യുദ്ധം അഞ്ചാം ദിനം; യുക്രൈന് നിര്‍ണായകമെന്ന് സെലന്‍സ്‌കി. വിഷയം ഇന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിനത്തിലേക്ക് കടക്കുകയും ജനപിന്തുണയോടെ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പോരാട്ടം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വരും മണിക്കൂറുകള്‍ നിര്‍ണായകമെന്ന് പ്രസിഡന്റ് വെളോഡിമര്‍ സെലന്‍സ്‌കി. ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് യുക്രൈന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഖാര്‍കീവില്‍ സൈനിക സാന്നിധ്യം ഉറപ്പിക്കുയും തലസ്ഥാന നഗരമായ കീവിനെ റഷ്യന്‍ സേന വളയുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് യുക്രൈന്‍ പ്രസിഡന്റ് ഇത്തരം ഒരു പ്രതികരണം നടത്തുന്നത്. റഷ്യന്‍ അധിനിവേശത്തെ ചെറുത്ത യുക്രൈന്‍ നടപടികളെ ബ്രിട്ടീഷ് പ്രസിഡന്റ് അഭിനന്ദിച്ചു. ഫോണ്‍മുഖേനയാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്. റഷ്യന്‍ സേനയെ ചെറുക്കാന്‍ യുക്രൈന് വേണ്ട സാഹായ സഹകരണങ്ങള്‍ യുകെയും യൂറോപ്യന്‍ യൂണിയനും നല്‍കും എന്നും ബോറിസ് ജോണ്‍സന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ അറിയിച്ചു
റഷ്യന്‍ സൈന്യം യുക്രൈനില്‍ നേരിട്ടത് അപ്രതീക്ഷിത പ്രതിരോധമാണ്. ഇതിന് പുറനെ തിടുക്കത്തില്‍ തീരുമാനിച്ച സൈനിക നീക്കവും യുക്രൈനില്‍ അനായാസ മേല്‍ക്കോയ്മ എന്ന പ്രതീക്ഷ തെറ്റിച്ചിട്ടുണ്ട്. ഇന്നലെ രാജ്യത്തെ വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കീവില്‍ റഷ്യന്‍ സേന പ്രവേശിച്ചെങ്കിലും കാര്യമായ മുന്നേറ്റം സാധ്യമായിട്ടില്ല. യുക്രേനിയന്‍ പൗരന്‍മാരുള്‍പ്പെടെ ആയുധമെടുത്ത് പോരാന്‍ ആരംഭിച്ചത് റഷ്യന്‍ സൈന്യത്തെ കുഴപ്പിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
അദ്ഭുത ചെറുത്തു നിൽപ്പിനിടെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കുള്ള ശ്രമം സജീവമാണ്. റഷ്യയുമായി ബലാറസിന്റെ അതിര്‍ത്തിയില്‍വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചിട്ടുണ്ട്. ചെര്‍ണോബില്‍ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബലാറസിന്റെ ഈ അതിര്‍ത്തി പ്രദേശം. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യ ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ആദ്യം നിര്‍ദേശം തള്ളിയെങ്കിലും പിന്നീട് സെലന്‍സ്‌കി സന്നദ്ധത അറിയിക്കുകയായിരുന്നു. ബലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയുമായി ഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെ അദ്ദേഹം ബെലാറസ് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ചര്‍ച്ചയ്ക്കായി യുക്രൈന്റേയും റഷ്യയുടേയും അയല്‍രാജ്യമായ ബലാറസില്‍ റഷ്യന്‍ പ്രതിനിധി സംഘം എത്തിയതായി റഷ്യന്‍ പ്രസിഡന്റ് ഓഫീസായ ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റേയും പ്രതിരോധമന്ത്രാലയത്തിന്റേയും പ്രതിനിധികളും പ്രസിഡന്റ് ഓഫീസ് പ്രതിനിധികളുമാണ് ബെലാറസിലെത്തിയത്. ബെലാറസിലെഗോമെലില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടക്കുകയെന്നും പെസ്‌കോവിനെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, യുക്രൈന്‍ വിഷയം വീണ്ടും യുഎന്നിന്റെ മുന്നിലെത്തുകയാണ്. യുഎന്‍ സുരക്ഷാ കൗണ്‍സിലിന് പിന്നാലെ പൊതുസഭയും വിഷയം പരിഗണിക്കും. എന്നാല്‍ സുരക്ഷാ സമിതിയില്‍ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ഇന്ത്യ പൊതുസഭയിലും എടുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.