നാഗാലാന്‍ഡില്‍ സംഘര്‍ഷം തുടരുന്നു. വെടിവപ്പില്‍ 2 പേര്‍കൂടി മരിച്ചു

Print Friendly, PDF & Email

സുരക്ഷാസേനയുടെ വെടിവയ്പ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ തുടങ്ങിയ സംഘർഷം നാഗാലാൻഡിൽ രൂക്ഷമായി തുടരുന്നു. പതിമൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 13 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്ന

ഗ്രാമീണർ കൊല്ലപ്പെട്ട വെടിവെപ്പിൽ പ്രതിഷേധിച്ചെത്തിയ പ്രദേശവാസികൾ സംഘടിച്ച് സർക്കാർ കേന്ദ്രങ്ങളും വാഹനങ്ങളും ആക്രമിച്ചു. മോൺ നഗരത്തിലെ അസം റൈഫിൾസിന്റെ ക്യാമ്പാണ് നാട്ടുകാർ ആക്രമിച്ചത്. ക്യാമ്പിന് തീയിടാൻ ശ്രമം നടന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം തിങ്കളാഴ്ച സംസ്കരിക്കാൻ തീരുമാനമായിട്ടുണ്ട്. നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവ‍ർ ചടങ്ങിൽ പങ്കെടുക്കും.

സംഘർഷം നേരിടാൻ മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. ഇവിടെ ഭരണകൂടം നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. സംഘർഷം മറ്റ് മേഖലകളിലേക്ക് പടരാതിരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഘർഷ മുണ്ടാക്കിയാൽ കർശന നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അസം റൈഫിൾസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തില്‍ ഖേദം രേഖപ്പെടുത്തിയ സൈന്യം അന്വേഷണം നടത്തുമെന്ന് അറിയിച്ചു. വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. സൈന്യത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.