തലപ്പത്തേക്ക് രാഹുല്‍ ഗാന്ധി തന്നെ…???
ചിന്തൻ ശിബിരംത്തിനു ശേഷം രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് തലപ്പത്തേക്ക്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ഗാന്ധി എതുര്‍പ്പില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
കോൺഗ്രസ് തലപ്പത്തേയ്ക്കുള്ള രാഹുൽ ഗാന്ധിയുടെ വരവിൽ ജി23 നേതാക്കൾക്കും എതിർപ്പില്ല. ഗുലാംനബി ആസാദും ആനന്ദ് ശർമ്മയും ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത് അതിന്‍റെ സൂചനയായാണ് കരുതുന്നത്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സ്ഥിതിയില്‍ സംഘടനയില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് 2020 ഓഗസ്റ്റിലാണ് ജി 23 നേതാക്കള്‍ ആദ്യമായി സോണിയ ഗാന്ധിക്ക് കത്തു നല്‍കുന്നത്. കടുത്ത വിമര്‍ശനങ്ങളാണ് അന്ന് നേതാക്കള്‍ ഉയര്‍ത്തിയത്. എന്നാല്‍ ഇന്ന് അതിന് മാറ്റം വരുകയാണ് കോൺഗ്രസ് പാർട്ടിയിൽ ഐക്യം ഉറപ്പാക്കാൻ രാഹുൽ അദ്ധ്യക്ഷനാകണമെന്നാണ് ചിന്തൻ ശിബിരം പ്രതിനിധികളില്‍ ബഹുഭൂരിപക്ഷവും ആവശ്യപ്പെടുന്നത്.
മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍ എംപി, വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്‌നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്‌ലി, പൃഥ്വിരാജ് ചൗഹാന്‍, പി ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്‌ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത് എന്നിവരാണ് ജി 23 അംഗങ്ങള്‍.
ഒരിടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേയ്ക്ക് വീണ്ടും രാഹുൽ ഗാന്ധിയെത്തുന്നത്. ചിന്തൻ ശിബിരത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടത്തുക. രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷനാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാർട്ടി ഐക്യത്തിന് രാഹുൽ ഗാന്ധി തലപ്പത്തേയ്ക്ക് വരണമെന്നാണ് പൊതു അഭിപ്രായമെന്നും ഏകകണ്ഠമായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കമിട്ടിരിക്കുന്നത്. പാർട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികൾ ചിന്തൻ ശിബിരത്തിൽ ചർച്ച ചെയ്യുകയാണ്. സംഘടനാപരമായി പാർട്ടിക്ക് പുതുജീവൻ നൽകുകയാണ് ചിന്തൻ ശിബിരത്തിന്റെ ലക്ഷ്യം.