കള്ളം പറഞ്ഞത് മുഖ്യമന്ത്രി. വിസി നിയമനത്തില്‍ ചരടുവലിച്ചത് വിദ്യാഭ്യാസ മന്ത്രി…!
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയുകയായിരുന്നു. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് ഗവർണ്ണർക്കാണ് പ്രൊഫ. ബിന്ദു കത്ത് നൽകിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി അയച്ച മൂന്നു കത്തുകള്‍ പുറത്തു വന്നതോടെ ഗവര്‍ണ്ണറുടേമേല്‍ യാതൊരു വിധ സമ്മര്‍ദ്ദവും ചിലത്തിയിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പച്ചക്കള്ളമാണെന്ന് തെളിയുകയാണ്.
ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി പുനർ നിയമിക്കണമെന്ന് ഗവർണ്ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെയാണ് ഇപ്പോൾ കത്ത് പുറത്തുവന്നിരിക്കുന്നത്. വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്‍റെ നിഴലിലാക്കിയത്.
ഒരു വിസിയെ നിയമിക്കാനുള്ള ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ സമ്മർദ്ദം ഫലത്തിൽ സത്യപ്രതിജ്ഞാ ലംഘനത്തിന്‍റെ പരിധിയിലേക്കാണ് വരുന്നത്. ഗോപിനാഥ് രവീന്ദ്രറെ നിയമന കേസിൽ ഹൈക്കോടതി വിധി പറയാനിരിക്കെ പരാമർശങ്ങൾ എന്തെങ്കിലും മന്ത്രിക്കെതിരെ ഉണ്ടാകുമോ എന്നതാണ് സുപ്രധാനം. നിയമനാധികാരി തന്നെ നിയമനം ചട്ടംലംഘിച്ചാണെന്ന് പരസ്യമാക്കിയത് കൂടി കോടതിയുടെ പരിഗണനയിലേക്കെത്തിക്കാനാണ് ഹർജിക്കാരുടെ ശ്രമം.
വിരമിച്ച ദിവസം കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ തന്നെ നിയമനം നൽകാൻ ആര് ഗവർണ്ണർക്ക് ശുപാർശ നൽകി എന്നതിൽ സർക്കാർ ഉരുണ്ടുകളി തുടരുന്നതിനിടയിലാണ് മന്ത്രിയുടെ കത്ത് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മന്ത്രിയല്ലെങ്കിൽ ആരെന്ന് വ്യക്തമാക്കണമെന്ന ആവശ്യത്തിന് സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. മന്ത്രിയാകട്ടെ വിവാദത്തിൽ മൗനം തുടരുന്നു. നോമിനിയെ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടെന്ന ഗവർണ്ണറുടെ വെളിപ്പെടുത്തലിലും ആർ ബിന്ദു മൗനത്തിൽ തന്നെ.