എൽകെ അദ്വാനിക്ക് ‘ഭാരതരത്‌ന’. സമ്മിശ്ര പ്രതികരണവുമായി രാജ്യം.

Print Friendly, PDF & Email

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എൽകെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഭാരതരത്‌ന’ സമ്മാനിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്തിയ പ്രഖ്യാപനം രാജ്യത്ത് സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ബിജെപിയും സഖ്യകക്ഷികളും തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ പ്രതിപക്ഷത്തെ പല നേതാക്കളും ഈ നീക്കത്തെ വിമര്‍ശിക്കുകയായിരുന്നു. എല്‍.കെ അദ്വാനിക്ക് ‘ഭാരതരത്നം’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാവന പുറത്തു വന്നതോടെ രാജ്യത്തെ സമാധാനം തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുവാന്‍ കാരണക്കാരനുള്ള അവാര്‍ഡാണ് ഈ ‘ഭാരതരത്നം’ എന്ന ട്രോളുകളുമായി രാജ്യത്തെ നെറ്റിസണ്‍ ലോകം സജീവമായി.

“ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു…”എന്ന വളരെ ഹ്രസ്വമായ ഒരു പ്രസ്താവനയിലൂടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്‍.കെ. അദ്വാനിക്ക് ലഭിച്ച ഭാരതരത്ന പുരസ്കാരത്തെ സ്വാഗതം ചെയ്തത് പ്രതിപക്ഷ മഹാസഖ്യമായ ഇന്‍ഡ്യ മുന്നണിയിലെ അനൈക്യം തുറന്നു കാട്ടുന്ന ഒന്നായി.

ബിജെപിയുടെ വോട്ടുകൾ ചിതറിപ്പോകാതിരിക്കാനാണ് എല്‍കെ അദ്വാനിക്ക് ‘ഭരതരത്ന’ നല്‍കുന്നതെന്ന് സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ബിജെപിയുടെ അധികാരം കേന്ദ്രത്തിൽ അവസാനിക്കുന്നതിന് മുമ്പ് അവരുടെ വോട്ടുകൾ ചിതറിപ്പോകാതിരിക്കാൻ ആണ് ‘ഭാരതരത്‌നം’ നൽകുന്നത് എന്നും എന്നാല്‍, അത് ബഹുമാനത്തോടെയല്ല നൽകുന്നത് എന്നും അദ്ദേഹം പറഞ്ഞു. “അവാർഡിനോട് ബഹുമാനമുണ്ട്, കാരണം അത് ഭാരതരത്നയാണ്, പക്ഷേ സ്വന്തം വോട്ടുകളുടെ ഏകീകരണത്തിനാണ്,” അവര്‍ അത് നല്‍കുന്നനത്, അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ഏപ്രിൽ 5ന് ഗാന്ധിനഗറിൽ വെച്ച് മുതിർന്ന നേതാവ് “മോദി എൻ്റെ ശിഷ്യനല്ല, മറിച്ച് വിദഗ്ദ്ധനായ ഇവൻ്റ് സംഘാടകനാണെന്ന് പറഞ്ഞു. മോദിയെയും അദ്വാനിയെയും ഒരുമിച്ചു കാണുമ്പോഴെല്ലാം ഇതാണ് ഓർമ്മ വരുന്നത്,” കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

എന്നാല്‍, പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത എൻസിപി അധ്യക്ഷൻ ശരദ് പവാർ, രാജ്യത്തിൻ്റെ വികസനത്തിന് വലിയ സംഭാവന നൽകിയ ആളാണ് അദ്വാനി എന്നു പറഞ്ഞു. താനും അദ്വാനിയും വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ പിന്തുടരുന്നവരാണെന്നും എന്നാൽ ബിജെപി നേതാവ് മികച്ച പാർലമെൻ്റേറിയനും കേന്ദ്രമന്ത്രിയുമായിരുന്നുവെന്നും അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിൽ സന്തോഷമുണ്ടെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.