തിരക്കേറിയ റോഡുകൾക്കു കീഴേ ടണൽ റോഡുകൾ നിർമ്മിക്കുവാനുള്ള വൻ പദ്ധതിയുമായി ബിബിഎംപി
രാജ്യത്തിന്റെ ഐടി ഹബ്ബായ ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ നിന്ന് ബെംഗളൂരു നിവാസികൾക്ക് താമസിയാതെ ആശ്വാസം ലഭിച്ചേക്കാം. നഗരത്തിലെ തിരക്കേറിയ റോഡുകൾക്കു കീഴേ ടണൽ റോഡുകൾ നിർമ്മിക്കുവാനുള്ള വൻ പദ്ധതിയുമായി ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി). പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി ഒരു പുതിയ കൺസൾട്ടൻ്റിനെ ഏൽപ്പിച്ചിരിക്കുകയാണ് ബിബിഎംപി. പ്രാരംഭ ഘട്ടത്തിൽ ഹെബ്ബാളിനെയും സെൻട്രൽ സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ടണൽ റോഡ് നിർമ്മിക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ജൂൺ 14 വരെ തുറന്നിരിക്കുന്ന ടെൻഡർ പ്രക്രിയയിൽ പങ്കെടുക്കാൻ സമാന പ്രോജക്റ്റുകളിൽ പരിചയമുള്ള പ്രശസ്തരായ കൺസൾട്ടൻ്റുമാരെ അടുത്തിടെ ബിബിഎംപി ക്ഷണിച്ചു. സർജാപൂർ റോഡിനും ഹെബ്ബാളിനും ഇടയിൽ ഉദ്ദേശിക്കുന്ന നമ്മ മെട്രോയുടെ വരാനിരിക്കുന്ന മെട്രോ ലൈനിന് സമാന്തരമായിട്ടായിരിക്കും ഈ ടണൽ റോഡ് നിർമ്മിക്കുക.
കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ് (സെൻട്രൽ സിൽക്ക് ബോർഡ്), ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്, ഹെബ്ബാളിന് സമീപമുള്ള എസ്റ്റീം മാളിന് സമീപമുള്ള ഒഴിഞ്ഞ സർക്കാർ ഭൂമി എന്നിവിടങ്ങളിൽ അഞ്ച് എൻട്രി, എക്‌സിറ്റ് പോയിൻ്റുകളാണ് 18 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദ്ദിഷ്ട എൻട്രി, എക്സിറ്റ് പോയിൻ്റുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്, ഇത് ഭൂമി ഏറ്റെടുക്കൽ ചെലവ് കുറയ്ക്കുന്നു. എന്നിരുന്നാലും, ഫണ്ടിംഗ് മോഡൽ, സർക്കാർ ധനസഹായത്തോടെയോ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയോ എന്നത് തീരുമാനമായിട്ടില്ല. മുഴുവൻ റീച്ചുകളും ഒരേസമയം നിർമിക്കുന്നതിനു പകരം ഘട്ടംഘട്ടമായി നിർമാണം നടപ്പാക്കാനാണ് ബിബിഎംപിയുടെ പദ്ധതി. ഘട്ടം ഘട്ടമായുള്ള ഈ നിിർമത്തിൽ ഹെബ്ബാളിനും പാലസ് ഗ്രൗണ്ടിനും ഇടയിലുള്ള ഭാഗമാണ് മുൻഗണന നൽകുന്നത്.
18 കിലോമീറ്റർ ടണൽ റോഡിന് 8,100 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്, അതായത് കിലോമീറ്ററിന് ഏകദേശം 444 കോടി രൂപ. ബോട്ടിൻ്റെ ആകൃതിയോട് സാമ്യമുള്ള തരത്തിൽ ഒരു ലെയ്ൻ മറ്റൊന്നിനു താഴെയായി സ്ഥാപിക്കുന്ന റോഡ് ഡബിൾ ഡെക്ക് ആയിരിക്കും. അഞ്ചോ ആറോ പാതകൾ പ്രതീക്ഷിക്കുന്ന റോഡിൻ്റെ വീതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഡിപിആർ നൽകും.
ബെംഗളൂരുവിലെ കുപ്രസിദ്ധമായ ട്രാഫിക് പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പരിഹാരങ്ങളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ടണൽ റോഡ് നിർദ്ദേശം. മുമ്പ്, സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹെബ്ബാളിനും ബസവേശ്വര സർക്കിളിനും ഇടയിൽ സ്റ്റീൽ മേൽപ്പാലം എന്ന ആശയം ഉയർന്നുവന്നിരുന്നു. പക്ഷെ, ശക്തമായ എതുർപ്പിനെ തുടർന്ന് പദ്ധതി ചാപിള്ളയായി മാറുകയായിരുന്നു.