[breadcrumb]

സമാധാന ശ്രമങ്ങള്‍ക്കിടയിലും ആക്രമണം ശക്തമാക്കി ഇസ്രായേല്‍

ഇസ്രായേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ തുടരവേ ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കണക്കാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നതിന്‍റെ പിന്നാലെയാണ് ബോബാക്രമണം ഇസ്രയേൽ ശക്തമാക്കിയത്. ആളുകോളോട് മാറാൻ പറഞ്ഞ തെക്കൻ ഗാസയിലും വ്യാപക മിസൈലാക്രമണമാണ് നടന്നത്. സൈനിക നടപടി തുടർന്നിരുന്ന വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ഇന്ന് വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിൽ മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഇസ്രയേലിന്റെ കസ്റ്റഡിയിലാണ്. വെസ്റ്റ്ബാങ്കിലെ പള്ളിയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഈ പള്ളി അഭയാർത്ഥികൾ തങ്ങിയിരുന്നതാണെന്ന് പലസ്തീൻ പറയുന്നു. എന്നാൽ ഇവിടെ ഭൂഗർഭ അറകളിൽ ഒളിച്ചിരുന്ന അക്രമികളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വാദിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 266 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 പേരും കുട്ടികളാണ്. ഗാസയ്‌ക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയുന്നതിനു ലോകരാഷ്ട്രങ്ങളുടെ ഒരു “ഐക്യമുന്നണി” രൂപപ്പെടുത്തണമെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഹമാസിന്റെ പ്രധാന പ്രാദേശിക പിന്തുണയുള്ള ഇറാന്റെ സൈനിക സാന്നിധ്യമുള്ള അയൽരാജ്യമായ സിറിയയിലെ, ഡമാസ്കസ്, അലപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ മിസൈലുകൾ പതിക്കുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തതായി സിറിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ലെബനനുമായുള്ള ഇസ്രായേലിന്റെ വടക്കൻ അതിർത്തിയിൽ, ഹമാസിനെ പിന്തുണച്ച് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പ് ഇസ്രായേൽ സേനയുമായി ഏറ്റുമുട്ടി. ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന്റെ ആളില്ലാ വിമാനത്തിന് നേരെ ഹിസ്ബുല്ല മിസൈൽ തൊടുത്തു. മറുപടിയായി ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇതുവരെ 17 ഹിസ്ബുല്ല അംഗങ്ങൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിബന്ധനകളോടെ ഇന്നലെ തുറന്ന റഫ അതിർത്തിയിലൂടെ പോകുന്ന ഓരോ ട്രക്കും പരിശോധിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ട്രക്കുകളിൽ ഇന്ധനം കൊണ്ടുപോകാൻ അനുവദിക്കില്ല. അതേസമയം, ഐക്യരാഷ്ട്രസഭയിൽ അമേരിക്ക അവതരിപ്പിക്കുന്ന ഇസ്രയേൽ അനുകൂല പ്രമേയം വീറ്റോ ചെയ്യുമെന്ന് റഷ്യയും ചൈനയും സൂചന നൽകി. ബ്രസീൽ അവതരിപ്പിച്ച പ്രമേയം നേരത്തെ അമേരിക്ക വീറ്റോ ചെയ്തിരുന്നു.