INDIANEWS MAIN

ഭാരത ബന്ദിന് സമ്മിശ്ര പ്രതികരണം. കര്‍ഷക നേതാക്കളെ ചര്‍ച്ചക്ക് വിളിച്ച് അമിത് ഷാ

കാർഷിക വിപണനത്തെ പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് വിവാദ നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമുക്ത് കിസാൻ മോർച്ചയുടെ ബാനറില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ഷക ബന്ദിന് രാജ്യത്ത് സമ്മിശ്ര പ്രതികരണം. ഉത്തരേന്ത്യയുടെ വലിയ ഭാഗങ്ങളിൽ, പ്രത്യേകിച്ച് പഞ്ചാബിലും, ഒഡീഷയിലും, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ബന്ദ് സാധാരണ ജീവിതത്തെ കാര്യമായി ബാധിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള 25 ഓളം പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാന ട്രേഡ് യൂണിയനുകൾ, വ്യാപാരികൾ, ഗതാഗത അസോസിയേഷനുകൾ, സുപ്രീം കോടതിയുടെ ബാർ അസോസിയേഷൻ പോലുള്ള പ്രൊഫഷണൽ ബോഡികൾ തുടങ്ങിയ സംഘടനകളും കര്‍ഷകര്‍ നടത്തിയ ബന്ദിനെ പിന്തുണച്ചിരുന്നു.ഭാരത് ബന്ദ് അവസാനിച്ചതിന് പിന്നാലെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ കർഷകരെ ചർച്ചക്ക് ക്ഷണിച്ചിരിക്കുകയാണ്. നാളെ നടക്കുന്ന ആറാം ഘട്ട ചര്‍ച്ചക്ക് മുന്നൊരുക്കമായിട്ടാണ് അപ്രതീക്ഷിതമായി അമിത് ഷാ കര്‍ഷകരെ ക്ഷണിച്ചിരിക്കുന്നത്. 12 ദവസങ്ങളായി തുടരുന്ന കര്‍ഷകസമരം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു എന്നുവേണം ഇതില്‍ നിന്ന് അനുമാനിക്കാന്‍.

പഞ്ചാബ്
പഞ്ചാബിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. പഞ്ചാബിൽ സാധാരണ ജീവിതം പൂര്‍ണ്ണമായും തകർന്നു
കടകളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ബന്ദ് അനുകൂലികള്‍ വ്യാപാര സ്ഥാപനങ്ങൾ ദേശീയ, സംസ്ഥാന ഹൈവേകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇത് വാഹന, റെയിൽ ഗതാഗത നീക്കങ്ങളെ സാരമായി ബാധിച്ചു. ബസ്സുകളും ടാക്സികളും ഉൾപ്പെടെയുള്ള പൊതുഗതാഗതം റോഡുകളിൽ നിന്ന് വിട്ടുനിന്നു.. സംസ്ഥാനത്ത് ഇന്ധന സ്റ്റേഷനുകളും അടച്ചിരുന്നു. പട്യാല, മൊഗ, ഫിറോസ്പൂർ, ഫാസിൽക്ക, ബർണാല, ഫരീദ്‌കോട്ട്, മുക്തർ, മൻസ, ബതിന്ദ, തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം അടഞ്ഞുകിടന്നു.

കര്‍ണ്ണാടക
കര്‍ണ്ണാടകത്തെ കര്‍ഷക ബന്ദ് കാര്യമായി ബാധിച്ചില്ല.തീരദേശ ജല്ലകളടക്കം കര്‍ണാടകയില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു. കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിപക്ഷ കോൺഗ്രസിന്റെയും നിരവധി പ്രതിഷേധങ്ങള്‍ ബെംഗളൂരു നഗരത്തില്‍ അരങ്ങേറി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാന സൗധയിൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി.