സിഎം രവീന്ദ്രന്‍ വഴുതി മാറുന്നുവെന്ന് ഇഡിക്ക് സംശയം. തുടർ നടപടികൾക്ക് നീക്കം തുടങ്ങി…?

Print Friendly, PDF & Email

ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നുള്ള നോട്ടീസിനെ തുടർന്ന് മൂന്നാംവട്ടവും ആശുപത്രിയിൽ അഡ്മിറ്റായമുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കസ്റ്റഡിയിലെടുക്കുന്നത് ഉൾപ്പെടെ തുടർനടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം തുടങ്ങി. രവീന്ദ്രന്‍റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ഇന്നു ചേരുന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിനു ശേഷമായിരിക്കും ഇഡി അനന്തര നടപടികള്‍ ആരംഭിക്കുക. സ്വർണക്കടത്ത്, ബിനാമി- കള്ളപ്പണ ഇടപാടുകളിൽ 10-ാംതീയതി ചോദ്യം ചെയ്യലിന് എത്താണമെന്നുള്ള ഇഡിയുടെ നോട്ടീസിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് രവീന്ദ്രന്‍ അഡ്മിറ്റായിരിക്കുന്നത്. ഇത് മൂന്നാം വട്ടമാണ് ഇഡി രവീന്ദ്രന് നോട്ടീസയക്കുന്നത്. തലവേദനയും ശാരീരികക്ഷീണവുമുണ്ടെന്നു പറഞ്ഞ് 9-ാം തീയതി ബുധനാഴ്ച വൈകിട്ടാണ് രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായത്. ചോദ്യംചെയ്യലിന് രണ്ടാഴ്ചത്തെ സാവകാശം തേടി രവീന്ദ്രൻ ഇഡിക്ക് കത്തും നല്‍കി. കഴുത്തിലെ ഡിസ്‌കിന്റെ തേയ്‌മാനം കാരണം വേദനയുണ്ടെന്നും എഴുന്നേറ്റു നിൽക്കാനാവില്ലെന്നുമുള്ള മെഡിക്കൽ റിപ്പോര്‍ട്ടും ഇഡിക്ക് സമർപ്പിച്ചു

നവംബർ 6 ന് ആയിരുന്നു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നുള്ള ആദ്യ നോട്ടീസ് രവീന്ദ്രന് ഇഡി നല്‍കിയത്. തൊട്ടു തലേന്ന് കോവിഡ് ബാധിച്ചു എന്നപേരില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായി. രവീന്ദ്രന്‍റെ കോവിഡ് ബാധ വ്യാജ്യമാണെന്നുള്ള ആരോപണം ഉയര്‍ന്നു. കൊവിഡ് മുക്തനായി, ക്വാറന്റൈനും കഴിഞ്ഞപ്പോൾ നവംബര്‍ 26ന് ഹാജരാകണമെന്ന് കാണിച്ച് രണ്ടാം നോട്ടീസ് അയച്ചു. അതോടെ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് 25ന് തന്നെ രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ പ്രവേശിക്കപ്പെട്ടു. വടകരയിലെ രവീന്ദ്രന്‍റെ ബിനാമി സ്ഥാപനങ്ങളില്‍ റയ്ഡ് നടത്തിയതിനെ തുടര്‍ന്ന് 27ന് രവീന്ദ്രന്‍ പെട്ടന്നുതന്നെ ഡിസ്ചാര്‍ജായി പുറത്തിറങ്ങി. രവീന്ദ്രന്‍റെ കോവിഡ് ബാധ സര്‍ക്കാരിന്‍റെ ഒത്താശയോടെ നടക്കുന്ന നാടകമാണെന്നാണ് പ്രതിപക്ഷവും ബിജെപിയും ആരോപിക്കുന്നത്. എന്നാല്‍ വീന്ദ്രന് ഡിസ്‌ക് തകരാറു കാരണമുള്ള സ്പോണ്ടിലോസിസ് റാഡിക്കുലോപ്പതിയാണ് ഉള്ളതെന്നും ചികിത്സ കാലം ഡോക്ടര്‍മാരാണ് തീരുമാനിക്കുന്നതെന്നും നില മെച്ചപ്പെട്ടാൽ ഒരു സെക്കൻഡ് പോലും ആശുപത്രിയില്‍ കിടത്തില്ല എന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മ്മദ് പറയുന്നു.

ചോദ്യം ചെയ്യലിനു ഹാജരാകാതെ മൂന്നാംവട്ടവും രവീന്ദ്രന്‍ വഴുതി മാറിയതോടെ രവീന്ദ്രന്‍റെ രോഗത്തില്‍ ഇഡിക്കും സംശയം ഉടലെടുത്തിരിക്കുകയാണ്. നോട്ടീസ് നൽകുമ്പോഴെല്ലാം രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മിറ്റാകുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. നേരത്തേ, ആയുർവേദ ചികിത്സയിലായിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി നാലു ദിവസം തടഞ്ഞതോടെ അദ്ദേഹം പൊടുന്നനെ ‘സുഖംപ്രാപിച്ച്’ ഡിസ്ചാർജ് ആയത് ഇഡി ചൂണ്ടിക്കാട്ടുന്നു. ഇന്നു ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനം അറിയുവാന്‍ കാത്തിരിക്കുകയാണ് ഇഡി. രവീന്ദ്രന് ഗുരുതരമായ രോഗമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടെങ്കില്‍ ശ്രീചിത്രയിലേയോ സൈനിക ആശുപത്രിയിലെയോ ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് രോഗവിവരം കൈമാറാൻ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കും. ഗുരുതരരോഗമില്ലെന്നു വ്യക്തമായാൽ രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയും ഡോക്ടർമാർക്കെതിരെ ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുക്കുംചെയ്യും.

സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണമെത്തുന്നതിന് തടയിടാനുള്ള സർക്കാർ ശ്രമത്തിന്‍റെ ഭാഗമാണ് രവീന്ദ്രന്‍റെ തുടരെതുടരെയുള്ള ആശുപത്രി വാസം എന്ന ആക്ഷേപം ശക്തമാകുകയാണ്. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ എയിംസിൽ നിന്ന് വിദഗ്ദ്ധ സംഘത്തെ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു കഴിഞ്ഞു. കുറ്റാരോപിതർക്ക് ഒളിത്താവളമൊരുക്കുന്ന മെഡി.കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു. ഇതോടെ നടപടികളിലേക്ക് നീങ്ങുവാന്‍ ഇഡിയു‍ടെ മേല്‍ സമ്മര്‍ദ്ദം മുറുകുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •