ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും കോണ്‍ഗ്രസ്സിലേക്ക്. പാര്‍ട്ടി പ്രവേശനം ചൊവ്വാഴ്ച.
കോണ്‍ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ഗുജറാത്ത് എംഎല്‍എയും ദളിത് അധികാര്‍ മഞ്ച് നേതാവുമായി ജിഗ്നേഷ് മേവാനി. ഭഗത് സിങിന്റെ ജന്മദിനമായ സെപ്റ്റംബർ 28 ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് കോണ്‍ഗ്രസ് അംഗം സ്വീകരിക്കുമെന്ന് ജിഗ്നേഷ് അറിയിച്ചു. തനിക്കൊപ്പം സിപിഐ നേതാവ് കനയ്യ കുമാറും കോണ്‍ഗ്രസിലേക്ക് എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
നേരത്തെ ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നേയ്ക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. കനയ്യകുമാറും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെയാണ് ഈ സൂചന ശക്തിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ തീർത്തും വ്യാജമാണെന്നായിരുന്നു സിപിഐ നേതൃത്വത്തിന്റെ പ്രതികരണം. കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നായിരുന്നു സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. ഈമാസം ആദ്യം നടന്ന പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കനയ്യ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്നത് മാത്രമെ തനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളൂവെന്നും കൂട്ടിചേര്‍ത്തുകൊണ്ട് ഡി രാജ പ്രതികരണം.
ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് പ്രവേശനത്തിനൊരുങ്ങുന്നതോടെ അതിനിര്‍ണ്ണായക രാഷ്ട്രീയനീക്കങ്ങളാണ് ദേശീയതലത്തില്‍ നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയങ്ങള്‍ക്കെതിരാണ് തന്റെ പോരാട്ടമെന്നായിരുന്നു മേവാനി പറഞ്ഞത്. ഇതേ തുടര്‍ന്ന് മേവാനി മത്സരിച്ച മണ്ഡലത്തില്‍ നിന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും ആംആദ്മിയും പിന്‍വലിക്കുകയായിരുന്നു.
ഹൈക്കമാന്‍ഡ് രാഷ്ട്രീയ ഉപദേഷ്ടാവ് പ്രശാന്ത് കിഷേറിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. യുവാക്കള്‍ക്കിടയില്‍ താരമായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും പാര്‍ട്ടിയിലേക്ക് എത്തുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം, സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ബിഹാറിലെ സിപിഐ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.