ഇന്ധനവില കുതിച്ചുയരുന്നതോടൊപ്പം പാചകവാതക വിലയും കൂട്ടി. ഒരാഴ്ചക്കുള്ളില്‍ വര്‍ദ്ധിച്ചത് 100രൂപ.
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതോടൊപ്പം പാചകവാതക വിലയും കൂട്ടി. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് ചൊവ്വാഴ്ച 50 രൂപ വർധിച്ചു. ഇതോടെ പാചക വാതകത്തിന് രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ ആറു മാസങ്ങളായി എല്‍പിജി സിലണ്ടറിനുള്ള സബ്‌സിഡി ലഭിക്കാത്തതും സാധാരണക്കാരെ വലയ്ക്കുകയാണ്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തന്‍റെ വില സിലണ്ടറൊന്നിന് 700 രൂപ കടന്നു.
ഇതോടൊപ്പം ഇന്ധനവിലയും ദിനം പ്രതി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും ആണ് വര്‍ദ്ധച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയിൽ ബാരലൊന്നിന് വെറും മൂന്നു ഡോളറിന്‍റെ വര്‍ദ്ധനവേ ഉണ്ടായിട്ടുള്ളു. ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്. 2008-ൽ ജൂലൈ 18ന് ക്രൂഡോയിൽ വില ബാരല്‍ ഒന്നിന് 147 ഡോളര്‍ ആയിരുന്നപ്പോള്‍ പ്പോലും ആഭ്യന്തര വിപണിയിൽ ഇന്ധനവില പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയും മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് ബാരലിന് 50 ഡോളര്‍ മാത്രമായിരിക്കെ ഇന്ധനവില ബെംഗളൂരുവില്‍ 86.51 രൂപയില്‍ എത്തിനില്‍ക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 85.86രൂപയും ഡീസലിന് 85.62 രൂപയുമാണ് ഇന്നത്തെ വില. ഇതോടൊപ്പമാണ് പാചകവാതകത്തിന്‍റെ വില ഒരാഴ്ചക്കുള്ളില്‍ 100 രൂപ കൂട്ടിയുള്ള ഈ ഇരുട്ടടി.

