ആത്മഹത്യയുടെ പേരില്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

Print Friendly, PDF & Email

ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹരമിരിക്കുന്ന സെക്രട്ടേറിയേറ്റിന് മുമ്പിലെ പന്തലിന് സമീപം ഇലക്ട്രിക്കല്‍ വര്‍ക്കുകളുടെ സഹായിയായി ജോലി ചെയ്തുവന്നിരുന്ന വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീകൊളുത്തി മരിച്ചതിന്‍റെ പേരില്‍ ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍

സെക്രട്ടേറിയേറ്റിന് മുന്നില്‍ വ്യാഴാഴ്ച വെളുപ്പിന് ഒന്നര മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) ശരീരത്തില്‍ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍ സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊളളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തി. ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കി.

വൈകുന്നേരത്തോടെ വേണുഗോപാലന്‍ നായര്‍ മരിച്ചു. താന്‍ ജീവിതം മടുത്തുവെന്നും ഇനിയും ജീവിക്കുവാന്‍ ആഗ്രഹമില്ല എന്നും ഡോക്ടറോ‍ടും മരണമൊഴിയെടുത്ത പോലീസിനോടും പറഞ്ഞതായി പോലീസ് അധികൃതര്‍ പറഞ്ഞു. അതിനാല്‍ വേണുഗോപാലന്‍ നായര്‍ മരണമടഞ്ഞ സംഭവം ആത്മഹത്യയാണ്. ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇയാള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക ബന്ധമൊന്നുമില്ലന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

വേണുഗോപാലന്‍ നായരുടെ മരണം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്ന് ബിജെപി ആരോപിച്ചു.  അയ്യപ്പനുവേണ്ടി ഇതു മാത്രമേ എനിക്ക് ചെയ്യാനുള്ളൂവെന്നു പറഞ്ഞാണ് വേണുഗോപാലന്‍ നായര്‍ ആത്മാഹൂതി ചെയ്തതെന്നും അതിനാല്‍ ഈ ആത്മാഹൂതിയുടെ ഉത്തരവാദിത്വം സര്‍ക്കാരിനു മാത്രമാണെന്നും ആണ് ബിജെപിയുടെ നിലപാട്. ബിജെപി സെക്രട്ടറിയേറ്റിന്‍റെ മുന്പില്‍നടത്തുന്ന സമരം പരാജയപ്പെട്ടതിന്‍റെ ജാള്യത മറക്കുവാന്‍ വേണ്ടിയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇന്ന് നടക്കുന്ന ബിജെപി ഹർത്താൽ തള്ളിക്കളയണമെന്നും മിന്നൽ ഹർത്താലുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്ന്നും  വ്യാപാരി വ്യവസായി സമിതി അറിയിച്ചു.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares