INDIANEWS MAIN

ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് ഒരേ തോക്കുപയോഗിച്ച്‌

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷും എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് ഒരേ തോക്കുപയോഗിച്ചാണെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിനു രണ്ടുവര്‍ഷം മുന്‍പ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍നിന്ന് മൂന്നു വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോദനയില്‍ ഇവര്‍ക്കു രണ്ടു പേര്‍ക്കും വെടിയേറ്റത് ഒരേ തോക്കില്‍നിന്നുള്ള വെടിയുണ്ടകളേറ്റാണ്. 7.65 എംഎം നാടന്‍ തോക്കാണ് ഇരു ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇരുവരുടെയും കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് കരുതപ്പെട്ടിരുന്നെങ്കിലും രണ്ടു കൊലപാതകങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുള്ളതായി വ്യക്തമാക്കുന്ന ആദ്യത്തെ ഔദ്യോഗിക തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

2015 ഫെബ്രുവരിയില്‍ കോലാപ്പൂരില്‍ ഇടതു ചിന്തകനും പണ്ഡിതനുമായ ഗോവിന്ദ് പന്‍സാരെയും ഭാര്യയും പുണെയില്‍ 2013 ആഗസ്തില്‍ യുക്തിവാദിയും എഴുത്തുകാരനുമായ നരേന്ദ്ര ദാബോല്‍ക്കറും സമാനമായ തോക്കില്‍നിന്നുള്ള വെടിയേറ്റാണ് മരിച്ചത്. ഇവര്‍ കൊല്ലപ്പെട്ടതും ഇതേ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളേറ്റാണോ എന്ന അന്വേഷണത്തിലാണ് അധികൃതര്‍.

ഹിന്ദു യുവസേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കെ.ടി നവീന്‍കുമാര്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം.