അന്ത്യശാസനം നല്‍കി ഗവര്‍ണ്ണര്‍. തള്ളി കോണ്‍ഗ്രസ്
ഇന്ന് ഉച്ചക്ക് 1.30ന് മുന്പ് വിശ്വസപ്രമേയത്തില്‍ വോട്ടെടുപ്പ് നടത്തണമെന്ന് അന്ത്യശാസനം നല്‍കി ഗവര്‍ണ്ണര്‍ സജീവമായി കളത്തിലിറങ്ങിയതോടെ കര്‍ണ്ണാടകത്തില്‍ അരങ്ങേറികൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകം ക്ലൈമാക്സിലെത്തി. എന്നാല്‍ സഭയിലെ വിശ്വാസവോട്ടെടുപ്പില്‍ ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ യാതൊരു പങ്കും ഇല്ല എന്നും അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറുടെ മാത്രം അവകാശമാണെന്നും ചൂണ്ടികാട്ടി വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ നീക്കം.
വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും അതിനാല്‍ നാളെ ഉച്ചക്ക് 1.30 ന് മുമ്പ് വിശ്വാസം തെളിയിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ വാജുഭായ് വാല മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തയച്ചത്.
വിശ്വാസ പ്രമേയത്തില്‍ നിയമസഭയില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. എപ്പോള്‍ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. വിശ്വാസ പ്രമേയത്തിലുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈ സമയത്ത് വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള ഉപദേശം ഗവര്‍ണര്‍ നല്‍കേണ്ടതില്ല. വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്പീക്കര്‍ക്കും നിയമസഭയ്ക്കും മാത്രമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. അതിനാല്‍ ഗവര്‍ണ്ണറുടെ നടപടി അധികാര ദുര്‍വിനിയോഗമാണ് എന്ന നിയമോപദേശമാണ് കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. ഗവര്‍ണര്‍ക്ക് ഈ ഘട്ടത്തില്‍ ഇടപെടാനുള്ള യാതൊരു അധികാരവും ഇല്ലെന്നാണ് നിയമവിഗദഗ്‍ധരും പറയുന്നത്.
ഇതിനിടയില്‍ എം.എൽ.എ.മാർക്കു വിപ്പുനൽകുന്നതുസംബന്ധിച്ച അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. സഭയില്‍ പങ്കെടുക്കണമെന്ന് വിമതരെ നിര്‍ബ്ബന്ധിക്കുവാന്‍ പാടില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍, സഭയില്‍ ഹാജരായി വോട്ട് ചെയ്യണമെന്ന വിപ്പ് അംഗങ്ങള്‍ക്കു നല്‍കുന്നത് പാര്‍ട്ടിയുടെ ചീഫ് വിപ്പാണ്. ഇക്കാര്യത്തിലെ അവ്യക്തത സുപ്രീംകോടതി മാറ്റണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. വിശ്വാസവോട്ടെടുപ്പു നടത്താൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.യും സുപ്രീംകോടതിയെ സമീപിക്കും.