മാനന്തവാടിയില്‍ കാട്ടാന ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിക്ഷേധിച്ച് നാട്ടുകാര്‍.
മാനന്തവാടി വീണ്ടും ആനപ്പേടിയില്‍. കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജി (47)ആണ് ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ കാട്ടാന ആക്രമണത്തിൽ മരിച്ചത്. മാനന്തവാടി ഉണ്ടയങ്ങാടി പടമല ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണം ഉണ്ടായത്. രാവിലെ കൃഷിപ്പണിക്ക് ആളെ കൊണ്ടുവരുവാനായി പുറത്തിറങ്ങിയ അജി കാട്ടാനയുടെ മുന്പില്‍ പെടുകയായിരുന്നു. ജീവരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ വീണുപോയ അജിയെ വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആന ആക്രമിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് നാട്ടിലിറങ്ങി ഭീതി വിതച്ചത്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീ നാലു വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വയനാട് ചാലിഗദ്ദയില്‍ 47-കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മാനന്തവാടിയില്‍നിന്ന് മയക്കുവെടിവെച്ച് പിടിച്ച മാനന്തവാടിയില്‍നിന്ന് മയക്കുവെടിവെച്ച് പിടിച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പനു പുറമേ ഈ ആനയും വയനാട്ടില്‍ എത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. അഞ്ചുദിവസം മുമ്പ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തില്‍ ആനയെത്തി. ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനംവകുപ്പിനെ കേരളം സമീപിച്ചിരുന്നുവെന്ന് കേരള വനം വകുപ്പ് അധികൃതര്‍ പറയുന്നു. ആനയുടെ നീക്കങ്ങളറിയാന്‍ ആന്റിനയും റസീവറും വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ വനംവകുപ്പ് സ്വന്തമായി ആന്റിനയും റിസീവറും സംഘടിപ്പിച്ചെങ്കിലും ഫ്രീക്വന്‍സി നല്‍കാന്‍ കര്‍ണാടക തയ്യാറായില്ല എന്ന് കേരള വനം വകുപ്പ് ആരോപിക്കുന്നു.
വനവകുപ്പുകള്‍ക്കിടയിലെ ഈ ശീത സമരത്തില്‍ നഷ്ടപ്പെട്ടത് ഒരു മധ്യവയസ്കന്‍റെ ജീവനാണ്. ഇതില്‍ ശക്തമായ പ്രതിക്ഷേധമാണ് മാനന്തവാടിയില്‍ ഉയരുന്നത്. മാനന്തവാടിയിലെ റോഡുകളെല്ലാം പൂര്‍ണ്ണമായും ഉപരോധിച്ച നാട്ടുകാര്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടുകൊടുക്കാതെ മൃതദേഹം വഹിച്ചുകൊണ്ട് പ്രതിക്ഷേധ പ്രകടനം നടത്തി. വൈകി സ്ഥലത്തെത്തിയ വയനാട് എസ്.പിയേയും ജില്ലാകളക്ടറേയും മൃതദേഹം കാണുവാന്‍ അനുവദിക്കാതെ നാട്ടുകാര്‍ ഉപരോധിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തിന്‍റെ വക്കിലെത്തി.
അധികൃതരുടെ ഭഗത്തു നിന്ന് പലഉറപ്പുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നും നടപടികളിലേക്ക് നീങ്ങിയിട്ടില്ല എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആനയിറങ്ങിയതിനെക്കുറിച്ച് ഒരുമുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നും ഒരു മധ്യവയസ്കന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലത്തെത്തിയിട്ടില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആന ആയിരുന്നിട്ടും ജനവാസമേഖലയില്‍ ഇറങ്ങാത്തവിധം എന്തുകൊണ്ട് തുരത്താന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
വളരെയേറെ ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇതിന്‍റെ പ്രയോജനം പലതും ജനങ്ങൾക്ക് കിട്ടുന്നില്ല എന്ന കുറ്റ സമ്മതമാണ് വനം വകുപ്പ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും എന്നാണ് മന്ത്രി പറയുന്നത്. പക്ഷെ, മന്ത്രിയുടെ ഈ വാഗ്നാനങ്ങള്‍ ഒന്നും മുഖവിലക്കെടുക്കാത്ത നാട്ടുകാര്‍ പ്രതിക്ഷേധം കടുപ്പിക്കുകയാണ്.