ലക്ഷദീപിലെ തനതു സംസ്കാരം തച്ചുടക്കാന്‍ കച്ചകെട്ടി കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്.

Print Friendly, PDF & Email

സമാധാന പ്രേമികളായ ഏതാണ്ട് 90000ത്തില്‍ താഴെ മാത്രം ജനങ്ങളുള്ള നാട്. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം. ഒരു ഏകജില്ലാ കേന്ദ്രഭരണ പ്രദേശമായ ഇത് 12 അറ്റോളുകൾ, മൂന്ന് റീഫുകൾ, വെള്ളത്തിൽ മുങ്ങിയ അഞ്ച് തീരങ്ങള്‍ അടക്കം 36 ദ്വീപുകളിലായി ചിതറിക്കിടക്കുന്നു, ആകെ 10 ദ്വീപുകളിലേ ജനവാസമുള്ളൂ. ജനസാന്ദ്രതയാകട്ടെ കേരളത്തിന്‍റെ മൂന്നിരട്ടി. ആകെ വിസ്തീര്‍ണ്ണം 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം. 98 ശതമാനവും മുസ്ലീം മതവിശ്വാസികള്‍ ഉള്ള ഈ നാട്ടില്‍ നാല് പോലീസ് സ്റ്റേഷനുകള്‍ മാത്രമേ ഉള്ളു. അറബിക്കടലിൽ 220 മുതൽ 440 കിലോമീറ്റർ അകലെയാണ് എല്ലാ ദ്വീപുകളും. നയനമനോഹര പ്രകൃതിദൃശ്യങ്ങൾ… മണൽ നിറഞ്ഞ ബീച്ചുകൾ… സസ്യജന്തുജാലങ്ങളുടെ സമൃദ്ധി… തിരക്കേറിയ ജീവിതശൈലിയുടെ അഭാവം എന്നിവ ലക്ഷദ്വീപിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.

ആ നാട്ടിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി വേണം 2020 ഡിസംബർ 5ന് ചാർജ്ജെടുത്ത അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളെ കാണേണ്ടത്. വംശവിദ്വേഷത്തിന്റെ മറ്റൊരു പരീക്ഷണശാലയായി സംഘപരിവാർ ലക്ഷദ്വീപിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. ക്രൂരത എന്ന വിശേഷണമൊന്നും ഇക്കൂട്ടരുടെ യഥാർത്ഥ മാനസികാവസ്ഥയെ ഒരു ശതമാനം പോലും ഉൾക്കൊള്ളുന്നില്ല. ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥതയും സ്വൈരജീവിതവും തകർക്കാൻ എന്താണ് പ്രഫുൽ പട്ടേലിന് പ്രേരണയായത്? ഒറ്റ ഉത്തരമേയുള്ളൂ. ആ ജനതയിൽ 99 ശതമാനവും മുസ്ലിങ്ങളാണ്. അവരുടെ പരമ്പരാഗത വിശ്വാസവും ജീവിതരീതിയും ഭക്ഷണക്രമവും ആചാരമര്യാദകളും സംഘപരിവാറിനും പ്രഫുൽ പട്ടേലിനും ഉൾക്കൊള്ളാനാവുന്നില്ല. കേന്ദ്രഭരണാധികാരത്തിന്റെ ഹുങ്കിൽ, അതെല്ലാം ചവിട്ടിക്കുഴയ്ക്കാനാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. പ്രതികാരവെറിയോടെയാണ് അഡ്മിനിസ്ട്രേറ്ററുടെ അഴിഞ്ഞാട്ടം. പക്ഷെ, ഈ അഴിഞ്ഞാട്ടത്തിന് പ്രഫുല്‍ പട്ടേലും സംഘപരിവാര്‍ ശക്തികളും പറയുന്നത് എല്ലാം വികസനത്തിനു വേണ്ടി എന്നും. എന്നാല്‍ ഈ വികസന മന്ത്രത്തിന്‍റെ പൊള്ളത്തരം തിരിച്ചറിയണമെങ്കില്‍ കേവലം ആറു മാസം കൊണ്ട് ലക്ഷദ്വീപില്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ തിരിച്ചറിയണം.

പ്രഫുല്‍ ഖോഡ പട്ടേല്‍

2020 ഡിസംബർ 5നാണ് ഗുജറാത്തില്‍ നരേന്ദ്ര മോദിയുടെ വിശ്വസ്ത ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തക്കരില്‍ നിന്നുള്ള ആദ്യ നിയമനം. അതുവരെ അഡ്മിനിസ്ട്രേറ്റീവ് തലത്തില്‍ ഐഎഎസുകാരായിരുന്നു നിയമിച്ചിരുന്നത്. അദ്ദേഹം ഭരണത്തിലേറി ഒരു മാസം തികയുന്നതിനു മുന്പുതന്നെ ആദ്യത്തെ കരിനിയമം നടപ്പില്‍ വരുത്തി. 2021 ജനുവരിയിൽ അവതരിപ്പിച്ച പ്രിവൻഷൻ ഓഫ് സോഷ്യൽ ആക്റ്റിവിറ്റീസ് ആക്റ്റ് (പാസ) എന്ന ഗുണ്ടാ നിയമം. ഈ നിയമം ഒരു വർഷം വരെ കാര്യം വെളിപ്പെടുത്താതെ ആരെയും അറസ്റ്റ് ചെയ്ത് തടങ്കലിൽ വെക്കാൻ അധികാരികളെ അനുവദിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും crime rate(കുറ്റ നിരക്ക്) കുറഞ്ഞ പ്രദേശം ആണ് ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശം. 40.39 ആണ് കേന്ദ്ര സര്‍ക്കാരിന്‍റെ NCRB(National Crime Records Bureau) കണക്കു പ്രകാരം ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശത്തിലെ ശരാശരി കുറ്റനിരക്ക്. ദേശീയ ശരാശരി കുറ്റ നിരക്ക് 233.6 രേഖപ്പെടുത്തുന്പോള്‍ ഗുജറാത്തില്‍ അത് 328 യുപിയില്‍ 365ഉം കുറ്റ നിരക്ക് ആണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപിന്റെ കഴിഞ്ഞ 65 വർഷത്തെ ചരിത്രത്തിൽ ആകെ ഉണ്ടായിട്ടുള്ള കൊലപാതക കേസുകൾ മൂന്ന് എണ്ണം മാത്രമാണ്. ആകെ പോലീസ് സ്റ്റേഷനുകള്‍ നാലെണ്ണം മാത്രം. അതും കല്‍പ്പേനി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കീഴില്‍ അമിനി, ആന്ത്രോത്ത്, കവരട്ടി ദ്വീപുകളിലെ ഓരോ സ്റ്റേഷനുകള്‍. പൊലീസ് റെക്കോർഡിൽ പെറ്റി കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെടുന്ന മാസങ്ങൾ അപൂർവം. അവിടെയാണ് Antisocial activities regulation act – 2021 എന്ന രാജ്യദ്രോഹ ഗുണ്ടാ നിയമം കൊണ്ടുവരുന്നത്. ഇന്ത്യയിൽ ഏറ്റവും ക്രൈംറേറ്റ് ഉള്ളതും അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധവുമായ യോഗിയുടെ UP യിൽ നടപ്പാക്കേണ്ട കരിനിയമം ലക്ഷദ്വീപിൽ നടപ്പാക്കുന്നത് എന്തിന്….?

അതിന് സംഘപരിവാറിന്‍റെ വെട്ടുകിളി കൂട്ടങ്ങള്‍ നിരത്തുന്ന ന്യായീകരണം ലക്ഷദ്വീപ് സമീപം പുറം കടലില്‍ നിന്ന് മയക്കുമരുന്നും വെടിക്കോപ്പുകളും കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു എന്നാണ്. അന്തര്‍ദ്ദേശീയ കപ്പല്‍ ചാനല്‍ പോകുന്നത് ലക്ഷദ്വീപിനു സമീപത്തു കൂടിയാണ്. മയക്കുമരുന്നും ആയുധങ്ങളും പിടിച്ചടുത്തത് ശ്രീലങ്കന്‍ ബോട്ടില്‍ നിന്നും, അറസ്റ്റു ചെയ്തത് ശ്രീലങ്കക്കാരേയും കെനിയക്കാരേയും ആണ്. അന്തരാഷ്ട്ര കപ്പല്‍ ചാനലുകളുടെ സമീപത്തു നിന്ന് ശ്രീലങ്കന്‍ വംശജരേയും കെനിയക്കാരേയും മയക്കു മരുന്നുകളുമായി കോസ്റ്റ് ഗാര്‍ഡ് പിടിച്ചാല്‍ അതിന്‍റെ കുറ്റം എങ്ങനെ ലക്ഷ ദ്വീപ് നിവാസികള്‍ക്കാകും?. അതിനാണ് കോസ്റ്റ് ഗാര്‍ഡും സൈന്യവും. അവര്‍ അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. എന്നാല്‍ നാളിതുവരെ വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റ ലക്ഷദ്വീപ് നിവാസിയേയും സംശയത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യാന്‍ പോലും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ ഗുണ്ടാനിയമം നടപ്പിലാക്കുന്നതിന്‍റെ ലക്ഷ്യം മറ്റെന്തോ ആണെന്ന കാര്യം ഉറപ്പ്.

അന്ത്രോത്ത് ഐലന്‍ഡ്

അത് വ്യക്തമായത്, തുടര്‍ന്ന് പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപില്‍ കരിനിയമങ്ങളുടെ പ്രളയം സൃഷ്ടിച്ചപ്പോഴാണ്. കന്നുകാലികളെ അറുക്കുന്നതും ഗോമാംസം കഴിക്കുന്നതും നിരോധിക്കുന്ന ലക്ഷദ്വീപ് മൃഗസംരക്ഷണ ചട്ടം (Lakshadweep Animal Preservation Regulation Draft) എന്ന കരട് നിയമം ആണ് പിന്നീട് നടപ്പിലാക്കിയത്. പുതിയ നിയമം ഗോമാംസം അല്ലെങ്കിൽ ഗോമാംസം ഉൽപന്നങ്ങൾ പിടിച്ചെടുക്കാൻ അധികാരികളെ അനുവദിക്കുന്നു. കൂടാതെ പ്രാദേശിക ഫാമുകള്‍ അടച്ചുപൂട്ടുവാനും കന്നുകാലികളെ ലേലം വിളിക്കുവാനും ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ നോണ്‍ വെജിറ്റേറിയൻ ഭക്ഷണം സ്കൂൾ മെനുകളിൽ നിന്നുപോലും നീക്കം ചെയ്തു. നിയമലംഘകർക്ക് 10 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കന്നുകാലികളെ കൂടാതെ കോഴി അടക്കം മറ്റ് മൃഗങ്ങളെ അറുക്കുന്നതിന് പോലും മുൻകൂർ അനുമതി ആവശ്യമാണ്. പ്രദേശവാസികളുടെ പ്രധാന ഭക്ഷണമാണ് മാംസാഹാരം. ഒരു പ്രദേശത്തെ ജനതയുടെ ഭക്ഷണശീലം രൂപപ്പെടുത്തുന്നത്, അവിടുത്തെ പ്രകൃതിയും അനുബന്ധമായ വിഭവ ലഭ്യതയുമാണ്. വ്യക്തി എന്തു ഭക്ഷിക്കണം എന്തു ഭക്ഷിക്കരുത് എന്നത്‌ മൗലിക അവകാശമാണ്. ഭരണകൂടം അതിലിടപെടുന്നുവെങ്കിൽ അതിന്റെ അർത്ഥം ആ രാജ്യം ഒരു ഫാസിസ്റ്റ് രാഷ്ട്രം ആണെന്നാണ്. ദ്വീപിൽ വളരെയധികം കോളിളക്കo ഉണ്ടാക്കിയിരിക്കുകയാണ് ഈ കരിനിയമം.

പ്രാദേശിക ക്ഷീരകർഷകരുടെ കന്നുകാലിഫാമുകള്‍ അടച്ചു പൂട്ടാനും കന്നുകാലികളെ ലേലം ചെയ്യാനും നിർദ്ദേശിച്ച ശേഷം ഗുജറാത്ത് ആസ്ഥാനമായുള്ള അമുലിന് ദ്വീപിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ ഭരണകൂടം അനുമതി നൽകിയതോടെ പ്രഫുല്‍ പട്ടേലിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം വെളിച്ചത്തായി. ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സ്ഥാപനങ്ങളിലൊന്നായ അമുൽ ഇന്ന് നിയന്ത്രിക്കുന്നത് ഗുജറാത്തിലെ ആർ‌എസ്‌എസ്-ബിജെപി നേതാക്കളാണ്. മത്സ്യബന്ധനത്തിനു ശേഷം ഏറ്റവും വലിയ രണ്ടാമത്തെ വരുമാന മാർഗ്ഗം കന്നുകാലി വളര്‍ത്തലായ ദ്വീപ് നിവാസികൾ ഇപ്പോൾ ഈ നീക്കത്തിൽ പ്രതിഷേധിച്ച് “#BoycottAmul” പ്രചാരണത്തിന് ആഹ്വാനം ചെയ്തു പ്രതിക്ഷേധിക്കുകയാണ്. ലക്ഷദ്വീപിലെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലീം സമുദായത്തില്‍ പെട്ടവരാണെന്നതിലുപരി ഇത്തരം ഒരു കരി നിയമം നടപ്പിലാക്കുന്നതില്‍ മറ്റെന്താണുള്ളതെന്ന് ദ്വീപു നിവാസികള്‍ ചോദിക്കുന്നു.

lekshadweep-boat
ഇരുട്ടിന്‍റെ മറവില്‍ നടന്ന കൊടും ക്രൂരത. തീരദേശ നിയമം ലംഘിച്ചു എന്ന കാരണം പറഞ്ഞ് മത്സ്യതൊഴിലാളികള്‍ തങ്ങളുടെ വള്ളങ്ങളും വലകളും സൂക്ഷിക്കുവാന്‍ നിര്‍മ്മിച്ച ഷെഡ്ഡുകള്‍ പൊളിച്ചു നീക്കുന്നു. ഇവര്‍ നിര്‍മ്മിച്ചത് മണിമാളികളായിരുന്നില്ല. പ്ലാസ്റ്റ്ക് ഷീറ്റികളും ഓലതുണ്ടുകളും കൊണ്ടു മറച്ച ഷെഡ്ഡുകളായിരുന്നു.

പ്രഫുൽ ഖോഡ പട്ടേല്‍ നടപ്പിലാക്കിയ മറ്റൊരു വിചിത്ര നിയമമായ പഞ്ചായത്ത് ചട്ടങ്ങൾ (ഭേദഗതി) നിയമം പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്നു. രാജ്യത്ത് മറ്റൊരിടത്തും ഇത്തരം ഒരു കരിനിയമത്തിന്‍റെ ലക്ഷ്യം ജനസംഖ്യ നിയന്ത്രിക്കുന്നതിനാണെന്നാണ് പട്ടേല്‍ പറയുന്നത്. എന്നാല്‍ രാജ്യത്ത് ഒരു പ്രവശ്യയില്‍ മാത്രം ഇത്തരമൊരു നിയമം നടപ്പിവാക്കാന്‍ അഡ്മിനിസ്ട്രര്‍ക്ക് കഴിയുമോ എന്നത് മറ്റൊരു കാര്യം. ഈ കരിനിയമത്തിന്‍റെ തുടര്‍ച്ച എന്നനിലയില്‍ ഇപ്പോള്‍ തന്നെ ഭരണകൂടം 38 അംഗൻവാഡികളെ (ശിശു സംരക്ഷണ കേന്ദ്രങ്ങൾ) അടച്ചുപൂട്ടി, സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് കരാർ, കാഷ്വൽ തൊഴിലാളികളെയും പിരിച്ചുവിട്ടു, കൂടാതെ ഉച്ചഭക്ഷണ തൊഴിലാളികൾ, ശാരീരിക വിദ്യാഭ്യാസ അധ്യാപകർ, മറൈൻ വൈൽഡ്‌ ലൈഫ് പ്രൊട്ടക്ഷൻ വാച്ചർമാർ എന്നിവരെ അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തില്‍ ദുരിതമനുഭവിക്കുന്നതിനിടക്കാണ് ലക്ഷദ്വീപ് നിവാസികള്‍ക്കുയണ്ടായ തൊഴില്‍ നഷ്ടം.

കൂടാതെ ലക്ഷദ്വീപുകളിലെ വിവിധ റിസോർട്ടുകളിൽ മദ്യം വിളമ്പുന്നതിനുള്ള മാനദണ്ഡങ്ങൾ ദുർബലപ്പെടുത്തി യിരിക്കുകയാണ് പ്രഭുൽ പട്ടേല്‍. പുതിയ നിയമപ്രകാരം, ദ്വീപുകളിലെ എല്ലാ റിസോർട്ടുകൾക്കും മദ്യം വിതരണം ചെയ്യാൻ അനുവാദം ലഭിച്ചിരിക്കുകയാണ്. നേരത്തെ ജനവാസമില്ലാത്ത ബംഗാരം ദ്വീപിലെ റിസോർട്ടുകളില്‍ മാത്രമേ മദ്യം അനുവദിച്ചിരുന്നുള്ളൂ. ടൂറിസത്തിന്‍റെ പേരിലാണെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളും മദ്യം വിശ്വാസത്തിന്‍റെ പേരില്‍ വര്‍ജിക്കുന്ന നാട്ടില്‍ മദ്യം ഒഴുക്കാനുള്ള ഭരണകൂടത്തിന്‍റെ തീരുമാനം അപലപനീയം തന്നെ. മുസ്ലിങ്ങൾക്കു നിഷിദ്ധമായ മദ്യം അവിടുത്തെ Local body(പഞ്ചായത്തുകള്‍) നിരോധിച്ചിട്ടുണ്ട്. അവിടുത്തെ സാമൂഹിക സമാധാനത്തിന് അത് ഒരു കാരണവുമാണ്. ആ നിരോധനം പ്രഭുൽപട്ടേൽ ഇപ്പോൾ എടുത്തുകളയുകയാണ്.

സ്വതവേ ശാന്തശീലരായ അവിടുത്തെ മനുഷ്യരെ മനഃപൂർവം പ്രകോപിപ്പിക്കുവാനും, പ്രകോപിക്കപ്പെടുമ്പോൾ അക്രമികളും രാജ്യദ്രോഹികളും ആയ് ചിത്രീകരിച്ച് ഇല്ലായ്മ ചെയ്യാനുമാണ് ഭരണകൂടത്തിന്‍റെ നീക്കം എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയുവാന്‍ കഴിയുകയില്ല. അതിനായിട്ടാണ് ആദ്യം തന്നെ ഗുണ്ടാനിയമം നടപ്പിലാക്കിയതെന്നാണ് ജനങ്ങളില്‍ ബഹു ഭൂരിപക്ഷവും വിശ്വസിക്കുന്നത്. ലക്ഷദ്വീപില്‍ വന്നിറങ്ങിയ ഉടന്‍ തന്നെ കേന്ദ്രത്തിന്റെ സി‌എ‌എ / എൻ‌ആർ‌സി നിയമങ്ങളിൽ പ്രതിഷേധിച്ച് സ്ഥാപിച്ച ബാനറുകൾ ശിപ്പിക്കുവാന്‍ ഉത്തരവിട്ട പ്രഭുല്‍ പട്ടേല്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെ നയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ഗുണ്ട ആക്റ്റ് ഉപയോഗിച്ചു അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തുകയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ ആണ് ലക്ഷദ്വീപിനുള്ളത് (ഒരുപക്ഷേ ലോകത്തും). അതിനാൽ ഭരണകൂടത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കും എതിരെ പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വയ്ക്കുക എന്നതാണ് യഥാർത്ഥ ലക്ഷ്യമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

വിവാദമായ മറ്റൊരു നിയമമാണ് ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ – 2021. ഏതെങ്കിലും വികസന പ്രവർത്തനങ്ങൾക്കായി ഭൂമി കണ്ടെത്തുവാനും അവരുടെ സ്വത്തിൽ നിന്ന് ഉടമസ്ഥരെ നിർബന്ധിതമായി നീക്കംചെയ്യാനോ സ്ഥലം മാറ്റാനോ അഡ്മിനിസ്ട്രേറ്റർ അതോറിറ്റിയെ അനുവദിക്കുന്ന നിയമമാണിത്. ഇതു പ്രകാരം യാതൊരു നഷ്ടപരിഹാരവും നല്‍കാതെ ഉടമസ്ഥരെ ഒഴിപ്പിക്കുവാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് കഴിയും. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ഉപകരണങ്ങൾ കരയിൽ സൂക്ഷിക്കാൻ നിർമ്മിച്ച താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റാൻ തീരസംരക്ഷണ നിയമവും നടപ്പാക്കി, ഔദ്യോഗിക അനുമതിയോടെ നിർമ്മിച്ച നൂറുകണക്കിനു ഇത്തരം ഷെഡ്ഡുകളാണ് ഈ നിയമത്തിന്‍റെ മറവില്‍ ഇപ്പോള്‍ തന്നെ പൊളിച്ചു നീക്കിയിരിക്കുന്നത്. മത്സ്യബന്ധനം പ്രധാന വരുമാന മാർഗ്ഗമായ ഒരു സമൂഹത്തിന് ഇത് ഒരു തിരിച്ചടിയാണ്. കൂടാതെ പുതിയ നിയമം നടപ്പിലാക്കിയതോടെ തദ്ദേശീയരായ കൊണ്‍ട്രാക്ടര്‍മാര്‍ക്ക് പ്രാദേശിക കോണ്‍ട്രാക്ടുകള്‍ എടുക്കാന്‍ പറ്റാത്തവിധത്തില്‍ കോണ്‍ട്രാക്ട് നിയമങ്ങള്‍ മാറ്റിമറിച്ചുവെന്നും അവര്‍ പരാതിപ്പെടുന്നു.

See the source image
മിനിക്കോയ് ദ്വീപ്

വികസനത്തിന്‍റെ ഭാഗമായി “ദേശീയപാത മാനദണ്ഡങ്ങൾ” അനുസരിച്ച് “റോഡ് വീതികൂട്ടുമെന്നാണ് പ്രൊഫുല്‍ പട്ടേല്‍ പറയുന്നത്. അതിനായി” നിരവധി വീടുകളും പൊതു സൗകര്യങ്ങളും പൊളിച്ചുനീക്കും. അതിനു വേണ്ടിയാണത്രെ ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ – 2021 നടപ്പിലാക്കുന്നത്. ലക്ഷദ്വീപ് സമൂഹത്തില്‍ 4.90 ചതുരശ്ര.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള അന്ത്രോത്ത് ആണ് ഏറ്റവും വലിയ ദ്വീപ്.വെറും 4.6കി.മീറ്റര്‍ നീളവും പരമാവധി വീതി 1.43 കിലോമീറ്ററും മാത്രമാണ് ആ ദ്വീപിനുള്ളത്. ബാക്കിയുള്ള ദ്വീപുകള്‍ അതില്‍ ചെറുതും. ഏറ്റവും ജനസാന്ദ്രതയേറിയതും ഏറ്റവും നീളം കൂടിയതുമായ മിനിക്കോയ് ദ്വീപിന് പോലും 11 കിലോമീറ്ററാണ് നീളമുള്ളത്. മൊത്തം വിസ്തീര്‍ണ്ണം 4.80 കിലോമീറ്ററും. 0.57 kmനീളവു 0.28 km വീതിയുമുള്ള ബിട്ര ആണ് ഏറ്റവും ചെറിയ ദ്വീപ്. അവിടെയാണ്, “ദേശീയപാത മാനദണ്ഡങ്ങൾ” പാലിച്ച് റോഡുകള്‍ പണിയുവാന്‍ പോകുന്നത്. നിലവില്‍ വാഹനങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ വാഹന ഗതാഗതം കുറവുള്ള നാട്ടില്‍ ജനങ്ങളുടെ ഭൂമി കൈയ്യേറി ഹൈവേകള്‍ പണിയുന്നതിന്‍റെ പൊരുള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ടൂറിസം പ്രൊമോട്ടു ചെയ്യുവാനാണെങ്കില്‍ ലക്ഷദ്വീപില്‍ വരുന്ന – ഇന്‍റര്‍നാഷണല്‍ നിലവാരത്തിലുള്ള ഹൈവേകളില്‍ സ്ഥിരം സഞ്ചരിക്കുന്ന – വിദേശ സഞ്ചാരികള്‍ ഇന്ത്യന്‍ നിലവാരത്തിലുള്ള റോഡുകള്‍ കാണാന്‍ വേണ്ടിയല്ല വരുന്നത്. അവര്‍ക്കാവശ്യം ലക്ഷദ്വീപിലെ തനതായ ജീവിതം കാണുവാനാണ്. ഇത് തിരിച്ചറിയാത്ത ഭരണകൂടം സ്വഛന്ദമായ ലക്ഷദ്വീപിന്‍റെ പ്രക‍ൃതിയെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് കേവലം തുഗ്ലക് പരിഷ്കാരം മാത്രമാണ്. അപ്പോള്‍ അതായിരിക്കില്ല കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം.

മെയിന്‍ ലാന്‍ഡില്‍ കേരളവുമായിട്ടാണ് ലക്ഷദ്വീപ് ഏറ്റവും അടുത്ത് കിടക്കുന്നത്. 220മുതല്‍ 440 കിലോമീറ്റര്‍‍ വരെ മാത്രമാണ് കേരളത്തില്‍ നിന്ന് അകലത്തിലാണ് ലക്ഷദ്വീപിലേക്കുള്ള ദൂരം. എന്നാല്‍ 365 മുതല്‍ 585 കി.മീറ്റര്‍ വരെയാണ് മംഗലാപുരത്തിനുള്ള ദൂരം. സാംസ്കാരികമായും കേരളത്തോട് അടുത്താണ് ലക്ഷദ്വീപ്. ജനങ്ങളുടെ ഭാഷയാകട്ടെ മലയാളവും. എന്തിനും ഏതിനും ലക്ഷദ്വീപ് നിവാസികള്‍ ആശ്രയിക്കുന്നതും കേരളത്തെ. എന്നാല്‍ അതൊന്നും പരിഗണിക്കാതെ ബേപ്പൂർ തുറമുഖവുമായുള്ള ബന്ധം വിഛേദിച്ച് മംഗലാപുരം വഴി ലക്ഷദ്വീപിലേക്കുള്ള എല്ലാ ചരക്കുഗതാഗതം മാറ്റുവാനുള്ള ഉത്തരവ് പ്രഫുല്‍ പട്ടേല്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. നിലവില്‍ കൊച്ചിയിലുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് അതോറട്ടി ഓഫീസ് പോലും മംഗലാപുരത്തേക്ക് മാറ്റുമോ എന്ന ഭയപ്പാടിലാണ് ദ്വീപു നിവാസികള്‍.[ഷെഡ്ഡുകള്‍ പൊളിക്കുന്ന വീഡിയോയുടെ ലിങ്ക്. (കടപ്പാട് മനോരമ): blob:https://players.brightcove.net/9f40ca23-6997-4c52-9554-3d3b34acd0c7

ആറുമാസത്തെ ഭരണപരിഷ്കാരങ്ങളില്‍ ലക്ഷദ്വീപ് ജനതക്കു മേല്‍ പ്രഫുല്‍ പട്ടേല്‍ നടത്തിയ ഏറ്റവും വലിയ ആഘാതം ലക്ഷദ്വീപിന് കോവിഡ് ഹംമ്പാക്കി മാറ്റി എന്നതാണ്. 2020ഡിസംബറില്‍ പ്രഫുല്‍ പട്ടേല്‍ ഭരണം ഏറ്റെടുക്കുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ ലക്ഷദ്വീപ് ഗ്രീന്‍ സോണായിരുന്നു. കോവിഡ് കേസുകൾ പൂജ്യം. അതായത് കോവിഡിന്‍റെ ആദ്യ തരംഗം ലക്ഷദ്വീപിനെ ബാധിച്ചില്ല എന്നര്‍ത്ഥം. എന്നാല്‍ ഇന്ന് രണ്ടാം തരംഗത്തില്‍ ലക്ഷദ്വീപില്‍ കോവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിച്ചു. ആകെ 22 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, പ്രതിദിന കേസുകൾ 300 കടന്നിരിക്കുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 60 ആയി ഉയര്‍ന്നു. അത്യാവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള രണ്ടേരണ്ട് ആശുപത്രികള്‍ മാത്രമേ ലക്ഷദ്വീപിലുള്ളു എന്നും കേരളത്തിന്‍റെ മൂന്നിരട്ടി ജനസാന്ദ്രതയുണ്ട് ലക്ഷദ്വീപിലെന്നുമുള്ള വസ്തുത അറിയുമ്പോഴാണ് ലക്ഷദ്വീപ് നേരിടുന്ന ഭീകരാവസ്ഥ മനസിലാവുക. ഒരു കോപ്ലികേറ്റഡ് പ്രസവ കേസിനു പോലും കൊച്ചിയിലോ കോഴിക്കോടോ എയര്‍ലിഫ്റ്റ് വഴി അഭയം തേടേണ്ടി വരുന്ന നാട്ടിലാണ് ഈ കോവിഡ് വ്യാപനം എന്നോര്‍ക്കണം.

പ്രഫുല്‍ പട്ടേലിനു മുമ്പ്‌ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന ദിനേശ്വര്‍ ശര്‍മ്മ എന്ന ഐഎഎസ്സുകാരന്‍ ദ്വീപിലെ ലോക്കല്‍ ഭരണ സംവിധാനങ്ങളുമായി ആലോചിച്ച് നടപ്പിലാക്കിയ ദ്വീപുകളിലെ കോവിഡ് പ്രോട്ടോക്കോളുകൾ അദ്ദേഹം ഒറ്റയടിക്ക് നിർത്തിവച്ചതാണ് ഈ കോവിഡ് വ്യാപനത്തിനു കാരണം. ദ്വീപിലേക്ക് പോകണ്ടവര്‍ കൊച്ചിയിലെ ലക്ഷദ്വീപ് അതോറട്ടി ഓഫീസിന്‍റെ കീഴില്‍ ഏഴ് ദിവസം ക്വോറന്‍റയിന്‍ ഇരുന്നതിനു ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ദ്വീപിലേക്ക് കടക്കാന്‍ അനുവാദം ലഭിച്ചിരുന്നൊള്ളൂ. അവര്‍ ദ്വീപില്‍ എത്തിയാല്‍ വീണ്ടും ഏഴ് ദിവസം നിര്‍ബ്ബന്ധമായും ഹോം ക്വോറന്‍റയിനില്‍ ഇരിക്കണമായിരുന്നു. ലക്ഷദ്വീപ്ന്‍റെ ഹൈക്കോടതി കൂടിയായ കേരള ഹൈക്കോടതിയില്‍ പോലും സമര്‍പ്പിച്ച് അംഗീകരിച്ച ഈ SOP(Standard Operation Procedure) ആരോടും ചോദിക്കാതെ ഒറ്റയടിക്കാണ് പ്രഫുല്‍ പട്ടേല്‍ മാറ്റിമറിച്ചത്. മെയിൻ‌ ലാന്റിൽ‌ നിന്നുള്ള ആളുകൾ‌ക്ക് ദ്വീപിലേക്ക് പ്രവേശിക്കുവാനുള്ള നിർബന്ധിത ചട്ടങ്ങള്‍ നീക്കം ചെയ്തു. പകരം ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് റിപ്പോർട്ടുകൾ‌ മാത്രമേ ഇപ്പോൾ‌ ദ്വീപില്‍ പ്രവേശിക്കാൻ‌ ആവശ്യമുള്ളൂ. അതിനാലാണ് ലക്ഷദ്വീപില്‍ കോവിഡ് രോഗികളുടെ എണ്ണം ഭയാനകമാം വണ്ണം കുത്തനെ ഉയര്‍ന്നതെന്ന് ദ്വീപുവാസികള്‍ ആരോപിക്കുന്നു. കടുത്ത നിയന്ത്രണങ്ങള്‍ ലക്ഷദ്വീപിന്‍റെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമാകുമെന്ന് പറഞ്ഞ് കോവിഡ് പ്രോട്ടോക്കോളില്‍ ഇളവുകള്‍ വരുത്തിയ പ്രഫുല്‍ പട്ടേല്‍ ഇന്ന് ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും കോവിഡിനെ നിയന്ത്രിക്കുവാന്‍ പാടുപെടുകയാണ്. സംഘിബുദ്ധി വരുത്തിവച്ച വിന…!!!.

കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാദ്വീപ് സമൂഹത്തിലെ അഡ്മിനിസ്ട്രേറ്ററായിരുന്നു കൊണ്ട് ചില ദ്വീപുകൾ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ടൂറിസം നിക്ഷേപത്തിനു തുറന്നുകൊടുത്ത പ്രഫുല്‍ പട്ടേല്‍ അതിന്‍റെ തനിയാവര്‍ത്തനത്തിനുള്ള കേളികൊട്ടാണോ ഈ ഭ്രാന്തൻ നടപടികളെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ലക്ഷദ്വീപില്‍ അദാനിയും അംമ്പാനിയും പോലുള്ള വമ്പൻ കുത്തകകളുടെ ടൂറിസം കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു മുന്നൊരുക്കങ്ങളാണ് പ്രഫുല്‍ പട്ടേല്‍ ഇപ്പോള്‍ നടത്തുന്നത്. അന്ന് അതിനെ ആരും ചോദ്യം ചെയ്യുവാന്‍ പാടില്ല… എതിര്‍ക്കുവാന്‍ പാടില്ല. അതിനുവേണ്ടി ആലോച്ചുറപ്പിച്ചു തന്നെയാണ് കേന്ദ്രം വിശ്വസ്തനായ പ്രഫുല്‍ ഖോഡ പട്ടേലിനെ ലക്ഷദ്വീപിലേക്ക് അയച്ചിരിക്കുന്നത്. അതിനായാണ് ഫാസിസ്റ്റുകളെ വെല്ലുന്ന കരിനിയമങ്ങള്‍ ലക്ഷദ്വീപ് ജനതയുടേമേല്‍ അദ്ദേഹം അടിച്ചേല്‍പ്പിക്കുന്നത്. ഭരണകൂടത്തിനും കേന്ദ്ര സർക്കാർ നയങ്ങൾക്കും എതിരെ പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വയ്ക്കുക എന്നതാണ് പ്രഫുല്‍ ഖോഡ പട്ടേലിന്‍റെ യഥാർത്ഥ ലക്ഷ്യമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

  •  
  •  
  •  
  •  
  •  
  •  
  •