ലതിക സുഭാഷ് ഏറ്റുമാനൂരില്‍ യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥി
മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് പുതിയ തീരുമാനമെന്ന് ലതികാ സുഭാഷ് വ്യക്തമാക്കി. കോൺഗ്രസിൽ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പോകില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.
ലതിക തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. മത്സരിച്ചാൽ കെട്ടിവെക്കാനുള്ള തുക കൊണ്ട് വന്നിട്ടുണ്ടെന്ന് പ്രവർത്തകർ അറിയിച്ചു. ലതിക മത്സരിക്കണം എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കളും ആവശ്യപ്പെട്ടു. ലതികയ്ക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാി ഒ.ഡി ലൂക്കോസ് ഒരു ലക്ഷം രൂപയും നൽകി. ഇതിന് പിന്നാലെയാണ് ലതിക സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് ഇന്നലെ മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചിരുന്നു. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാൽ അവർ ആരും ഫോൺ പോലും എടുത്തില്ല. സ്ത്രീകൾക്കുവേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂർ സീറ്റ് വിട്ടുകൊടുത്തതിൽ കോൺഗ്രസ് നേതാക്കൾക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു.