KERALANEWS MAIN

സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു…

സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം മാറി. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്തെ കോവിഡ് കേസുകൾ ഉയർന്നതിൽ ഇന്നും വലിയ സംഖ്യ കേരളത്തിൽ നിന്ന് തന്നെയാണ്. ഓരോ ദിവസവും കേസുകൾ മുകളിലേക്ക് പോവുകയാണ്. കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. കേന്ദ്ര സർക്കാർ ഏപ്രിൽ 18ന് സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിലെ നിർദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി

ഇന്നലെ രാജ്യത്ത് 4,033 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതില്‍ മൂന്നിലൊന്നും റിിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമെന്നും ഇത്ര നാൾ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 481 കേസുകളും എറണാകുളത്താണ്. തിരുവനന്തപുരം 220. പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. ഇന്ന് 13558 പരിശോധനകൾ നടത്തിയപ്പോഴാണ് ടിപിആർ 11.39ലേക്ക് ഉയർന്നത്. ഇന്ന് മാത്രം നാലു പേർ കൊവിഡ് ബാധിച്ച് മരിച്ചു. നാല് ദിവസത്തിനിടെ രേഖപ്പെടുത്തിയ 43 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 15 മരണം അതത് ദിവസങ്ങളിൽ നടന്നതും ബാക്കി അപ്പീൽ വഴി പട്ടികയിൽ ചേർത്തതുമാണ്.

സംസ്ഥാനത്ത് പടരുന്നത് ഒമിക്രോൺ വകഭേദം ആണെന്നും ആശങ്ക വേണ്ട എന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം കേന്ദ്രം വിലയിരുത്തി. പകുതിയിൽ അധികം കേസുകളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മാസ്ക് ധരിക്കുന്നത് കൃത്യമായി തുടരാനും, വാക്സീനേഷനിലെ അലംഭാവം ഒഴിവാക്കാനുമാണ് നിർദേശം.