കർണാടക രാഷ്ട്രീയ പ്രതിസന്ധി: നിര്‍ണ്ണായക നീക്കങ്ങള്‍ ഇന്ന്

Print Friendly, PDF & Email

കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്കർ വിമത എംഎല്‍എ മാരുടെ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പ് പരിഹാര ഫോർമുല ഉണ്ടാക്കാനായി ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിർണായക യോഗം ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടിൽ വച്ചാണ് യോഗം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും. വിമതരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ, നിലവിലെ മന്ത്രിമാരിൽ ചിലരോട് കോൺഗ്രസ് രാജി ആവശ്യപ്പെടുമെന്ന് അഭ്യൂഹവുമുണ്ട്.

രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബി സി പാട്ടീൽ എന്നിവർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും എച്ച് ഡി ദേവഗൗഡയും കോൺഗ്രസ് നേതാക്കളുമായി ഇന്നലെ അർധരാത്രി വരെ ചർച്ച നടത്തിയിരുന്നു. വിമതരുടെ ആവശ്യങ്ങൾ പരഗണിക്കാൻ തയ്യാറെന്ന് കുമാരസ്വാമി കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന.

രാജി പിൻവലിക്കില്ലെന്നും നാളെ നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും രാമലിംഗറെഡി അടക്കം സിദ്ധാരാമയ്യയെ പിന്തുണക്കുന്ന എംഎല്‍എ മാരെ പിന്തിരിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതിനിടയില്‍ സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും മന്ത്രിപദത്തില്‍ നിന്ന് രാജിവച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതും  ശിവാജി നഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗ് അടക്കമുള്ള ചില എംഎല്‍എ മാര്‍ പുതുതായി ഉയര്‍ത്തിയ രാജി ഭീഷണിയും കോണ്‍ഗ്രസ് കേന്ദ്രങ്ങളെ മ്ലാനമാക്കിയിരിക്കുകയാണ്.