രാജ്യത്തെ നടുക്കിയ മൈസൂര്‍ പീഢനം… പ്രതികള്‍ മലയാളികളെന്ന് സൂചന.
മൈസൂരിലെ ചാമുണ്ഡി ഹിൽസ് സന്ദർശിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ആറംഗസംഘം ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ വഴിത്തിരിവ്, മൈസൂരിലെ പ്രശസ്തമായ സ്വകാര്യ കോളേജിൽ എംബിഎക്ക് പഠിക്കുന്ന യുപി സ്വദേശിനിയായ യുവതിയെ (22) പീഡിപ്പിച്ചവരിൽ അതേ കോളേജിലെ നാല് വിദ്യാർത്ഥികൾ ഉൾപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതിൽ മൂന്നു പേർ മലയാളികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. സംഭവ സ്ഥലത്ത് ഇവരുണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് അവര്‍ പഠിച്ചിരുന്ന കോളേജില്‍ എത്തിയ പോലീസിന് അവരെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അന്ന് നടന്ന പരീക്ഷ പോലും ഉപേക്ഷിച്ച് സംഭവ ദിവസം രാത്രിതന്നെ അവര്‍ ഹോസ്റ്റല്‍ ഉപേക്ഷച്ച് ഒളിവില്‍ പോയി എന്നാണ് പോലീസിന് കിട്ടിയ വിവരം. അതോടെ പ്രതികള്‍ അവര്‍ തന്നെയാകാമെന്ന വിശ്വാസത്തിലാണ് പോലീസ്. കോളേജിൽ നിന്ന് ഇവരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങളും, ഡിഎന്‍എ സാമ്പിളും ശേഖരിച്ച അന്വേഷണസംഘം ഇവരെ കണ്ടെത്താനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പുറപ്പെട്ടു.
അക്രമികൾ മദ്യലഹരിയിലായിരുന്നുവെന്ന് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവ് മൊഴി നൽകി. ചൊവ്വാഴ്ച രാത്രി 7 മണിയോടെ ചാമുണ്ഡിഹില്‍ സന്ദര്‍ശനത്തിനു ശേഷം ബൈക്കില്‍ തിരിച്ച വിദ്യാര്‍ത്ഥിനിയേയും സുഹൃത്തിനേയും വാഹനം തടഞ്ഞു നിര്‍ത്തി യുവാവിന്റെ തലയിൽ കല്ലുകൊണ്ടിടിച്ച് ബോധരഹിതനാക്കിയ ശേഷമായിരുന്നു പെൺകുട്ടിയെ ആക്രമിച്ചത്. വിദ്യാർത്ഥിനിയെ ക്രൂരപീഡനത്തിനിരയാക്കിയ ആറംഗസംഘം പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ചെന്ന് പൊലീസ് പറഞ്ഞു. വീഡിയോ വൈറലാക്കാതിരിക്കാൻ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. അത് കൊടുക്കുവാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ വീണ്ടും ക്രൂരമായി പീഢിപ്പിച്ച പ്രതികള്‍ ബോധരഹിതരായ ഇരുവരെയും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളയുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അതിനിടെ, പെൺകുട്ടിയും സുഹൃത്തായ യുവാവും രാത്രി സമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് എന്തിനാണ് പോയതെന്നും, ആക്രമണത്തിന് കാരണം അതാണെന്നുമുള്ള കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന വിവാദമായി. പ്രതിഷേധം ശക്തമായതോടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രിയോട് വിശദീകരണം ചോദിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക ഡിജിപി പ്രവീൺ സൂദ്ന്‍റെ നേരിട്ടുള്ള മേൽനോട്ടത്തില്‍ എഡിജിപി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് കര്‍ണ്ണാടക പോലീസ് കേസ് അന്വേഷിക്കുന്നത്.