ഡാമിന്‍റെ ഗേറ്റ് തകര്‍ന്നതുമൂലം ഉണ്ടായ വെള്ളപ്പൊക്ക ഭീക്ഷണി ഒഴിഞ്ഞില്ല
തുംഗഭദ്ര നദിക്ക് കുറുകെയുള്ള 71 വർഷം പഴക്കമുള്ള സുര്‍ക്കമിശ്രിതം കൊണ്ടു നിര്‍മ്മിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ അണക്കെട്ടിൻ്റെ 19-ാം ക്രെസ്റ്റ് ഗേറ്റ് ഞായറാഴ്ച ഉച്ചയോടെ തകർന്നതിനെത്തുടർന്ന് കർണാടകയിലും ആന്ധ്രാപ്രദേശിലും ലക്ഷക്കണക്കിന് ആളുകൾ വെള്ളപ്പൊക്കഭീക്ഷണിയില്‍. ബംഗളൂരുവിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള അണക്കെട്ടിന്‍റെ, ഗേറ്റ് തകര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ വടക്കൻ കർണാടകയിലും ആന്ധ്രാപ്രദേശിലെ കുർണൂലിലും നന്ദ്യാല്‍ ജില്ലകൾ അതീവ ജാഗ്രതയിലാണ്.
1953-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട തുംഗഭദ്ര അണക്കെട്ടിലെ 33 ക്രസ്റ്റ് ഗേറ്റുകളിൽ 19-ാം ക്രസ്റ്റ് ഗേറ്റ് തകര്‍ന്നതോടെ അണക്കെട്ടിനെ സംരക്ഷിക്കുവാനായി 22 എണ്ണം ക്രസ്റ്റ് ഗേറ്റുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. 133TMCFT (ആയിരം ദശലക്ഷം ഘനയടി) പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ ശനിയാഴ്ച വരെ 100TMCFT വെള്ളമുണ്ട്, ബാക്കി 33TMCFT ചെളിയാണ്. അതില്‍ ഒരു ലക്ഷം ക്യുസെക്‌സ് വെള്ളമാണ് നദിയിലേക്ക് ശനിയാഴ്ച തുറന്നുവിട്ടത്. തകര്‍ന്ന ഗേറ്റ് നന്നാക്കണമെങ്കില്‍ സംഭരിച്ചിരിക്കുന്ന ജലത്തിൻ്റെ 60 TMCFT വറ്റിക്കണമെന്ന് എഞ്ചിനീയർമാർ കണക്കാക്കുന്നതിനാൽ, കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരുമെന്നത് കൂടതല്‍ ആശങ്ക ഉയർത്തുന്നു.
അണക്കെട്ടിന് താഴെയുള്ള ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സ്ഥലത്തെത്തി. ശനിയാഴ്ച രാത്രി 10 ക്രസ്റ്റ് ഗേറ്റുകളിലൂടെ 40,000 ക്യുസെക്‌സ് വെള്ളം തുംഗഭദ്ര നദിയിലേക്ക് തുറന്നുവിടുകയായിരുന്നു. 12.50ഓടെ 19-ാം ഗേറ്റ് തകരാറിലായതോടെ നദിയിലേക്ക് വൻതോതിൽ വെള്ളം ഒഴുകി. സാധ്യമായ എല്ലാ മുൻകരുതലുകളും ഞങ്ങൾ എടുത്തിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
1992 ഡിസംബറിൽ ഇതുവരെ രേഖപ്പെടുത്തിയ പരമാവധി റിലീസ് 3.6 ലക്ഷം ക്യുസെക്‌സ് ആയിരുന്നുവെങ്കിലും ഒരേസമയം 6.5 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിടാൻ അണക്കെട്ടിൻ്റെ രൂപകൽപ്പന അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആശങ്കയ്‌ക്ക് ഉടനടി കാരണമില്ലെന്ന് തുംഗഭദ്ര ബോർഡ് സെക്രട്ടറി ഒആർകെ റെഡ്ഡി ഉറപ്പുനൽകി.
കുർണൂൽ, നന്ദ്യാൽ ജില്ലകളിലെ ഉദ്യോഗസ്ഥരെ ആന്ധ്രപ്രദേശ് സർക്കാർ ജാഗ്രതാ നിർദേശം നൽകി. തുംഗഭദ്രയുടെ തീരത്താണ് കുർണൂൽ നഗരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്താൻ ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ഡാം സൈറ്റിൽ സഹായിക്കാൻ മുതിർന്ന എഞ്ചിനീയർമാരുടെ ഒരു ടീമിനെ അയയ്ക്കുകയും ചെയ്തു.
നാരായണപുര, അൽമാട്ടി അണക്കെട്ടുകളിലേതിന് സമാനമായ ഗേറ്റുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ച കൃഷ്ണ രാജ സാഗർ റിസർവോയർ പോലുള്ള പഴക്കമുള്ള ഡാമുകള്‍ക്ക് സുരക്ഷാ നവീകരണ ഉടനടി നടത്തുമെന്ന് കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.