ജെഡിഎസ് ല്‍ പൊട്ടിത്തെറി. സി എം ഇബ്രാഹിമിനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കി

Print Friendly, PDF & Email

ജെഡിഎസ് കര്‍ണ്ണാടക അദ്ധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ ചുമതലയില്‍ നിന്നും നീക്കി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവദൗഡയുടേതാണ് നടപടി. ജെഡിഎസ് എന്‍ഡിഎയുമായി കൈകോര്‍ത്തതിനെ ഇബ്രാഹിം എതിര്‍ത്തിരുന്നു. പിന്നാലെയാണ് നടപടി. പകരം എച്ച് കുമാരസ്വാമിക്ക് അദ്ധ്യക്ഷ ചുമതല നല്‍കി. പഴയ പാര്‍ട്ടി യൂണിറ്റ് പിരിച്ചുവിടുകയും പകരം താല്‍ക്കാലിക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദേശീയ അദ്ധ്യക്ഷന്റെ നടപടിയെന്നും ഇക്കാര്യം സിഎം ഇബ്രാഹിമിന്റെ അറിയിക്കുമെന്നും എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് തന്റെ ഉത്തരവാദിത്തമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജെഡിഎസ്-ബിജെപി സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച സി എം ഇബ്രാഹിം സമാന നിലപാടുള്ളവരെ കൂട്ടി തിങ്കളാഴ്ച്ച യോഗം ചേര്‍ന്നിരുന്നു. യഥാര്‍ത്ഥ ജെഡിഎസ് തങ്ങളുടേതാണെന്നും ഇബ്രാഹിം യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ജെഡിഎസ് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്.

സിഎം ഇബ്രാഹിമിനെ രൂക്ഷമായി വിമര്‍ശിച്ച കുമാരസ്വാമി ‘ യഥാര്‍ത്ഥ പാര്‍ട്ടി അദ്ദേഹത്തിന്റേതാണെങ്കില്‍ ഒരു ബോര്‍ഡ് വെക്കട്ടെ. ആരാണ് അദ്ദേഹത്തെ തടയുക?. അദ്ദേഹം ഇഷ്ടം പോലെ ചെയ്യട്ടെ. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം സ്വന്തം ഇഷ്ടത്തിന് വിട്ടിരിക്കുന്നു.’ എന്ന് പ്രതികരിച്ചിരുന്നു.