KERALANEWS MAIN

കേരള കലാമണ്ഡലം ഡിംഡ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി.

കേരള കലാമണ്ഡലം ഡിംഡ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. പുതിയ ചാന്‍സലര്‍ ചുമതലയേറ്റെടുക്കും വരെ പ്രോ-ചാന്‍സലര്‍ ചാന്‍സലറുടെ ചുമതല വഹിക്കും. യുജിസി ചട്ടപ്രകാരം കൽപ്പിത (ഡീംഡ്) സര്‍വകലാശാലകളിലെ ചാൻസിലറെ സ്പോൺസര്‍ക്ക് തീരുമാനിക്കാം. കലാമണ്ഡലത്തിന്റെ സ്പോൺസര്‍ സര്‍ക്കാരാണ്. അതോടെ സര്‍ക്കാരിനെ സംബന്ധിച്ച് നിയമത്തില്‍ ഭേദഗതി വരുത്തി ചാന്‍സലറെ മാറ്റാന്‍ കഴിയുo. യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കലാമണ്ഡലത്തിലെ മാറ്റത്തിന് ഗവര്‍ണറുടെ അനുമതി പോലും വേണ്ട.  ഇതാണ് കല്‍പിത സര്‍വകലാശാലയില്‍ ഗവര്‍ണറെ നീക്കുന്നത് സർക്കാരിന് എളുപ്പമാക്കിയത്.

കേരള കലാമണ്ഡലത്തിന്റെ ഭരണസംവിധാനവും മാനേജ്‌മെന്റ് ഘടനയും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് അനുസൃതമായിരിക്കുമെന്നും ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഭേദഗതി ചെയ്‌ത ചട്ടങ്ങളിൽ പറയുന്നു. പുതിയ നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിനാണ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്. 75 വയസ്സിന് മുകളില്‍ പ്രായമുള്ള കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖനെ ചാന്‍സലറായി നിയമിക്കാമെന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. 2006 മുതൽ കലാമണ്ഡലം ചാൻസിലര്‍ ഗവര്‍ണറാണ്. 

സർവ്വകലാശാലകളുടെ പ്രവർത്തനത്തെച്ചൊല്ലി ഗവര്‍ണറും സർക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിയിലാണ് വൈസ് ചാന്‍സലറായ ഗവര്‍ണറെ മാറ്റിയിരിക്കുന്നത്. കേരളത്തിലെ സർവ്വകലാശാലകളുടെ തലപ്പത്ത് പ്രമുഖ അക്കാദമിക് വിദഗ്ധരെ നിയമിക്കുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനും ഇടയിലാണ് ഈ നീക്കം. പകരം വൈസ് ചാന്‍സലറായി കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെ നിയമിക്കും.