തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണർ നിയമനത്തിൽ ഉറപ്പു വരുത്തുന്ന സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കമ്മീഷണർ നിയമനത്തിൽനിഷ്പക്ഷത ഉറപ്പുവരുത്തുന്ന സുപ്രധാന വിധിയാണ് അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇന്നു പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും രാഷ്ട്രപതി നിയമിക്കുമെന്ന് വ്യാഴാഴ്ച സുപ്രീം കോടതി ഉത്തരവിട്ടു. സി.ബി.ഐ ഡയറക്‌ടറെ നിയമിക്കുന്ന രീതിയിലായിരിക്കും നിയമനം. നാളിതുവരെ ഗവർമ്മെന്റ് ശുപാർശ ചെയ്യുന്നവരെ കമ്മീഷണർമാരായി പ്രസിഡന്റ് നിയമിക്കുകയായിരുന്നു പതിവ്. അതിനാൽ പലപ്പോഴും സർക്കാരിന് അനുകൂലമായ തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ കൈകൊള്ളുന്നത് എന്ന ആരോപണം ഉയർന്നിരുന്നു. ഇതിനാണ് പുതിയ ഉത്തരവിലൂടെ സുപ്രീം കോടതി തടയിട്ടിരിക്കുന്നത്. കൂടാതെ ഇനിമുതൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറെ മാത്രമല്ല മറ്റ് രണ്ട് കമ്മീഷർമാരെ പുറത്താക്കണമെങ്കിലും ഇംപീച്ച് നടപടികൾ ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന കാര്യത്തിൽ പാർലമെന്റ് നിയമം ഉണ്ടാക്കുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സുപ്രീം കോടതി ഉത്തരവു പ്രകാരം ആയിരിക്കണെമെന്ന് ഭരണഘടനാ ബഞ്ച് വ്യക്തമാക്കി.
ഉന്നതാധികാര സമിതിയുടെ ശുപാർശ പ്രകാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കാനുള്ള സുപ്രീം കോടതി വിധിയെ നിരവധി രാഷ്ട്രീയ പാർട്ടികൾ അഭിനന്ദിച്ചു. ഡിഎംകെ മേധാവിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ സുപ്രീം കോടതിയുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയുടെ സമയോചിതമായ ഇടപെടൽ നിർണായകമാണെന്നും പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയുടെ ഉത്തരവിനെ ‘ജനാധിപത്യ വിജയം’ എന്ന് വിശേഷിപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തീരുമാനത്തെ സ്വാഗതം ചെയ്തു.