താലിബാന്‍ ഭരണത്തിന്‍ കീഴില്‍ അഫ്ഘാനിസ്ഥാന്‍. പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു
താലിബാന്‍ ഭീകരര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതോടെ അഫ്ഘാന്‍ ഭരണം ഇസ്ലാമിക്‍ തീവ്രവാദികളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലേക്ക്. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചതായി താലിബാൻ പ്രഖ്യാപിച്ചതായും, കാബൂളിലെ പ്രസിഡന്റ് കൊട്ടാരത്തിന്റെ നിയന്ത്രണം താലിബാന്‍ തീവ്രവാദികള്‍ പൂര്‍ണ്ണമായും ഏറ്റെടുത്തതായി റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാക്കി മാറ്റാന്‍ പുതിയ താലിബാന്‍ ഭരണകൂടം തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു ഇത്.
താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ബറാദര്‍ പുതിയ പ്രസിഡന്റായി ചുമതലയേല്‍ക്കുമെന്ന് സൂചനയും പുറത്തു വരുന്നുണ്ട്. സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സക്വാല്‍ പ്രതികരിച്ചത്. ആക്രമണത്തിനില്ലെന്ന് താലിബാനും വ്യക്തമാക്കിയിരുന്നു. എക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയാണ് അടിയന്തര യോഗത്തിന് മുന്‍കൈ എടുത്തത്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്. ചൈന എന്നിവയാണ് സമിതിയെ മറ്റ് സ്ഥിരാംഗങ്ങള്‍.
കാബൂള്‍ വിമാനത്താവളം വഴി ജനങ്ങള്‍ പലായനം ചെയ്യുകയാണ്. കാബൂളിന്റെ വിവിധയിടങ്ങളില്‍ താലിബാന്‍ സംഘടിച്ചതോടെ അമേരിക്കയും മറ്റ് രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം സജീവമാക്കി. യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, യു.കെ,കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, ജര്‍മനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളില്‍ സൗകര്യം ഒരുക്കുമെന്ന് യുഎഇ അറിയിച്ചു. അതേസമയം അഫ്ഗാനിലെ തങ്ങളുടെ എംബസിയൊഴിപ്പിക്കാന്‍ മോസ്‌കോ തീരുമാനിച്ചിട്ടില്ലെന്നും റഷ്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് താലിബാന്‍ സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് സാമിര്‍ കബുലോവ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് റഷ്യന്‍ വിദേശകാര്യ മേധാവി ലിയോണിഡ് സ്ലട്‌സ്‌കി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങിയെത്തണമെന്ന് കേന്ദ്രസര്‍ക്കാരും നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് പുറപ്പെടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍നിന്ന് തീ ഉയര്‍ന്നതായി അമേരിക്കയിലെ യു.എസ് എംബസി വൃത്തങ്ങള്‍ പറഞ്ഞു.
കാബൂളിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും താലിബാന്‍ നിലയുറപ്പിച്ചിരിക്കുകയാണ്. താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പുനല്‍കി. അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. കാബൂളില്‍ നിന്ന് പാലായനം ചെയ്യുന്നവരെ തടയരുതെന്ന് നിര്‍ദേശിച്ചതായും താലിബാന്‍ നേതാവ് അറിയിച്ചു. പലയിടങ്ങളിലും ഏറ്റുമുട്ടലിന് നില്‍ക്കാതെ അഫ്ഗാന്‍ സൈന്യം പിന്മാറുകയാണ്.