റഫാല്‍: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി അനുമതി

റഫാല്‍ കേസില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി അനുമതി. റഫാല്‍ അഴിമതിയാരോപണ കേസിലെ പുനപ്പരിശോധനാ ഹരജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, സഞ്ജയ് കൃഷ്ണ കൗള്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവിട്ടത്. പുനപരിശോധന ഹര്‍ജി അംഗീകരിച്ച് തുറന്നരോടതിയില്‍ വാദം കേള്‍ക്കുവാനുള്ള സുപ്രീം കോടതിയുടെ തീരുമാനം റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ആയിരിക്കുകയാണ്.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഡിസംബര്‍ 14ലെ സുപ്രീം കോടതി വിധിയില്‍ പുനപ്പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളിലാണ് ഉത്തരവ്. അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണ് ഹരജി നല്‍കിയത്.