കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി. തുടർ അന്വേഷണ ഹര്‍ജി പിന്‍വലിക്കണമെന്ന് ദിലീപ്
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്‍റെ പിന്നാലെ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ്. പീഢിപ്പിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. അതേസമയം കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തതിലൂടെ ശ്രമിക്കുന്നത് എന്നാണ് ദിലീപ് ആരോപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ഈ ശ്രമത്തിന് പിന്നിലെന്ന് ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ദിലീപ് നല്‍കിയ പരാതിയില്‍ പറയുന്നു.
തുടർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ നിർദ്ദേശം നൽകണം. ബൈജു പൗലോസിന് എതിരെ നടപടി വേണം. ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്സാപ്പ് ഡീറ്റെയ്ല്‍സ് തുടങ്ങിയവ പരിശോധിക്കണം എന്ന് ദിലീപ് ആവശ്യപ്പെടുന്നു. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, എന്നാല്‍ അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത്. വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കണ്ടെത്തൽ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണെന്നും ദിലീപ് പരാതിയിൽ പറയുന്നു.

