കാരുണ്യത്തിന്‍റെ കൈത്താങ്ങുമായി ഐഐഎംഎസ് സങ്കൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ്

Print Friendly, PDF & Email

ബാംഗ്ലൂർ: കോവിഡ്-19 എന്ന മഹാവ്യാധിയെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ വീടിനു പുറത്തിറങ്ങാൻ
കഴിയാതെ ദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്കും, ഭക്ഷണത്തിനു ബുദ്ധിമുട്ടിയ പാവങ്ങൾക്കും ജോലിയില്ലാതായ മറുനാടൻ തൊഴിലാളികൾക്കും പല തവണ ധാന്യങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഐഐഎംഎസ് സങ്കൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന വിമുക്തഭടന്മാരുടെ സംഘടന രാജ്യത്തിനു മാതൃകയാകുന്നു. ലോക്ക്ഡൗണിന്‍റെ ഫലമായി വരുമാനമാർഗം നിലച്ചു ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്കു ഭക്ഷ്യവസ്തുക്കളും പച്ചക്കറിയും വീടുകളിൽ എത്തിച്ചുകൊടുക്കുകയാണ് ട്രസ്റ്റ് പ്രവർത്തകർ. ഈ ദുരിതകാലം തുടങ്ങിയപ്പോൾ മുതൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തുള്ള പല പ്രദേശങ്ങളിലെയും അർഹരായവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കുവാൻ ട്രസ്റ്റ് ശ്രദ്ധിച്ചിരുന്നു.

മാർച്ചുമാസത്തിൽ കോവിഡ്-19 തലപൊക്കിയപ്പോൾ തന്നെ പ്രശ്‌നത്തിന്‍റെ രൂക്ഷത തിരിച്ചറിഞ്ഞ ട്രസ്റ്റ് ഭാരവാഹികൾ വലിയ തോതിൽ മുൻകരുതൽ സ്വീകരിക്കാൻ തയ്യാറായി. ഇതേതുടർന്ന് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും സംഭരിച്ചു കിറ്റുകളാക്കി വിതരണം ചെയ്യാൻ തുടങ്ങി. മാർച്ച് 28,29,30,31 ഏപ്രിൽ 5,8,14 എന്നീ ദിവസങ്ങളിൽ സാഹചര്യത്തിന്‍റെ പ്രാധാന്യം പരിഗണിച്ചു സാധാരണയിൽ കൂടുതലായി ഭക്ഷ്യസാധനങ്ങൾ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ എത്തിച്ചു നൽകി. ഇതു വരെ 2170 കിറ്റുകളാണ് ആവശ്യക്കാരുടെ അടുക്കളകളിൽ ആശ്വാസത്തിന്‍റെ കിറ്റുകളായി എത്തിയത്. കിഴങ്ങ്, തക്കാളി, പാവയ്ക്ക, ബീൻസ്, പച്ചമുളക്, പയർ, വെണ്ടയ്ക്ക, തടിയൻകായ്, പടവലങ്ങ, ചുരയ്ക്ക, വഴുതനങ്ങ, കോവയ്ക്ക, പൊന്തൻകായ്, കാരറ്റ്, കറിവേപ്പില, വെള്ളരിക്ക, മത്തങ്ങ, ചേമ്പ്, ചേന എന്നിവയെല്ലാം അടങ്ങിയ പച്ചക്കറിക്കിറ്റുകളാണ് ഭക്ഷ്യധാന്യങ്ങളോടൊപ്പം നൽകിയത്. മാർച്ച് 28നു ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ജി. സോമന്‍റെ നേതൃത്വത്തിൽ സൂപ്പർവൈസർ രാജ്കുമാർ, ഷാനവാസ്, രാഹുൽ എന്നിവർ 500 പച്ചക്കറി കിറ്റുകൾ മൂന്നാംകുറ്റി വടക്ക്, മഞ്ഞാടിത്തറ പ്രദേശങ്ങളിലെ വീടുകളിൽ എത്തിച്ചു. മാർച്ച് 29നു ആലിന്‍റെമുക്ക് കിഴക്ക്, പടിഞ്ഞാറ് സ്ഥലങ്ങളിലെ വീടുകളിൽ കിറ്റുകൾ വിതരണം ചെയ്തു. മാർച്ച് 30നു മാത്യു വർഗീസ്, രാഹുൽ, രാജ്കുമാർ എന്നിവരടങ്ങിയ സംഘം മങ്കുഴി തെക്ക് ഭാഗത്തും കറ്റാനത്ത് ഉൾഗ്രാമങ്ങളിലും കിറ്റുകൾ നൽകിയത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസകരമായി. ഭക്ഷണക്ഷാമം ഉണ്ടായാൽ ഉപയോഗിക്കാൻ മുൻകരുതലായി ശേഖരിച്ചിരുന്ന ആഹാരവസ്തുക്കൾ കുറത്തികാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.സാബുവിന്‍റെ നിർദ്ദേശപ്രകാരം മാർച്ച് 31 നു ഐഐഎംഎസ് ട്രസ്റ്റ് ചെയർമാൻ ജി. സോമൻ, ട്രസ്റ്റികളായ രുദ്രാണി, ലീലാവതി, തമ്പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കുറത്തികാട് പൊലീസിനു കൈമാറി. എസ്‌ഐമാരായ ജാഫർഖാൻ, ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ ഇസ്‌ല, നൗഷാദ്, ഹോംഗാർഡ് രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകൾ പൊലീസ് വാഹനത്തിൽ ഉമ്പർനാട് സ്‌നേഹാലയ ക്യാമ്പിലെ മറുനാടൻ തൊഴിലാളികൾക്കു വിതരണം ചെയ്തു.

ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ ഈ ക്യാമ്പിൽ ഭക്ഷണവസ്തുക്കൾ എത്തിക്കാൻ ട്രസ്റ്റും പൊലീസും ഏറെ ശ്രദ്ധിച്ചിരുന്നു. ഏപ്രിൽ അഞ്ചിന് ട്രസ്റ്റ് ഓഫീസിൽ നിന്നു വീണ്ടും ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും ഉൾപ്പെടുന്ന കിറ്റുകൾ ശേഖരിച്ച് ഉമ്പർനാട് വില്ലേജിലെ വീടുകളിൽ എത്തിച്ചതു ഗ്രാമത്തിനു താങ്ങും തണലുമായി. കോവിഡ്-19 എന്ന മഹാവ്യാധിയെത്തുടർന്നു രാജ്യമെങ്ങും പൊടുന്നനെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടിനുള്ളിൽ അകപ്പെട്ട് ആഹാരത്തിനു വിഷമിച്ച പ്രദേശവാസികൾക്ക് ട്രസ്റ്റിന്‍റെ സമയോചിതമായ ഇടപെടലും കിറ്റുവിതരണവും അനുഗ്രഹമായി തീർന്നു. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നിലവിലുണ്ടായിരുന്നതിനാൽ പൊലീസിന്‍റെ സഹായത്തോടെയാണ് ട്രസ്റ്റ് ആഹാരസാധനങ്ങൾ ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചത്. നിയന്ത്രണത്തിന്‍റെ കടമ്പകൾ മറികടന്ന് ഇതു സാധ്യമാക്കിയത് കുറത്തികാട് പൊലീസ് ഹൗസ് ഓഫീസർ ബി. സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്‍റെ ഇടപെടലാണ്. ഭക്ഷ്യവിതരണത്തിനുള്ള വാഹനത്തിനു പ്രത്യേക അനുവാദം ലഭിക്കാൻ ട്രസ്റ്റ് ഭാരവാഹികൾ പൊലീസ്സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ വിതരണത്തി ഭാരിച്ച ചുമതല പൊലീസ് സന്തോഷപൂർവം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇത് ട്രസ്റ്റ് ഭാരവാഹികൾക്കും ഏറെ സഹായകമായി. കിറ്റിന് അർഹരായവർ താമസിക്കുന്ന മേഖലകളെക്കുറിച്ചും മറുനാടൻ തൊഴിലാളികൾ കഴിയുന്ന ഉമ്പർനാട്ക്യാ മ്പിനെപ്പറ്റിയും പൊലീസ് വ്യക്തമായ രൂപരേഖ നൽകി. ഇതേ തുടർന്ന് ട്രസ്റ്റിന്‍റെ ഓഫീസിൽ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അടങ്ങിയ കിറ്റുകൾ തയ്യാറായി.

കുറത്തികാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.സാബുവിന്‍റെ നിർദ്ദേശപ്രകാരം എസ്‌ഐമാരായ ജാഫർഖാൻ, ഉണ്ണിക്കൃഷ്ണൻ, സിപിഒമാരായ ഇസ്‌ല, നൗഷാദ്, ഹോം ഗാർഡ് രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘം ഇവിടെയെത്തി കിറ്റുകൾ ഏറ്റുവാങ്ങുകയും വിവിധ മേഖലകളിലെ വീടുകളിൽ വിതരണം നടത്തുകയും ചെയ്തു. ഭക്ഷ്യവിതരണത്തിന്‍റെ എല്ലാ ദിവസങ്ങളിലും പൊലീസിന്‍റെ സജീവസാന്നിധ്യം കൊണ്ടാണ് എല്ലായിടത്തും എത്തിച്ചേർന്ന് അർഹരായവർക്കു സഹായം നൽകാൻ കഴിഞ്ഞതെന്ന് ഐഐഎംഎസ് സങ്കൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജി. സോമൻ ചൂണ്ടിക്കാട്ടി. കോവിഡ്-19 ഉയർത്തിയ ഭീഷണമായ സാഹചര്യത്തിൽ സ്തുത്യർഹമായ സേവനം നടത്തി ജനങ്ങളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ ട്രസ്റ്റ് ഭാരവാഹികൾ അഭിനന്ദിച്ചു. ഇത്തരം സേവനങ്ങൾ മാനിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കാൻ ട്രസ്റ്റ്തയ്യാറെടുക്കുകയാണ്. ലോക്ക്ഡൗണിന്‍റെ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടായിരിക്കും ആദരവിനുള്ള ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഈ പ്രദേശത്ത് ഐഐഎംഎസ് ട്രസ്റ്റിsâ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാവുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഏപ്രിൽ എട്ടിനു തെക്കേമങ്കുഴിയിലെ മഹാത്മജി നാളികേര ഉൽപ്പാദക സംഘം ഭാരവാഹികൾ ട്രസ്റ്റ് ഓഫീസിൽ നിന്ന്  ഒരു ക്വിന്‍റൽ അരി സ്വീകരിച്ചു നിർദ്ധനരായ കുടുംബങ്ങൾക്കു വിതരണം ചെയ്തു. ഏപ്രിൽ 14നു വിഷുദിനത്തിൽ കുറത്തികാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സാബുവിന്‍റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ സ്റ്റേഷൻ പരിധിയിലെ അർഹരായവർക്കു വീണ്ടും നൽകാൻ കഴിഞ്ഞതു ജനത്തിനു വിഷുക്കണിയായി മാറി. കൂടാതെ അന്നു തന്നെ മഞ്ഞാടിത്തറ ഭാഗങ്ങളിലേക്കും മൂന്നാംകുറ്റി തെക്ക്, കട്ടച്ചിറ പ്രദേശങ്ങളിലും കിറ്റുകൾ എത്തിച്ചുകൊടുത്തു. ഐഐഎംഎസ്സങ്കൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഇത്തരത്തിലുള്ള ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇനിയുംതുടരുമെന്നു ട്രസ്റ്റ് ചെയർമാൻ ജി.സോമൻ പറഞ്ഞു. വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തിനുകൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമുക്തഭടന്മാരുടെ പ്രമുഖ കൂട്ടായ്മയായ ഐഐഎംഎസ് സങ്കൽപ്പ് ചാരിറ്റബിൾ ട്രസ്റ്റ് 2006 ഒക്‌ടോബർഎട്ടിന് അന്നത്തെ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ ഉദ്ഘാടനം ചെയ്തു. മേജർ ജനറൽ എ.എസ്. ചോപ്ര (റിട്ട.),ബ്രിഗേഡിയർ ആനന്ദക്കുട്ടൻ (റിട്ട). ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ ജി.സോമൻ, ട്രസ്റ്റ് ഡയറക്ടറുംട്രസ്റ്റിയുമായ കേണൽ കെ.സി. ജോർജ്, ലെഫ്.കേണൽ. ജോർജ് വൈദ്യൻ(റിട്ട.), അന്നത്തെ കേരള സിവിൽ സപ്ലൈസ്മന്ത്രി സി. ദിവാകരൻ, എം. മുരളി എംഎൽഎ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന്  ആരംഭിച്ച വിവിധ ജനക്ഷേമ പരിപാടികൾ കൂടുതലായി വളർന്നു പന്തലിച്ച് ഇന്നും തടസമില്ലാതെ തുടരുന്നു. ഭക്ഷ്യകിറ്റ് വിതരണം, പെൻഷൻ വിതരണം, മെഡിക്കൽ ക്യാമ്പ്, മരുന്നു വിതരണം, തൊഴിൽ പരിശീലനംതുടങ്ങി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണു സംഘടനയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്നത്.

യുദ്ധത്തിൽ വീരമൃത്യു വരിച്ചവരുടെയും വിമുക്തഭടന്മാരുടെയും വിധവകൾ, കഷ്ടതകൾ അനുഭവിക്കുന്ന മറ്റു വിധവകൾ, പ്രായമായ പുരുഷന്മാർ തുടങ്ങിയവർക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക പെൻഷനായി നൽകുന്നു. വർഷങ്ങളായി ഒട്ടനവധി അശരണരുടെ കൈകളിൽ ഈ പെൻഷൻ പദ്ധതിയിലൂടെ എത്തിച്ചേരുന്ന ധനസഹായത്തിന്‍റെ മൂല്യം  വിലമതിക്കാനാവാത്തതാണ്. മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച് പാവപ്പെട്ടവരുടെ ഉന്നമനത്തിനും പുനരധിവാസത്തിനും പലവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വിമുക്തഭടന്മാരുടെ ക്ഷേമമാണ് ട്രസ്റ്റിന്‍റെ മറ്റൊരു പ്രധാന ലക്ഷ്യം. അവരുടെ കുടുംബത്തിനും അവരെ ആശ്രയിച്ചു കഴിയുന്നവർക്കും ആവശ്യമായ സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നു. വീരമൃത്യു വരിച്ച ഭടന്മാരുടെ വിധവകൾക്കും കുടുംബത്തിനും അവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി ട്രസ്റ്റ്എന്നും മുൻപന്തിയിലുണ്ട്. സുനാമി ബാധിതപ്രദേശത്ത് വിമുക്തഭടന്മാരുടെ മഹിളാസംഘടന നടത്തുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിൽ തയ്യൽമെഷീനുകളുംഅവിടുത്തെ കുട്ടികൾക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു വരുന്നു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ചവരുടെ കുടുംബത്തിനു സഹായങ്ങൾ നൽകുന്നതാണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി.                                                                               വെട്ടിപ്പുറം മുരളി

  •  
  •  
  •  
  •  
  •  
  •  
  •