വീട്ടില്‍ ഭാര്യയേയും മക്കളേയും വിളിക്കുന്ന രീതിയിലാണ് സബ് കളക്ടറെ വിളിച്ചതെന്ന് രാജേന്ദ്രന്‍

Print Friendly, PDF & Email

”വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവൾ’ എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താൻ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് താൻ കരുതുന്നത്. ” എങ്കിലും സ്ത്രീസമൂഹത്തിന് തന്‍റെ പരാമർശത്തിൽ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ തന്‍റെ നിലപാടുകളില്‍ മാറ്റമില്ലെന്നും എംഎൽഎ പറഞ്ഞു. സബ് കളക്ടർക്ക് പ്രയോഗികബുദ്ധി ഇല്ല. സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സബ് കളക്ടർ തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. വിവാദത്തിൽ തീർത്തും ഒറ്റപ്പെട്ടതോടെ ഖേദം പ്രകടിപ്പിക്കാൻ എസ് രാജേന്ദ്രൻ എംഎൽഎ നിർബന്ധിതനാവുകയായിരുന്നു.

”അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്ക്ന്ന്.. കളക്ടറാകാൻ വേണ്ടി മാത്രം പഠിച്ച് കളക്ടറായവർക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബിൽഡിംഗ് റൂൾസ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാൻ യാതൊരു റൈറ്റുമില്ല.. അവള്ടെ പേരിൽ കേസ് ഫയൽ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിർദേശം കേൾക്കൂലെന്ന് പറഞ്ഞെന്നാ..” എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രൻ പറ‌ഞ്ഞത്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്‍റെ തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണപ്രവർത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്‍റെ നടപടി. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.

സബ് കളക്ടർക്കെതിരായ എസ് രാജേന്ദ്രൻ എംഎൽഎയുടെ പരാമർശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ ഘടകം പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ് രാജേന്ദ്രനെ പിന്തുണച്ച്‌ മന്ത്രി എംഎം മണി രംഗത്തുവന്നു. പഞ്ചാത്തിന്‍റെ ഭൂമികൈയ്യേറ്റം കോര്‍ട്ടലക്ഷ്യമാണ് എന്ന് ഹൈക്കോടതിയില്‍ സബ്ബ് കളക്ടർ രേണു രാജി ഇന്ന് റിപ്പോര്‍ട്ട് നല്‍കും.

 

  •  
  •  
  •  
  •  
  •  
  •  
  •