ലക്ഷദ്വീപ് ജനതക്ക് കേരളത്തിന്‍റെ ഐക്യദാർഢ്യം. പ്രമേയം നിയമസഭ ഐക്യകണ്ഠേന പസാക്കി.

Print Friendly, PDF & Email

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ. അഡ്മിനിസ്ട്രേറ്റര്‍ ലക്ഷദ്വീപില്‍ ഏകപക്ഷീയമായി നടപ്പാക്കുന്ന നയങ്ങളെ വിമര്‍ശിച്ചും ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിയമസഭാ ചട്ടം 118 പ്രകാരമുള്ള പ്രമേയമാണ് കേരള നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയത്.

മുഖ്യമന്ത്രിയാണ് സഭയിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ടയാണ് നടപ്പാക്കുന്നുതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ അന്തേവാസികളുടേയും സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടെന്ന് പ്രമേയം പറയുന്നു. സംഘപരിവാര്‍ അജണ്ടക്കൊപ്പം കോര്‍പറേറ്റ് താൽപര്യങ്ങളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഗോ വധ നിരോധനം എന്ന സംഘ പരിവാർ അജണ്ട പിൻ വാതിലിലൂടെ ദ്വീപിൽ നടപ്പാക്കുന്നു ഇത് അനുവദിക്കാനാകില്ലെന്നും പ്രമേയത്തിലൂടെ കേരള നിയമസഭ മുന്നറിയിപ്പ് നല്‍കുന്നു. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്കാരങ്ങൾ ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. ലക്ഷദ്വീപിൽ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാംസ്‌കാരിക – മതേതര മൂല്യങ്ങളുടെ കടക്കൽ കാത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ കാശ്മീർ ആയിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കിൽ ഇന്ന് ലക്ഷദ്വീപാണെന്നും നാളെ കേരളമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുവെന്നും നാളെ അത് ജാതി പിന്നെ ഉപജാതി അങ്ങനെയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡാ പാട്ടേലിന്റെ മുഴുവൻ ഉത്തരവുകളും റദ്ദാക്കണമെന്നും സംഘപരിവാര്‍ താൽപര്യം സംരക്ഷിക്കുന്നു എന്നും പ്രമേയത്തിൽ എടുത്ത് പറയണമെന്ന് മുസ്ലീം ലീഗും കേന്ദ്ര സര്‍ക്കാരിനെ സര്‍ക്കാരിനെ വ്യക്തമായി വിമര്‍ശിക്കണമെന്ന് കോൺഗ്രസും നിര്‍ദ്ദേശിച്ച ഭേദഗതികൾ അംഗീകരിച്ചാണ് പ്രമേയം നിയമസഭ പാസ്സാക്കിയത്.