ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി

Print Friendly, PDF & Email

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്). ഇത് ആഗോള വളര്‍ച്ചാ നിരക്കും ഇടിയുന്നതിനു കാരണമാകുന്നുവെന്ന് ഐഎംഎഫ് പറയുന്നു. 6.1 ശതമാനമായിരുന്നു ഇന്ത്യയിലെ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. എന്നാല്‍ നിലവില്‍ അത് 4.8 ശതമാനത്തിലേക്ക് കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിതര ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ വരുമാന വളര്‍ച്ചയുടെ മുരടിപ്പും ഇതിന് കാരണമായതായി അവര്‍ വ്യക്തമാക്കി. പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പ്രക്രിയകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ഒരു ധനനയം കൊണ്ടുവരണമെന്നും ഐഎംഎഫ് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉപദേശ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ക്രമനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള വളര്‍ച്ച നിരക്കിനേയും ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുന്നു വെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 ആഗോള വളര്‍ച്ചാ നിരക്ക് 2.9 ശതമാനമായിരുന്നു. എന്നാല്‍ 2020-ല്‍ 3.3 ശതമാനത്തിലേക്കും 2021-ല്‍ 3.4 ശതമാനത്തിലേക്കും എത്തുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. എന്നാല്‍ 2019, 2020, വര്‍ഷങ്ങളില്‍ 01 ശതമാനവും 2021-ല്‍ 0.2 ശതമാനവും വളര്‍ച്ചാ നിരക്കില്‍ നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞതു കൊണ്ടാണെന്ന് ഗീതാ ഗോപിനാഥ് പറയുന്നു.