ദുരന്തങ്ങളുടെ എഡിഷനായി മാറിയ എയറോ ഇന്ത്യ-2019. വന്‍ അഗ്നിബാധയില്‍ 300ല്‍പരം വാഹനങ്ങള്‍ കത്തിനശിച്ചു

Print Friendly, PDF & Email

യലഹങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന എയറോ ഇന്ത്യ – 2019 ന്‍റെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ 300ല്‍ പരം വാഹനങ്ങള്‍ കത്തിനശിച്ചതായി ഭയപ്പെടുന്നു. എയര്‍ഷോ നടക്കുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് ~ കിലോമീറ്ററോളം ദൂരെയാണ് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. യലഹങ്ക വ്യോമസേന താവളത്തിനോടനുബന്ധിച്ചു കിടക്കുന്ന വിശാലമായ സ്ഥലത്താണ് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. അഗ്നിബാധഉണ്ടായ സ്ഥലത്തു നിന്ന് ഒന്നരകിലോമീറ്റര്‍ അടുത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100 ഓളം അത്യാധുനിക യുദ്ധവിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു.

20-ാംതീയതി ബുധനാഴ്ച ആരംഭിച്ച എയര്‍ഷോ നാളെ അവസാനിക്കാനിരിക്കെയാണ് അഗ്നിബാധ മുന്നൂറോളം വാഹനങ്ങളെ ചുട്ടെരിച്ച് സംഹാരമാടിയത്. അഞ്ച് ദിവസം നീണ്ടു നിന്ന എയര്‍ഷോക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉള്ളത് ഇന്നും നാളെയും മാത്രമാണ് അതിനാല്‍ എയര്‍ഷോക്ക് വന്‍ ജനതിരക്കായിരുന്നു ഉണ്ടായിരുന്നത്. പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ 1000ത്തില്‍ പരം വാഹനങ്ങള്‍ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്.

അരോ അലക്ഷ്യമായി ഇട്ട സിഗരറ്റ് കുറ്റിയില്‍ നിന്ന് പുല്ലിനു തീപടര്‍ന്നാണ് രാവിലെ 11.30ഓടെ തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പാര്‍ക്കിങ്ങ് ഏരിയയില്‍ വളര്‍ന്നിരുന്ന ഉണങ്ങിയ പുല്ലും തുറന്ന സ്ഥലത്തെ ശക്തമായി കാറ്റും വാഹനങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്ക് പൊടുന്നനെ തീപടരുന്നതിനു കാരണമായി. പാര്‍ക്കിങ്ങ് ഏരിയയില്‍ അഗ്നിശമന വാഹനങ്ങള്‍ ഇല്ലാതിരുന്നതു അഗ്നിബാധയുടെ ആഘാതം വര്‍ദ്ധിപ്പിച്ചു.

എയറോ ഇന്ത്യയുടെ 12-ാംമത്തെ എഡിഷനാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് ഈവര്‍ഷം എയര്‍ഷോ വടക്കേ ഇന്ത്യയിലേക്ക് മാറ്റുവാന്‍ ശക്തമായി ചരടുവലി നടന്നിരുന്നു. അതിനെ എല്ലാം അതിജീവിച്ചാണ് ഈ വര്‍ഷവും എയറോ ഇന്ത്യ ഷോ ബെംഗളൂരുവില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചത്.

ഉത്ഘാടന ദിവസത്തിന്‍റെ തലേനാള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ രണ്ട് സൂര്യകിരണ്‍ എയര്‍ക്രാഫ്റ്റുകള്‍ പരിശീലന പറക്കലിനിടയില്‍ കൂട്ടിമുട്ടി തകര്‍ന്നുവീണ് പൈലറ്റ് മരിച്ചിരുന്നു. ഈ സംഭവം എയറോ ഇന്ത്യ-2019 ഷോയുടെ പകിട്ട് കുറച്ചിരുന്നു. സമാപന ദിവസത്തിന്‍റെ തലേനാള്‍ കാര്‍പാര്‍ക്കിങ്ങ് ഏരിയയിലുണ്ടായ തീപിടുത്തം കൂടിയായപ്പോഴേക്കും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന എയറോ ഇന്ത്യയുടെ 12-ാംമത്തെ എഡിഷന്‍ ദുരന്തങ്ങളുടെ എഡിഷനായി മാറിയിരിക്കുകയാണ്.