ജി-20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ജോ ബൈഡനും ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തും.
അടുത്ത ആഴ്ച ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചു. യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സ്വയംഭരണ തായ്‌വാൻ സന്ദർശനത്തെത്തുടർന്ന് യുഎസ്-ചൈന ബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് ജി 20 യുടെ ഭാഗമായി നടക്കുന്ന ഈ കൂടിക്കാഴ്ച. പെലോസിയുടെ സന്ദർശനത്തിന് ശേഷം, വാഷിംഗ്ടണുമായുള്ള ഔദ്യോഗിക ആശയവിനിമയത്തിന്റെ ഒട്ടുമിക്ക ചാനലുകളും ബെയ്ജിംഗ് വിച്ഛേദിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിറ്റി പാർട്ടിയുടെ നേതാവായി ഷി ചരിത്രപരമായ മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്.
“യുണൈറ്റഡ് സ്റ്റേറ്റ്സും ചൈനയും തമ്മിലുള്ള ആശയവിനിമയം നിലനിർത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ നേതാക്കൾ ചർച്ച ചെയ്യും, അന്താരാഷ്ട്ര സമൂഹത്തെ ബാധിക്കുന്ന അന്തർദേശീയ വെല്ലുവിളികളിൽ ഇരു രാജ്യങ്ങളുടേയും താൽപ്പര്യങ്ങൾ യോജിക്കുന്നിടത്ത് ഒരുമിച്ച് പ്രവർത്തിക്കുക എന്നതായിരിക്കും കൂടികാഴ്ചയില്‍ പ്രധാനമായും ഉരുത്തിരിയുക എന്ന് യുഎസ് വിദേശകാര്യ വ്യക്താവ് ജീൻ പിയറി പറഞ്ഞു.