ലീഗലൈസ് ചെയ്യാന്‍ ശ്രമിച്ചില്ല.

ന്യൂനപക്ഷ മതത്തെ മറയാക്കി ഇരവാദം നടത്തി ഭരണകൂടത്തെ സ്വാധീനിച്ച് തങ്ങൾക്കനുകൂലമായ സാഹചര്യം ഉണ്ടാകാനായി ഇത്രയും നാൾ കാത്തിരുന്നു എന്നുവേണം അതില്‍നിന്ന് അനുമാനിക്കുവാന്‍. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം അത് ആരോധനാലയമാണെങ്കില്‍ പോലും പൊളിച്ചു നീക്കപ്പെടേണ്ടതു തന്നയാണ്. അതിനെതിരെ ന്യൂനപക്ഷ പീഢനം ആരോപിച്ച് മതവികാരം ഉണര്‍ത്തുവാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് ചെറുക്കപ്പെടേണ്ടതു തന്നെയാണ്.

  •  
  •  
  •  
  •  
  •  
  •  
  •