ശബരിമലയിലെ പ്രക്ഷോഭങ്ങള്‍ സ്ത്രീ പ്രവേശനത്തിനെതിരല്ലന്ന നിലപാട്: ശ്രീധരന്‍ പിള്ള പ്രവർത്തകരോട് മാപ്പു പറയണം – തോമസ് ഐസക്

Print Friendly, PDF & Email

ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമലയില്‍  നടക്കുന്ന പ്രക്ഷോഭങ്ങള്‍ സ്ത്രീ പ്രവേശനത്തിനെ എതിര്‍ത്തല്ലെന്ന ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനക്കെതിരെ തോമസ് ഐസക്. പിള്ളയുടെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളിൽ പ്രതികളായ ബിജെപി പ്രവർത്തകരോട് അദ്ദേഹം ഇനിയെന്തു പറയുമെന്നും ധനമന്ത്രി ചോദിച്ചു. ചുരുങ്ങിയ പക്ഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കുന്ന സ്വന്തം പ്രവർത്തകരോട് പരസ്യമായി മാപ്പു പറയാനെങ്കിലും ബിജെപി പ്രസിഡന്‍റ് തയ്യാറാകണമെന്നും ഐസക് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

തോമസ്‌ ഐസക്കിന്‍റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം നൽകാമെന്ന തീരുമാനം 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ ബിജെപിയുടെ സമരം ശക്തമാക്കുമെന്ന് സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകിയ അഡ്വ. പി എസ് ശ്രീധരൻ പിള്ളയാണ് തികഞ്ഞ ഭീരുവിനെപ്പോലെ ഇന്ന് മലക്കം മറിഞ്ഞത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരെയല്ല ബിജെപിയുടെ സമരമെന്നാണ് പുതിയ ചുവടുമാറ്റം. ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാക്കിയാൽ നട അടച്ചിടാൻ ശബരിമല തന്ത്രി തയ്യാറായത്, തന്റെ നിയമോപദേശം വിശ്വസിച്ചാണ് എന്നു വീമ്പിളക്കിയ ചരിത്രവും ഈ വേളയിൽ നമുക്കോർമ്മിക്കാം.

കോടതി വിധി നടപ്പാക്കുന്നതു തടയാൻ തങ്ങൾ പതിനായിരക്കണക്കിന് പ്രവർത്തകർ രംഗത്തുണ്ട്, അതുകൊണ്ട് തന്ത്രി പേടിക്കേണ്ടതില്ല എന്ന് താൻ ധൈര്യം കൊടുത്തു എന്നൊക്കെയായിരുന്നു യുവമോർച്ചയുടെ രഹസ്യയോഗത്തിൽ ശ്രീധരൻ പിള്ള തട്ടിവിട്ടത്.

സുപ്രിംകോടതിയ്ക്കെതിരെ ഇത്രയും നാൾ നടത്തിയ സമരാഭാസത്തിൽ നിന്ന് ഏതൊക്കെയോ കാരണങ്ങളാൽ വ്യക്തിപരമായി ശ്രീധരൻ പിള്ള പിന്മാറുകയാണ്. സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് തടയാൻ നടത്തുന്ന ശ്രമങ്ങൾ തന്റെ അഭിഭാഷക ഭാവിയെ ബാധിക്കുമെന്ന തിരിച്ചറിവിലേയ്ക്ക് വൈകിയെങ്കിലും അദ്ദേഹം എത്തുകയാണ്.

പക്ഷേ, അദ്ദേഹത്തിൻ്റെ വാക്കു വിശ്വസിച്ച് സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളിൽ പ്രതികളായ ബിജെപി പ്രവർത്തകരോട് അദ്ദേഹം ഇനിയെന്തു പറയും?

ശബരിമലയിൽ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെതിരെയാണ് ശ്രീധരൻ പിള്ളയും സംഘവും വിശ്വാസസംരക്ഷണയാത്ര നടത്തിയത്. നാമജപയാത്രയെന്ന പേരിൽ പച്ചത്തെറി വിളിച്ചും അക്രമം നടത്തിയും തെരുവിൽ പേക്കൂത്താടിയത്. ശബരിമലയെ സംഘർഷഭൂമിയാക്കിയത്. ശബരിമലയിൽ ആചാരലംഘനം അനുവദിക്കില്ലെന്ന് ആക്രോശിച്ചാണ് ബിജെപിക്കാരെയും ആർഎസ്എസുകാരെയും ശ്രീധരൻ പിള്ള കുത്തിയിളക്കിയത്.

എന്നിട്ടിപ്പോൾ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെയല്ല സമരം എന്ന് ശ്രീധരൻ പിള്ള ചുവടു മാറ്റുന്നു. സ്ത്രീകള്‍ വരുന്നോ പോന്നോയെന്ന് നോക്കാൻ‍ വേണ്ടിയല്ല ഈ സമരമെന്ന് ഒരു ഉളുപ്പുമില്ലാതെ പ്രസ്താവിക്കുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതു തടയാൻ വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ കൊടുംക്രിമിനലുകളായ ആർഎസ്എസുകാരെ നിയോഗിച്ച നേതാവാണ് ഇതു പറയുന്നത് എന്ന് കേരളം മറക്കുകയില്ല.

സ്ത്രീകൾ ശബരിമലയിൽ വരുന്നതിൽ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കിൽ പിന്തുണയ്ക്കുമെന്നും, അത്രേ തങ്ങൾ ചെയ്യൂ എന്നൊക്കെ മാധ്യമപ്രവർത്തകർക്കു മുന്നിൽ കരണം മറിയുന്ന അഡ്വ.പിഎസ് ശ്രീധരൻ പിള്ള, ചുരുങ്ങിയ പക്ഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കുന്ന സ്വന്തം പ്രവർത്തകരോട് പരസ്യമായി മാപ്പു പറയാനെങ്കിലും തയ്യാറാകണം. കാരണം, എത്രയോ ദിവസമായി അവർ ഇരുമ്പഴിയ്ക്കുള്ളിൽ കിടക്കുന്നതിന് കാരണം ശ്രീധരൻ പിള്ളയാണ്. മിനിമം അവരോടെങ്കിലും ഒരു സത്യസന്ധത കാണിക്കാൻ അദ്ദേഹം തയ്യാറാകണം.