അസമിൽ ശൈശവവിവാഹം നിര്‍മാര്‍ജന യജ്ഞം: 3 ദിവസത്തിനുള്ളിൽ 2,273 പേർ അറസ്റ്റില്‍.
ശൈശവവിവാഹങ്ങൾക്കെതിരെയുള്ള സംസ്ഥാനവ്യാപകമായ ശക്തമായ നടപടിയുടെ ഭാഗമായി 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചതിന് സംസ്ഥാനത്തുടനീളമുള്ള 2,273 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ പോക്സോ നിയമത്തിന്റെയും ശൈശവ വിവാഹ നിരോധന നിയമത്തിന്റെയും വകുപ്പുകൾ പ്രകാരം കേസെടുത്തു. ഇതുവരെ സംസ്ഥാനത്തൊട്ടാകെ 4,074 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 214 പുതിയ അറസ്റ്റുകൾ നടന്നു. ശൈശവ വിവാഹങ്ങൾക്കെതിരെ സർക്കാർ സംസ്ഥാന വ്യാപകമായി യജ്ഞം ആരംഭിക്കുമെന്ന് ജനുവരി 23ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രഖ്യാപനത്തെ തുടർന്നാണ് പോലീസ് നടപടി. ലോവർ അസമിലെ ധുബ്രി മുതൽ അപ്പർ അസമിലെ മജുലി വരെ അറസ്റ്റിനോടനുബന്ധിച്ച് ഒരേ കാഴ്ചകളാണ് അരങ്ങേറുന്നത്.
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ആണ് പോലീസ് കേസെടുക്കുന്നത്. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്ക് ജാമ്യമില്ലാ വകുപ്പുകളും 14 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ശർമ്മ ബിശ്വ പറഞ്ഞു. വരൻ 14 വയസ്സിൽ താഴെയാണെങ്കിൽ, അവനെ ഒരു റിഫോര്‍മേഷന്‍ കേന്ദ്രത്തിലേക്ക് അയയ്ക്കും. 18 വയസ്സിന് മുകളിലുള്ള പുരുഷന്മാരെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്നും അറസ്റ്റിലായവരുടെ പ്രൊഫൈലുകൾ പഠിച്ചുക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ബിശ്വനാഥ് ജില്ലയിൽ (137 അറസ്റ്റുകൾ), ധുബ്രി (126), ബക്‌സ (120), ബാർപേട്ട (114) എന്നിവിടങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നതെന്ന് അസം ഡിജിപി ജി പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. നാഗോൺ, കൊക്രജാർ, ഹോജായ് ജില്ലകളിലായി 90-ലധികം പേർ വീതം അറസ്റ്റുചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ അറസ്റ്റ് നടന്ന ജില്ലകളിൽ മൂന്നെണ്ണമെങ്കിലും – ലോവർ ആസാമിലെ ധുബ്രി, ബാർപേട്ട, സെൻട്രൽ അസമിലെ നാഗോൺ – ന്യൂനപക്ഷ ആധിപത്യമുള്ളവയാണ്.
സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളും നേരത്തെയുള്ള മാതൃത്വവും തടയാൻ ലക്ഷ്യമിട്ടാണ് അസം സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ റിപ്പോർട്ടുകൾ പ്രകാരം, ആസാമിൽ മാതൃ-ശിശു മരണനിരക്ക് വളരെ ഉയർന്നതാണ്. ശൈശവ വിവാഹമാണ് പ്രാഥമിക കാരണം എന്ന് പഠനം പറയുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളിൽ ശരാശരി 31 ശതമാനം നിരോധിത പ്രായത്തിലുള്ളവരാണെന്ന് എൻഎഫ്എച്ച്എസ് ചൂണ്ടിക്കാട്ടുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 (NFHS-5) 2019-21 പ്രകാരം, അസമിലെ 15-19 വയസ്സിനിടയിലുള്ള സ്ത്രീകളിൽ ഏകദേശം 11.7 ശതമാനം പേരും സർവേ സമയത്ത് അമ്മമാരോ ഗർഭിണികളോ ആയിരുന്നു.
ശൈശവ വിവാഹത്തിനെതിരായ നീക്കങ്ങൾ 2026 ലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ശനിയാഴ്ചപറഞ്ഞു. പ്രായപൂർത്തി ആകാത്ത വിവാഹങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മാതാപിതാക്കളെ നിലവിൽ നോട്ടീസ് നൽകി വിട്ടയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇനി അത് ഉണ്ടാവില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ നടപടി കടുപ്പിച്ചതിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തു വന്നു. ഭർത്താക്കന്മാരെ പിടികൂടി ജയിലിൽ പാർപ്പിച്ചാല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികള്‍ക്ക് എന്താണ് ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പക്ഷപാതപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോഹിച്ചു. ഭർത്താക്കന്മാരെയും മക്കളെയും അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹ കേസുകൾ ഉള്ള ജില്ലയായ ധുബ്രിയില്‍ ശനിയാഴ്ച തെരുവിലിറങ്ങിയത് നിരവധി സ്ത്രീകളാണ്. തമർഹ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ സ്ത്രീകൾ തങ്ങളുടെ കുടുംബാംഗങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിക്ഷേധം സംഘര്‍ഷത്തിലേക്ക് നീണ്ടു.