താല്‍ക്കാലിക ആശ്വാസം: കരുതല്‍ ധനത്തില്‍ നിന്ന് 1.76ലക്ഷം കോടി രൂപ സര്‍ക്കാരിന്

Print Friendly, PDF & Email

കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം. യുദ്ധം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ സർക്കാരിന് നൽകുവാന്‍ ആര്‍ബിഐ തീരുമാനിച്ചു. ഇതോടെ വരുന്ന മാര്‍ച്ച് മാസത്തിനകം റിസര്‍വ് ബാങ്കിൽ നിന്ന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക കേന്ദ്ര സര്‍ക്കാരിന് അധികമായി കിട്ടും.

രണ്ട് വര്‍ഷമായി സര്‍ക്കാരും ആര്‍ബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തര്‍ക്കമായിരുന്നു നിലനിന്നിരുന്നത്. മുന്‍ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ ഇക്കാര്യത്തില്‍ കടുത്ത അഭിപ്രായ വ്യത്യാസം  ഉണ്ടായിരുന്നു. ഊര്‍ജിത് പാട്ടേലിന്‍റെ രാജിയിലേക്ക് വരെ നയിച്ചതും ഈ അഭിപ്രായ വ്യത്യാസമായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുവാനായി സാമ്പത്തിക വിദഗ്ധനായ ബിമൽ ജലാൻ സമിതിയെ നിയമിച്ചു. സമിതി നല്‍കിയ നിര്‍ദ്ദേശ പ്രകാരം ആര്‍ബിഐ സെൻട്രൽ ബോര്‍ഡ് തുക കൈമാറാൻ തീരുമാനം എടുക്കുകയായിരുന്നു. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം. കരുതൽ ധനശേഖരത്തിൽ നിന്ന് കൂടുതല്‍ തുകയെടുത്ത് ധനക്കമ്മി കുറക്കാം എന്നാണ് ധനകാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •